National
പുകമഞ്ഞിൽ മൂടി ഡൽഹി; വായു ഗുണനിലവാര സൂചിക അപകടകരമാം വിധം ഉയരുന്നു
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഡൽഹിയിലെ ഷഹ്ദരയിൽ ഏറ്റവും ഉയർന്ന വായു ഗുണനിലവാര സൂചികയായ 843 രേഖപ്പെടുത്തി.
ന്യൂഡൽഹി | അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ വായു ഗുണനിലവാര സൂചിക അപകടകരമായ സ്ഥിതിയിലേക്ക് ഉയർന്നു. ഡൽഹിയിലും കേന്ദ്ര തലസ്ഥാന പ്രദേശത്തും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. മലിനീകരണത്തോടൊപ്പം മൂടൽമഞ്ഞ്കൂടി എത്തിയത് ഡൽഹിയിൽ താമസിക്കുന്നവർക്ക് ഇരട്ടി പ്രഹരമായി.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കനുസരിച്ച്, വ്യാഴാഴ്ച ഡൽഹിയിലെ ഷഹ്ദരയിൽ ഏറ്റവും ഉയർന്ന വായു ഗുണനിലവാര സൂചികയായ 843 രേഖപ്പെടുത്തി. രാജ്യതലസ്ഥാനമായ ഡൽഹിയിൽ വ്യാഴാഴ്ച രാവിലെ 6 മണിക്ക് ശരാശരി 408 AQI രേഖപ്പെടുത്തി. ഡൽഹിയിലെ 24 മേഖലകളിൽ എ.ക്യു.ഐ കടുത്ത വിഭാഗത്തിൽ എത്തിയിട്ടുണ്ട്. ഇവിടെ ആനന്ദ് വിഹാറിന്റെ അവസ്ഥ ഏറ്റവും മോശമാണ്, ഇവിടെ AQI 449 ആണ് എ ക്യു ഐ.
ബവാനയിൽ 447 ഉം ജഹാംഗീർ പുരിയിൽ 455 ഉം രേഖപ്പെടുത്തി. നോയിഡയിലെ ശരാശരി വായു ഗുണനിലവാര സൂചിക 469 ആണ്. നോയിഡയിലെ സെക്ടർ 62ൽ എക്യുഐ 408ൽ എത്തിയിട്ടുണ്ട്.
ഡൽഹി ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകൾ എത്ര ശ്രമിച്ചിട്ടും അവകാശവാദമുന്നയിച്ചിട്ടും ജനങ്ങൾക്ക് മലിനീകരണത്തിൽ നിന്ന് മോചനം ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. ജി ആർ എ പി മൂന്ന് ഘട്ട നിയന്ത്രണം നടപ്പിലാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഉൾപ്പെടെയുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെങ്കിലും സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.