National
ഡല്‍ഹി മദ്യനയ അഴിമതി: ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും
കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി സി ബി ഐ ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും
ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ ഇന്ന് ചോദ്യം ചെയ്യും. ഡല്‍ഹി സി ബി ഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ നടക്കുക. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ചോദ്യം ചെയ്യല്‍ വേളയില്‍ ആം ആദ്മി പാര്‍ട്ടി സി ബി ഐ ഓഫീസിനു മുമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. എം എല്‍ എമാര്‍ അടക്കമുള്ള ജനപ്രതിനിധികളാണ് മാര്‍ച്ച് നടത്തുക.
ഇത് രണ്ടാം തവണയാണ് സിസോദിയയെ സി ബി ഐ ചോദ്യം ചെയ്യുന്നത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ കേസുമായി ബന്ധമുള്ള ഒന്നും കണ്ടെത്താന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിരുന്നില്ല. അഴിമതിക്കേസില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐ ആറിലെ ഒന്നാം പ്രതിയാണ് സിസോദിയ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 477 എ, അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ ഏഴ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
സിസോദിയയുടെ വീട്ടിലും ഓഫീസിലും സി ബി ഐ മണിക്കൂറുകള്‍ നീണ്ട പരിശോധനയും നടത്തിയിരുന്നു. നിലവില്‍ ഏഴ് പേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
‘സമയം വേണം’
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം വേണമെന്ന് മനീഷ് സിസോദിയ ആവശ്യപ്പെട്ടു.