Connect with us

rahul gandhi

ഡല്‍ഹി പോലീസ് സംഘം രാഹുലിനെ കണ്ടു; വസതിയില്‍ നിന്ന് പോയി

പോലീസ് സംഘം പോയതിന് പിന്നാലെ രാഹുല്‍ ഗാന്ധി കാര്‍ ഓടിച്ച് പുറത്തേക്ക് പോയി.

Published

|

Last Updated

ന്യൂഡല്‍ഹി | ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയെത്തിയ ഡല്‍ഹി പോലീസ് സംഘം കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ തുഗ്ലക് ലേനിലെ വസതിയില്‍ നിന്ന് പോയി. സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരു മണിക്കൂറിലേറെ വസതിയില്‍ കാത്തുനിന്ന് രാഹുലിനെ കണ്ടതിന് ശേഷമാണ് മടങ്ങിയത്. പോലീസ് സംഘം പോയതിന് പിന്നാലെ രാഹുല്‍ ഗാന്ധി കാര്‍ ഓടിച്ച് പുറത്തേക്ക് പോയി.

ദൈര്‍ഘ്യമേറിയ ഭാരത് ജോഡോ യാത്രയിലെ പല കാര്യങ്ങളും തനിക്ക് ഇപ്പോള്‍ ഓര്‍മയില്ലെന്ന് രാഹുല്‍ ഗാന്ധി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പോലീസ് മറ്റൊരു നോട്ടീസ് നല്‍കി മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് അറിയിച്ചു. ഇതിനായി കൃത്യമായ സമയപരിധി പോലീസ് നിശ്ചയിച്ചിട്ടില്ല. അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രമാത്രം ആശങ്കാകുലനാണെന്ന് കാണിക്കുന്നതാണ് ഈ ലജ്ജാകരമായ പ്രവൃത്തിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ലൈംഗികാതിക്രമത്തിന് ഇരയായവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് രാഹുലിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വസതിയില്‍ പോലീസെത്തിയത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നോട്ടീസെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ഭാരത് ജോഡോ യാത്രക്കിടെ കണ്ടതായി രാഹുല്‍ വെളിപ്പെടുത്തിയിരുന്നു. ഈ പെണ്‍കുട്ടിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടാണ് പോലീസ് നോട്ടീസ് നല്‍കിയത്.

ജനുവരിയില്‍ കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിലാണ് ലൈംഗികാതിക്രമത്തിന് ഇരയായവരെക്കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുകയും ചെയ്തു.