National
ഡല്‍ഹി റെയില്‍വേ ദുരന്തം: 285 വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് എക്‌സിനോട് കേന്ദ്രം
36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം

ന്യൂഡല്‍ഹി | ഈ മാസം 15ന് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ തിരക്കില്‍പ്പെട്ടുണ്ടായ ദുരന്തത്തിന്റെ 285 വീഡിയോകള്‍ എക്സില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്രം. ധാര്‍മിക മാനദണ്ഡവും എക്സിന്റെ ഉള്ളടക്ക പോളിസിയും കണക്കിലെടുത്താണ് 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കം ചെയ്യാന്‍ റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കിയത്. ദുരന്തത്തില്‍ പരുക്കേറ്റവരുടെയും മരിച്ചവരുടെയും ദൃശ്യങ്ങളടങ്ങിയ വീഡിയോകളാണ് നീക്കാന്‍ നിര്‍ദേശിച്ചത്.
ഈ മാസം 17ന് എക്‌സിന് അയച്ച നോട്ടീസില്‍ നിയമവിരുദ്ധമായ പരസ്യങ്ങള്‍, ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്യാന്‍ റെയില്‍വെ മന്ത്രാലയം അറിയിച്ചിരുന്നു. റെയില്‍വേയിലുണ്ടായ തിക്കിലും തിരക്കിലും 18 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടം നടന്ന ദിവസം അര ലക്ഷത്തിലേറെ പേര്‍ പ്രയാഗ്‌രാജിലേക്ക് പുറപ്പെടാന്‍ ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നതായാണ് വിവരം. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കുട്ടികളെയും ലഗേജും കൊണ്ട് പ്രയാസപ്പെടുന്ന യാത്രക്കാരുടെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലെന്ന നിലക്ക് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനും ഇന്ത്യന്‍ റെയില്‍വെക്കും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.