National
ഡല്‍ഹി സത്യപ്രതിജ്ഞ വ്യാഴാഴ്ച; മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല
തിരക്കിട്ട ചര്‍ച്ചയുമായി ബി ജെ പി നേതൃത്വം

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞടുപ്പില്‍ ആം ആദ്മി സര്‍ക്കാറിനെ താഴെയിറക്കി 70ല്‍ 48 സീറ്റ് നേടിയ ബി ജെ പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ വ്യാഴായ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാല്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ ബി ജെ പിയില്‍ അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ 15 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി, ക്യാബിനറ്റ് മന്ത്രി, സ്പീക്കര്‍ എന്നിവരെ ഇതില്‍ നിന്ന് തിരഞ്ഞടുക്കുമെന്നുമാണ് അറിയുന്നത്.
വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബുധനാഴ്ചയെങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞടുക്കേണ്ടതുണ്ട്. രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേ തിരക്കിട്ട ചര്‍ച്ചകളും അധികാര തര്‍ക്കങ്ങളും ഡല്‍ഹി ബി ജെ പിയില്‍ മൂര്‍ഛിച്ചു. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് യാത്ര കഴിഞ്ഞ് വന്നതിന് ശേഷം തീരുമാനിക്കുമെന്നായിരുന്നു ബി ജെ പി നേരത്തേ അറിയിച്ചിരുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ബി ജെ പിയുടെ ആദ്യ ഡല്‍ഹി മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ് നേതാക്കളും പാര്‍ട്ടി പ്രവർത്തകരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത്ഷായെയും ജെ പി നദ്ദയടക്കമുള്ള പാര്‍ട്ടി നേതാക്കളുമായും ഉടന്‍ കൂടിക്കാഴ്ച നടത്തി തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ എ പി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച രണ്ട് പ്രാവശ്യം എം പിയായിരുന്ന പര്‍വേശ് വര്‍മ, ബി ജെ പി ഡല്‍ഹി ഘടകം നേതാവ് വീരേന്ദ്ര സച്ചിദേവ്, മുന്‍ മന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സൂരി സ്വരാജ്, ബി ജെ പി ബ്രാഹ്മിണ്‍സിന്റെ മുഖമായ സതീഷ് ഉപാധ്യ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്.
മൂന്ന് പതിറ്റാണ്ടിന് ശേഷം ഡല്‍ഹിയില്‍ ഗംഭീര തിരിച്ചുവരവ് കാഴ്്ചവെച്ച ബി ജെ പി 2015ല്‍ 67 സീറ്റും 2020ല്‍ 62 സീറ്റും നേടിയ എ എ പിയെ 22 സീറ്റുകളിലേക്കാണ് ഒതുക്കിയത്. അരവിന്ദ് കെജരിവാളിനെതിരെയുള്ള മദ്യനയ അഴിമതി കേസും ശീഷ്മഹല്‍ വിവാദവും ബി ജെ പി തിരഞ്ഞടുപ്പ് പ്രചാരണത്തില്‍ നന്നായി ഉപയോഗിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേരിയ ശതമാനം വോട്ട് വിഹിതം കൂട്ടിയിരുന്നു.