Connect with us

National

കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രിക്ക് വിഐപി പരിഗണന; സഹ തടവുകാരന്‍ കാല്‍ തിരുമ്മുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലിനുള്ളില്‍ തല മസാജ്, കാല്‍ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി |  കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) തിഹാര്‍ ജയിലില്‍ വിഐപി പരിഗണനയെന്ന ആരോപണം ശരിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സഹ തടവുകാരന്‍ മന്ത്രിയുടെ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സത്യേന്ദര്‍ ജെയിന് തടവറയില്‍ വിഐപി പരിഗണനയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് സിസിടിവി വീഡിയോ പുറത്ത് വന്നത്.

സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പുറത്ത് വന്നത് പഴയ വീഡിയോ ആണെന്നും തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ പറയുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലിനുള്ളില്‍ തല മസാജ്, കാല്‍ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. സത്യേന്ദര്‍ ജെയിന്റെ തിഹാര്‍ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.