National
ഡൽഹി സേവന ബിൽ നാളെ രാജ്യസഭയിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസും എഎപിയും
മൂന്ന് വരി വിപ്പാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും നൽകിയത്.
ന്യൂഡൽഹി | ഡൽഹി സേവന ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്ന തിങ്കളാഴ്ച സഭയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് കോൺഗ്രസും ആം ആദ്മി പാർട്ടിയും എംപിമാർക്ക് വിപ്പ് നൽകി. കോൺഗ്രസ് എംപിമാർക്ക് മൂന്ന് വരി വിപ്പാണ് നൽകിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഡൽഹിയിൽ അധികാരത്തിലുള്ള ആം ആദ്മി പാർട്ടി തങ്ങളുടെ എംപിമാർക്ക് ആഗസ്റ്റ് 7, 8 തീയതികളിൽ രാജ്യസഭയിൽ ഹാജരാകാൻ മൂന്ന് വരി വിപ്പ് നൽകിയിട്ടുണ്ട്. ഇത് ഏറ്റവും പ്രധാനമായി കണക്കാക്കുന്നുവെന്ന് വിപ്പിൽ പറയുന്നു. എഎപി ചീഫ് വിപ്പ് സുശീൽ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്.
തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ ഫ്ലോർ ലീഡർമാർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാർലമെന്റിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ യോഗം ചേരും.
ഡൽഹി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനങ്ങളും സംബന്ധിച്ച ഓർഡിനൻസിന് പകരമുള്ള ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (ഭേദഗതി) ബിൽ, 2023 പ്രതിപക്ഷ പാർട്ടികളുടെ ഇറങ്ങിപ്പോക്കിനിടയിൽ വ്യാഴാഴ്‌ച ലോക്‌സഭ പാസാക്കിയിരുന്നു. ബിൽ തിങ്കളാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
പാർട്ടിയുടെ നിലപാടനുസരിച്ച് ഹാജരാകാനും വോട്ട് ചെയ്യാനുമുള്ള കർശന നിർദ്ദേശമാണ് മൂന്ന് വരി വിപ്പ്. ഇത് ലംഘിക്കുന്നത് സാധാരണയായി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഗുരുതരമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വിപ്പ് നൽകപ്പെട്ട അംഗത്തിന് സഭയിൽ ഹാജരാകാതിരിക്കാൻ അനുമതി നൽകുകയുള്ളൂ.