Connect with us

National

ഡല്‍ഹി രോഹിണി കോടതി വെടിവെപ്പ് കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

കനത്ത സുരക്ഷയാണ് വെടിവെപ്പ് ഉണ്ടായ രോഹിണി കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് ഡല്‍ഹിയിലെ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹി രോഹിണി കോടതി വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഉമങ്ക്, വിനയ് എന്നിവരാണ് അറസ്റ്റിലായത്. ജിതേന്ദ്ര ഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് ഇരുവരും സഹായം നല്‍കിയെന്നാണ് കണ്ടെത്തല്‍. രോഹിണി കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇരുവരുടെയും പങ്കാളിത്തം വ്യക്തമായത്. അക്രമികളെ കോടതിയില്‍ ഇറക്കാന്‍ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അതിനിടെ, രോഹിണി കോടതിയില്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഒരു വര്‍ഷം മുന്‍പ് ഡല്‍ഹി ഹൈക്കോടതി ഭരണ വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നതായി റിപ്പോര്‍ട്ട്. ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഭരണ വിഭാഗം ഇക്കാര്യം ഉന്നയിച്ചത്. അടിയന്തരമായി പൊലീസ് വിന്യാസം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ സി സി ടി വി കള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും ഭരണവിഭാഗം ജുഡീഷ്യല്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അഭിഭാഷകനായ കുന്‍വാര്‍ ഗംഗേഷ് 2019 ല്‍ നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞവര്‍ഷം ഭരണവിഭാഗം സത്യവാങ്മൂലം നല്‍കിയത്. കോടതികളില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ ഹര്‍ജി. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി ഇതുവരെ തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.

കനത്ത സുരക്ഷയാണ് വെടിവെപ്പ് ഉണ്ടായ രോഹിണി കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് ഡല്‍ഹിയിലെ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. രോഹിണിയിലെ വെടിവെപ്പിന് പിന്നാലെ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഗുണ്ടാസംഘങ്ങളില്‍പെട്ടവര്‍ തടവില്‍ ഉള്ള തീഹാര്‍, രോഹിണി ഉള്‍പ്പെടെയുള്ള ജയിലുകളില്‍ ജാഗ്രത വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിനിടെ കോടതികളിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജികളുമായി അഭിഭാഷര്‍ സുപ്രീംകോടതിയേയും ഹൈക്കോടതിയേയും സമീപിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര ഇടപെടലിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.