Connect with us

National

ഡല്‍ഹി ഫലം; ഇന്‍ഡ്യാ സഖ്യം കണ്ണ് തുറക്കുമെന്നു പ്രതീക്ഷ

ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ്

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി തെരഞ്ഞെടുപ് ഫലം ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഭാവിയില്‍ നിര്‍ണായകമാവും. ബി ജെ പിയെ നേരിടുന്നതിന് മതേതര പാര്‍ട്ടികളുടെ ഐക്യമെന്ന സ്ഥാപിത ലക്ഷ്യത്തിലേക്ക് തിരിച്ചുപോകാന്‍ മതേതര പാര്‍ട്ടികളുടെ കണ്ണു തുറപ്പിക്കുന്നതാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി ജെ പിക്കെതിരായി മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചതില്‍ ആപ്പും കോണ്‍ഗ്രസ്സും ഒരുപോലെ വിമര്‍ശിക്കപ്പെടുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ കുതിപ്പിനു തടയിടാന്‍ കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പിനു ശേഷം യോഗം ചേര്‍ന്ന് ഭാവി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ ‘ഇന്‍ഡ്യ’ മുന്നണിക്കു വീഴ്ച സംഭവിച്ചു എന്നാണു വിലയിരുത്തപ്പെടുന്നത്. ഹരിയാന, മഹാരാഷ്ട്ര പരാജയങ്ങള്‍ക്ക് ശേഷം ഡല്‍ഹി ഭരണവും കൈവിട്ടത് മുന്നണിക്കുള്ളില്‍ സുപ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

ഡല്‍ഹിയില്‍ ‘ഇന്‍ഡ്യ’ സഖ്യം ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. ഇന്‍ഡ്യാ സഖ്യത്തിലെ തമ്മിലടി അവസാനിപ്പിക്കാനാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ സീറ്റ് ചര്‍ച്ചയില്‍ 15 സീറ്റാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. 70ല്‍ 15 സീറ്റ് കോണ്‍ഗ്രസിന് നല്‍കി, ബാക്കി 55 സീറ്റില്‍ മത്സരിക്കാന്‍ ആം ആദ്മി തയ്യാറായില്ല എന്നുമാത്രമല്ല, 15 സീറ്റ് ആവശ്യപ്പെട്ട കോണ്‍ഗ്രസ്സിനെ പരിഹസിച്ചു തള്ളുകയും ചെയ്തു. 15 വര്‍ഷം ഡല്‍ഹി ഭരിച്ച ഒരു പാര്‍ട്ടിയെയാണ് ഇങ്ങനെ നോവിച്ചുവിട്ടത്. കോണ്‍ഗ്രസ്സുമായി ചര്‍ച്ചയ്ക്ക് പോലും ഇടയില്ലാത്ത തരത്തില്‍ വഴിയടച്ചത് അരവിന്ദ് കെജ്രിവാള്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സാധ്യത ഭാവിയില്‍ തിരിച്ചറിയുമെന്നാണ് കരുതുന്നത്.

ഈ വര്‍ഷം അവസാനം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷികള്‍ ബി ജെ പിക്കെതിരായി പരസ്പരം വിട്ടുവീഴ്ചക്കു തയ്യാറായി മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് മതേതര സമൂഹം. തൊഴിലില്ലായ്മ ,വിലക്കയറ്റം തുടങ്ങിയ പ്രശനങ്ങള്‍ രാജ്യത്ത് രൂക്ഷമാവുമ്പോഴും മോദി ഭരണത്തെ തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുകയാണ്. മതേതര കക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ബി ജെ പിക്കെതിരായ പോര്‍മുന ദുര്‍ബലമാവുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് സമ്മേളനങ്ങളിലും മാത്രമായി ചുരുക്കാതെ , തെറ്റ് തിരുത്തി ഇന്‍ഡ്യ സഖ്യം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സമാജ് വാദി, ഡി എം കെ, ശിവസേന , എന്‍ സി പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഇടതു പാര്‍ട്ടികളും ആവശ്യപ്പെടുന്നു.

Latest