National
ഡല്‍ഹി ജലക്ഷാമം; ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അതിഷി അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു
മന്ത്രി എന്ന നിലയില്‍ ഹരിയാന സര്‍ക്കാരുമായി എല്ലാ ചര്‍ച്ചകളും നടത്തിയെന്നും എന്നാല്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്നും അതിഷി ആരോപിച്ചിരുന്നു.
ന്യൂഡല്‍ഹി | ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജലവിഭവ മന്ത്രി അതിഷി നിരാഹാര സമരം അവസാനിപ്പിച്ചു. ഹരിയാന സര്‍ക്കാര്‍ ഡല്‍ഹിക്ക് ജലവിഹിതം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജൂണ്‍ 22ന് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസത്തിലാണ് അതിഷി ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കേണ്ടിവന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണം. അതിഷിയെ എല്‍ എന്‍ ജെ പി ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായാണ് ആംആദ്മി പാര്‍ട്ടി അറിയിക്കുന്നത്. മന്ത്രി എന്ന നിലയില്‍ ഹരിയാന സര്‍ക്കാരുമായി എല്ലാ ചര്‍ച്ചകളും നടത്തിയെന്നും എന്നാല്‍ സര്‍ക്കാര്‍ യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്നും അതിഷി ആരോപിച്ചിരുന്നു.
അതേസമയം നിരാഹാര സമരം ഉപേക്ഷിച്ചെങ്കിലും വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. അതിഷിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.