National
ഡല്‍ഹി നിയമസഭാ തിരഞ്ഞെടപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു
ആകെയുള്ള എഴുപത് മണ്ഡലങ്ങളിലേക്ക് 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
ന്യൂഡല്‍ഹി | ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 1.56 കോടി വോട്ടര്‍മാര്‍ക്കായി 13,033 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. ആകെയുള്ള എഴുപത് മണ്ഡലങ്ങളിലേക്ക് 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലെ തിരക്ക് അതേ സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി . ഡൽഹി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എ എ പിയും ഒരുമിച്ചായിരുന്നു.
എ എ പിയും കോണ്‍ഗ്രസ്സും എഴുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി ജെ പി 68 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന രണ്ട് സീറ്റ് സഖ്യകക്ഷികളായ ജെ ഡി യു, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) എന്നിവര്‍ക്ക് വിട്ടുകൊടുത്തു.
ഭരണകക്ഷിയായ എ എ പിയും ബി ജെ പിയും തമ്മിലാണ് പ്രധാന മത്സരം. കോണ്‍ഗ്രസ്സ് കൂടി പ്രചാരണം ശക്തമാക്കിയതോടെ ത്രികോണ മത്സരത്തിനാണ് ഡല്‍ഹി വേദിയാകുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താന്‍ ലക്ഷ്യമിട്ടാണ് എ എ പിയുടെ പോരാട്ടം.
നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ ബി ജെ പിയും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചത്. നഷ്ടപ്പെട്ട ന്യൂനപക്ഷ, ദളിത് വോട്ട് തിരിച്ചുപിടിച്ച് മുന്നേറ്റം നടത്തുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ്സിന്റെ നീക്കം. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.