Articles
ഡല്‍ഹി: വാഴുന്നവര്‍ വീഴുമോ, വീണവര്‍ വാഴുമോ?
മോദിയെയും രാഹുല്‍ ഗാന്ധിയെയും അഴിമതിക്കാരായി കെജ്്രിവാള്‍ ചിത്രീകരിക്കുമ്പോള്‍, രാഹുല്‍ ഗാന്ധി മോദിയെയും കെജ്്രിവാളിനെയും അഴിമതിക്കാരായി കൂട്ടിക്കെട്ടുകയാണ്. കോണ്‍ഗ്രസ്സും എ എ പിയും പരസ്പരം മത്സരിക്കുന്നതില്‍ ഡല്‍ഹിയിലെ മുസ്്ലിംകളും ദളിതരും ദുഃഖിതരാണ്.
മൂന്ന് തവണ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്്രിവാള്‍ നാലാം തവണയും മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ കാല്‍ നൂറ്റാണ്ടായി പ്രതിപക്ഷത്തിരുത്തിയ ബി ജെ പി സംസ്ഥാന ഭരണം പിടിച്ചടക്കാന്‍ അരയും തലയും മുറുക്കിയുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ്സും രംഗത്തുണ്ട്. ത്രികോണ മത്സരമാണെങ്കിലും ഭരണത്തിലേറാനുള്ള സാധ്യത എ എ പിക്കും ബി ജെ പിക്കുമാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് എ എ പിക്കും ബി ജെ പിക്കും നിലനില്‍പ്പിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നമാണ്. മത്സരം ഇഞ്ചോട് ഇഞ്ചാണ്. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലെത്തിയിട്ടും രാജ്യതലസ്ഥാനത്തിന്റെ അധികാരം കൈപിടിയിലെത്തിക്കാന്‍ കഴിയാത്തതിന്റെ നാണക്കേട് ബി ജെ പിക്കുണ്ട്. തുടര്‍ച്ചയായി ആറ് തവണ പരാജയപ്പെട്ടതിന് പിന്നാലെ ഇത്തവണയെങ്കിലും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. തുടര്‍ച്ചയായി മൂന്ന് തവണ കോണ്‍ഗ്രസ്സില്‍ നിന്ന് തോല്‍വി നേരിട്ട ബി ജെ പി, തുടര്‍ന്നുള്ള മൂന്ന് തിരഞ്ഞെടുപ്പുകളില്‍ എ എ പിയോട് അടിയറവു പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ആദായനികുതി 12 ലക്ഷമായി ഉയര്‍ത്തിയതും നരേന്ദ്ര മോദി സര്‍ക്കാര്‍ എട്ടാം ശമ്പള കമ്മീഷന്‍ നിശ്ചയിച്ചതും ഡല്‍ഹി ഭരണത്തിലേക്കുള്ള ചുവട് വെപ്പായി കാണുന്നവരുണ്ട്. ഡല്‍ഹിയിലെ വോട്ടര്‍മാരില്‍ നല്ലൊരു പങ്ക് സര്‍ക്കാര്‍ ജീവനക്കാരാണ്. വിശേഷിച്ച് അരവിന്ദ് കെജ്്രിവാള്‍ ജനവിധി തേടുന്ന ന്യൂഡല്‍ഹി.
ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും എ എ പിക്ക് ഭരണമുണ്ടെങ്കിലും പാര്‍ട്ടിയുടെ ശക്തി കേന്ദ്രം ഡല്‍ഹിയാണ്. അതുകൊണ്ട് തന്നെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് എ എ പിക്കും ബി ജെ പിക്കും ജീവന്മരണ പോരാട്ടമാണ്. മൂന്നാമത്തെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് അടിത്തറ വീണ്ടെടുക്കാനുള്ള പേരാട്ടത്തിലാണ്. എഴുപതംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസ്സിന് ഒരു എം എല്‍ എ പോലുമില്ല. ഇത്തവണ ആ അവസ്ഥയില്‍ നിന്ന് മാറാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ്സിനുണ്ട്. ന്യൂഡല്‍ഹി, കല്‍ക്കാജി, ജംഗ്പുര, ബദ്‌ലി, കസ്തൂര്‍ബാ നഗര്‍, മാളവ്യ നഗര്‍, ഉത്തം നഗര്‍, സീലംപൂര്‍, ബിജ്വാസന്‍, ബവാന തുടങ്ങിയ സീറ്റുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളില്‍ നിന്ന് എ എ പിയും ബി ജെ പിയും വെല്ലുവിളി നേരിടുകയാണ്.
