National
നുഴഞ്ഞു കയറിയ കൂടുതല്‍ ഭീകരരെ പിടികൂടാനൊരുങ്ങി ഡല്‍ഹി പോലീസ്; രേഖാ ചിത്രം തയ്യാറാക്കും
പൊതുജനങ്ങളുടെ സഹായത്തോടെ ഭീകരരെ പിടികൂടാനാണ് പോലീസ് പദ്ധതി.
ന്യൂഡല്‍ഹി | രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് ഭീകരരെ പിടികൂടാന്‍ ഡല്‍ഹി പോലീസ് പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി ഭീകരരുടെ രേഖാചിത്രം തയ്യാറാക്കാനൊരുങ്ങുകയാണ് ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ ഇന്നലെ പിടിയിലായ ഭീകരരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കുന്ന രേഖാചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിക്കും. പൊതുജനങ്ങളുടെ സഹായത്തോടെ ഭീകരരെ പിടികൂടാനാണ് പോലീസ് പദ്ധതി.
ബംഗ്ലാ ഭാഷ സംസാരിക്കുന്ന 15 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതായാണ്ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ പിടിയിലായ എട്ടുപേരില്‍ രണ്ട് പേര്‍ക്ക് പാക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ് പറയുന്നു. ഇവര്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമില്‍ നിന്ന് ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയവരാണ്.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ആഘോഷ ചടങ്ങുകള്‍ക്കിടെ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് അറിയിച്ചിരുന്നു. ഡല്‍ഹി, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എട്ട് ഭീകരരെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ ലക്ഷ്യമിട്ടത് മുംബൈ സ്‌ഫോടനത്തിന് സമാനമായ സ്ഫോടനമാ.യിരുന്നുവെന്നും പോലീസ് പറയുന്നു.