National
ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: സാഹില്‍ നിക്കിയെ വിവാഹം കഴിച്ചിരുന്നെന്ന് പൊലീസ്
ഫെബ്രുവരി 10നാണ് സാഹില്‍ ഗെഹ്ലോട്ട് പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയത്.
ന്യൂഡല്‍ഹി| ലിവിംഗ് പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്. 2020ല്‍ ഗ്രേറ്റര്‍ നോയിഡയിലെ ആര്യസമാജ് ക്ഷേത്രത്തില്‍ വെച്ച് പ്രതി സാഹില്‍ ഗെഹ്ലോട്ട് കൊല്ലപ്പെട്ട നിക്കി യാദവിനെ വിവാഹം കഴിച്ച വിവരമാണ് പുറത്ത് വന്നത്. കൊലപാതകക്കേസില്‍ റിമാന്‍ഡിലുള്ള സാഹിലിന്റെയും നിക്കിയുടെയും വിവാഹവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ഫെബ്രുവരി 10 നാണ് സാഹില്‍ ഗെഹ്ലോട്ട് (24) പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.
അതേസമയം നിക്കിയെ സാഹില്‍ വിവാഹം കഴിച്ച കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സാഹിലിന്റെ കുടുംബം ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സാഹിലിന്റെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിന് സാഹിലിന്റെ പിതാവ് വീരേന്ദര്‍ സിങ്ങിനെയും രണ്ട് സഹോദരന്മാരെയും രണ്ട് സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഐപിസി 120 ബി (ക്രിമിനല്‍ ഗൂഢാലോചന) പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ ഒരു യുവതിയെ ലിവ് ഇന്‍ പാര്‍ട്ണര്‍ കൊലപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ശ്രദ്ധ വാക്കറിനെ അവളുടെ പാര്‍ട്ണര്‍ ആഫ്താബ് പൂനവല്ല കൊലപ്പെടുത്തിയത്.