കോണ്‍ഗ്രസ്സും ബി ജെ പിയും നേരിടുന്ന പ്രശ്‌നം പാര്‍ട്ടിയെ നയിക്കാന്‍ സംസ്ഥാനത്ത് നേതാവില്ല എന്നതാണ്. ഇരുപാര്‍ട്ടികളുടെയും രക്ഷ നരേന്ദ്ര മോദിയും അമിത് ഷായും, രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ്. തിരഞ്ഞെടുപ്പ് നാളെയാണ്; ഫലപ്രഖ്യാനം എട്ടിന്. 70 സീറ്റില്‍ 699 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നിയമസഭയുടെ നിലവിലെ കാലാവധി ഫെബ്രുവരി 23ന് അവസാനിക്കും.
എ എ പിയും ബി ജെ പിയും കോണ്‍ഗ്രസ്സും സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. സ്ത്രീകള്‍ക്ക് പ്രതിമാസം 2,100 രൂപ നല്‍കുമെന്ന് എ എ പി വാഗ്ദാനം ചെയ്യുമ്പോള്‍, 2,500 രൂപ നല്‍കുമെന്നാണ് ബി ജെ പിയുടെ വാഗ്ദാനം. എ എ പി സര്‍ക്കാര്‍ നല്‍കി വരുന്ന 200 യൂനിറ്റ് സൗജന്യ വൈദ്യുതി 300 യൂനിറ്റായി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്യുന്നു. കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി പ്രഖ്യാപിച്ചത് 2013ലെ കെജ്്രിവാളിന്റെ ആദ്യ സര്‍ക്കാറായിരുന്നു. കോണ്‍ഗ്രസ്സ് പിന്തുണയോടെ 49 ദിവസം അധികാരത്തിലിരുന്ന സര്‍ക്കാര്‍ തീരുമാനങ്ങള്‍ കെജ്്രിവാളിന്റെ ജനസമ്മതി വര്‍ധിപ്പിച്ചു. ഇടക്കാല രാഷ്ട്രപതി ഭരണത്തിന് ശേഷം 2015, 2020 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കെജ്്രിവാള്‍ സീറ്റുകള്‍ തൂത്തുവാരി. പ്രതിപക്ഷത്തിന് ലഭിച്ചത് നാമമാത്ര സീറ്റുകളായിരുന്നു. 2015ല്‍ മൂന്നും 2020ല്‍ എട്ടും സീറ്റുകളിലാണ് ബി ജെ പി ജയിച്ചത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഡല്‍ഹി ഭരണകക്ഷിയായ എ എ പിയുടെ എട്ട് എം എല്‍ എമാര്‍ രാജിവെച്ചത് കെജ്്രിവാളിന് ഭീഷണിയാണ്. എം എല്‍ എമാരുടെ രാജിക്ക് പിന്നില്‍ ബി ജെ പിയാണെന്നത് രാജിവെച്ചവര്‍ ബി ജെ പിയില്‍ ചേര്‍ന്നതോടെ വ്യക്തമായി.
ഭരണവിരുദ്ധത, മദ്യകുംഭകോണം, അഴിമതി ആരോപണങ്ങള്‍ എന്നിവ എ എ പി സര്‍ക്കാര്‍ നേരിടുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും ജയിലില്‍ കിടക്കേണ്ടിവന്നു. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നിന്ന കോണ്‍ഗ്രസ്സും എ എ പിയും കടുത്ത പോരിലാണ്. മോദിയെയും രാഹുല്‍ ഗാന്ധിയെയും അഴിമതിക്കാരായി കെജ്്രിവാള്‍ ചിത്രീകരിക്കുമ്പോള്‍, രാഹുല്‍ ഗാന്ധി മോദിയെയും കെജ്്രിവാളിനെയും അഴിമതിക്കാരായി കൂട്ടിക്കെട്ടുകയാണ്. കോണ്‍ഗ്രസ്സും എ എ പിയും പരസ്പരം മത്സരിക്കുന്നതില്‍ ഡല്‍ഹിയിലെ മുസ്്ലിംകളും ദളിതരും ദുഃഖിതരാണ്. ബി ജെ പി അധികാരത്തിലേറരുതെന്ന് ആഗ്രഹിക്കുന്ന മുസ്്ലിംകളും ദളിതരും ബി ജെ പിക്കെതിരായ വോട്ട് ഭിന്നിക്കുന്നതിലെ അസ്വസ്ഥത മറച്ചുവെക്കുന്നില്ല.
