Ongoing News
ഡല്‍ഹി മുന്നില്‍ വച്ചത് ചെറിയ സ്‌കോര്‍; അഞ്ച് റണ്‍സകലെ വീണ് ഗുജറാത്ത്
ഡല്‍ഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന, ഗുജറാത്ത് ടൈറ്റന്‍സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

അഹമ്മദാബാദ് | വെറും 131 റണ്‍സേ ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍, ഡല്‍ഹിയുടെ ശക്തമായ പന്തേറില്‍ അഞ്ച് റണ്‍സകലെ കീഴടങ്ങാനായിരുന്നു അവരുടെ വിധി. ഐ പി എലിലെ ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന, നിലവിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (53 പന്തില്‍ 59) അര്‍ധ ശതകം നേടിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ താരത്തിന്റെ സ്‌കോറിങ് മന്ദഗതിയിലായത് ടീമിന് തിരിച്ചടിയായി. അഭിനവ് മനോഹര്‍ (33 പന്തില്‍ 26) റണ്‍സ് നേടി. 19ാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്സര്‍ ഉള്‍പ്പെടെ 20 റണ്‍സ് സ്വന്തമാക്കിയ രാഹുല്‍ തെവാട്ടിയ(ഏഴ് പന്തില്‍ 20) യുടെ വെടിക്കെട്ട് ബാറ്റിങ് മത്സരത്തെ ആവേശകരമാക്കി. ഇശാന്തിന്റെ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ലക്ഷ്യം. എന്നാല്‍, ആറ് റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. തെവാട്ടിയയുടെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
നേരത്തെ, ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സെടുത്തത്. മഴയില്‍ കുതിര്‍ന്ന അഹമ്മദാബാദിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നടത്തിയ മാരക ബോളിങില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹിയെ അര്‍ധ ശതകം നേടിയ അമന്‍ ഹകീം ഖാന്റെ പ്രകടനമാണ് 130ലെങ്കിലും എത്തിച്ചത്. 44 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറും ഉള്‍പ്പെടെ താരം 51 റണ്‍സെടുത്തു.
അക്ഷര്‍ പട്ടേല്‍ 30 പന്തില്‍ 27ഉം റിപല്‍ പട്ടേല്‍ 13 പന്തില്‍ 23ഉം റണ്‍സെടുത്തു. ഫില്‍ സാള്‍ട്ട് (പൂജ്യം), ഡേവിഡ് വാര്‍ണര്‍ (രണ്ട്), റിലീ റൂസ്സോ (എട്ട്), മനീഷ് പാണ്ഡെ (ഒന്ന്), പ്രിയം ഗാര്‍ഗ് (പത്ത്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ 4.6 ഓവറില്‍ അഞ്ചിന് 23 റണ്‍സെന്ന നിലയിലെത്തിയിരുന്നു ഡല്‍ഹി.
ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയപ്പോള്‍ മോഹിത് ശര്‍മക്ക് രണ്ട് വിക്കറ്റെടുത്തു.