National
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഇന്ന് ജയില്‍ മോചിതനാകും
ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് വരെ ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി|ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ഒരാഴ്ചത്തേക്ക് ജാമ്യം ലഭിച്ച ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഇന്ന് ജയില്‍മോചിതനാകും. കര്‍കദൂമ വിചാരണകോടതിയാണ് ഉമറിന് ജാമ്യം അനുവദിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡിസംബര്‍ 28 മുതല്‍ ജനുവരി മൂന്ന് വരെ ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്. 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഉപാധികളോടെ ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു. നാല് വര്‍ഷവും മൂന്ന് മാസവും നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് ഉമറിന് ജാമ്യം ലഭിക്കുന്നത്.
ജയിലിനു പുറത്തുള്ളപ്പോള്‍ സാക്ഷികളെ സ്വാധീനിക്കരുത് എന്നാണ് ജാമ്യത്തിനുള്ള ആദ്യ വ്യവസ്ഥ. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കരുത്, ബന്ധുക്കളോടും സുഹൃത്തുക്കളോടും മാത്രമേ ഇടപഴകാവൂ, ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേദിയില്‍ പോകുന്നത് ഒഴികെയുള്ള സമയം സ്വന്തം വസതിയ്ക്കുള്ളിലാണ് കഴിയേണ്ടത് എന്നിങ്ങനെ പോകുന്നു നിയന്ത്രണങ്ങള്‍.
2020 സെപ്തംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. നിരവധി തവണ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യു എ പി എ ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരുന്നത്.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും, കലാപം നടക്കുന്നതിന് ഒരു മാസം മുമ്പ് ഇവര്‍ ഷഹീന്‍ ബാഗിലെ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച’ യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പോലീസ് ആരോപണം.