അഴിമതിരഹിത ഭരണം, സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ അടിസ്ഥാന തത്ത്വങ്ങളില്‍ നിന്ന് പാര്‍ട്ടി പിറകോട്ട് പോയി എന്ന കാരണം പറഞ്ഞാണ് എ എ പിയുടെ എട്ട് എം എല്‍ എമാര്‍ രാജി വെച്ചത്. രാജിവെച്ചവര്‍ക്ക് എ എ പി ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഈ എട്ട് പേര്‍ ഉള്‍പ്പെടെ സിറ്റിംഗ് എം എല്‍ എമാരായ 21 പേര്‍ക്ക് പാര്‍ട്ടി ഇത്തവണ ടിക്കറ്റ് നല്‍കിയിരുന്നില്ല. അവരില്‍ നാല് എം എല്‍ എമാരുള്‍പ്പെടെ പാര്‍ട്ടി നേതാക്കളുടെ പതിനൊന്ന് ബന്ധുക്കള്‍ക്ക് എ എ പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കളുടെ ബന്ധുക്കളായ എട്ട് പേര്‍ക്കും ബി ജെ പി മൂന്ന് പേര്‍ക്കും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹി സീറ്റില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാളിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും ബി ജെ പിയുടെയും സ്ഥാനാര്‍ഥികള്‍ മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളാണ്. ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി. ബി ജെ പി സ്ഥാനാര്‍ഥി സാഹിബ് സിംഗ് വര്‍മയുടെ മകന്‍ പര്‍വേഷ് വര്‍മയാണ്.
ഡല്‍ഹിയില്‍ 13 ശതമാനം മുസ്്ലിം വോട്ടര്‍മാരാണ്. സാധാരണ മുസ്്ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സ് വിജയത്തെ സ്വാധീനിക്കാറുണ്ടെങ്കിലും, കഴിഞ്ഞ രണ്ട് തവണ ഡല്‍ഹിയിലെ മുസ്്ലിം വോട്ടുകള്‍ എ എ പിക്കായിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശഹീന്‍ ബാഗ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മുസ്്ലിംകള്‍ക്കെതിരെ കലാപം നടന്നപ്പോള്‍ കെജ്്രിവാള്‍ മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ കെജ്്രിവാള്‍ പ്രശ്‌നത്തില്‍ ഇടപെടുകയോ അനുരഞ്ജന മാര്‍ഗം സ്വീകരിക്കുകയോ ചെയ്തില്ല. മുസ്്ലിംകളെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്ന് അകലം പാലിക്കുന്ന നിലപാടാണ് കെജ് രിവാളിന്റേത്.
മുസ്തഫാബാദ്, ചാന്ദ്നി ചൗക്ക്, മതിയ മഹല്‍, ബാബര്‍പൂര്‍, സീലാംപൂര്‍, ഓഖ്്ല, ബല്ലിമാരന്‍ തുടങ്ങി 10 മണ്ഡലങ്ങളില്‍ മുസ്്ലിംകള്‍ നിര്‍ണായകമാണ്. 2020ല്‍ ഇതില്‍ ഏഴ് മണ്ഡലങ്ങളിലും എ എ പി വിജയിച്ചു. മുസ്്ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിനും എ എ പിക്കുമായി വിഭജിച്ചതുകാരണം മൂന്ന് മണ്ഡലങ്ങള്‍ ബി ജെ പിക്കു ലഭിച്ചു . ഇത്തവണയും വോട്ടു വിഭജനം ബി ജെ പിക്ക് അനുഗ്രഹമാകുമോ എന്ന ആശങ്കയുണ്ട് . കോണ്‍ഗ്രസ്സ്, എ എ പി എന്നീ പാര്‍ട്ടികളെ കൂടാതെ അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മും ഏതാനും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ എ എ പി ജയിച്ച മുസ്തഫാ ബാദില്‍ മുന്‍ എ എ പി കൗണ്‍സിലര്‍ ഹാജി താഹിര്‍ ഹുസൈന്‍ ആണ് എ ഐ എം ഐ എം സ്ഥാനാര്‍ഥി. ഡല്‍ഹി കലാപ കേസില്‍ ജയിലില്‍ കഴിയുന്ന താഹിര്‍ ഹുസൈന് നാമനിര്‍ദേശ പത്രിക നല്‍കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കോടതി ജാമ്യം നല്‍കുകയുണ്ടായി.