Connect with us

ആത്മീയം

ആരാധനകളിലെ ആനന്ദം

ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന ആരാധനകൾ അർഥശൂന്യവും നിഷ്ഫലവുമാകുമെന്നാണ് പ്രമാണങ്ങൾ പറയുന്നത്. ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ആത്മാവിലേക്കിറങ്ങാൻ കഴിയാതെ വേഗത്തിൽ ഓതുന്നതും ഇടക്കിടെ പേജുകൾ മറിച്ചുനോക്കുന്നതും തറാവീഹ് നിസ്കാരത്തിൽ ഇലാഹീസ്മരണയിൽ ലയിക്കാതെ റക്അതുകളുടെ എണ്ണം കണക്കുകൂട്ടി ഇനിയുമിത്രയും ബാക്കിയുണ്ടെന്ന് ചിന്തിക്കുന്നതും നോമ്പിന്റെ ദിനങ്ങൾ പിന്നിടുമ്പോൾ ഇത്രയായിട്ടേ ഉള്ളൂ എന്നുമെല്ലാം ആലോചിക്കുന്നത് ആരാധനകളിലെ ആസ്വാദ്യതയില്ലായ്മയാണ് കാണിക്കുന്നത്.

Published

|

Last Updated

നുഗ്രഹങ്ങളുടെ പേമാരി പെയ്തിറങ്ങുന്ന പുണ്യമാസത്തിൽ നിസ്കാരം, നോമ്പ്, സ്വദഖ, ദാനധർമങ്ങൾ തുടങ്ങി വിവിധ ആരാധനാനുഷ്ഠാനങ്ങളാൽ ജീവിതം നിർവൃതിയിലാക്കുന്ന തിരക്കിലാണ് വിശ്വാസികൾ. മറ്റുകാര്യങ്ങളിലെന്നപോലെ ആരാധനകളിലും ആനന്ദവും ആസ്വാദനവും ലഭിക്കുമ്പോഴാണ് താത്പര്യത്തോടെ കൂടുതൽ കർമങ്ങൾ ചെയ്യാൻ കഴിയുക.
ആത്മാര്‍ഥതയില്ലാതെ ചെയ്യുന്ന ആരാധനകൾ അർഥശൂന്യവും നിഷ്ഫലവുമാകുമെന്നാണ് പ്രമാണങ്ങൾ പറയുന്നത്. ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിന്റെ ആത്മാവിലേക്കിറങ്ങാൻ കഴിയാതെ വേഗത്തിൽ ഓതുന്നതും ഇടക്കിടെ പേജുകൾ മറിച്ചുനോക്കുന്നതും തറാവീഹ് നിസ്കാരത്തിൽ ഇലാഹീസ്മരണയിൽ ലയിക്കാതെ റക്അതുകളുടെ എണ്ണം കണക്കുകൂട്ടി ഇനിയുമിത്രയും ബാക്കിയുണ്ടെന്ന് ചിന്തിക്കുന്നതും നോമ്പിന്റെ ദിനങ്ങൾ പിന്നിടുമ്പോൾ ഇത്രയായിട്ടേ ഉള്ളൂ എന്നുമെല്ലാം ആലോചിക്കുന്നത് ആരാധനകളിലെ ആസ്വാദ്യതയില്ലായ്മയാണ് കാണിക്കുന്നത്. പള്ളിയിലെ വലിയ ജമാഅത്തിൽ പങ്കെടുത്തിറങ്ങുമ്പോൾ പ്രപഞ്ചനാഥനുമായി സംവദിച്ചതിന്റെ ആനന്ദം ലഭിക്കാത്തതും ഇതിന്റെ ഭാഗമാണ്.

ആത്മീയ ചിന്തകളുടെ മേൽ ഭൗതികതയുടെ അതിപ്രസരം ശക്തിപ്പെടുമ്പോഴാണ് ഇത്തരം അവസ്ഥകൾ സംജാതമാകുന്നത്. ആത്മീയ ശോഷണങ്ങളിൽ നിന്നും ആരാധനകളിലെ മനസ്സാന്നിധ്യക്കുറവില്‍ നിന്നുമുള്ള മോചനം ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാൽ അത് അത്ര എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. അതിന് നിതാന്ത ജാഗ്രതയും ക്ഷമാപൂർവമായ നിരന്തരപരിശീനവും വേണം. എല്ലാറ്റിലുമുപരി സർവവും നിയന്ത്രിക്കുന്ന മനസ്സിനെ പിടിച്ചുകെട്ടാൻ സാധിക്കണം. വിശാലമായ മരുഭൂമിയിൽ തൂങ്ങിക്കിടക്കുന്ന വസ്തുവിനോടും വേഗത്തിൽ സഞ്ചരിക്കുന്ന കുതിരയോടുമെല്ലാമാണ് മനുഷ്യമനസ്സിനെ നബി(സ) ഉപമിച്ചത്. അതിനെ നിയന്ത്രണ വിധേയമാക്കുകയെന്നത് വായുവിനെ പിടിച്ചുകെട്ടുന്നപോലെ ശ്രമകരവുമാണ്.

കണ്ണിൽ പട്ടവെച്ച കുതിരയെപ്പോലെയാകണം മനുഷ്യമനസ്സും. പട്ടയുള്ള കുതിര പാതയോരങ്ങളിലെ ചെടികളിലും വൈക്കോലിലുമൊന്നും ശ്രദ്ധിക്കാതെ പാതയിൽ മാത്രം ശ്രദ്ധിച്ചു ഗമിക്കുന്നു. എന്ന പോലെ മനുഷ്യനും അവന്റെ ശ്രദ്ധയും ചിന്തയും ലക്ഷ്യത്തിൽ കേന്ദ്രീകരിക്കുമ്പോൾ മനസ്സ് നിയന്ത്രണവിധേയമാകും. ആരാധനകളിൽ ആനന്ദം ലഭിക്കുന്നതിനുള്ള മൂന്ന് കാര്യങ്ങൾ തിരുനബി(സ) പഠിപ്പിച്ചത് കാണാം.
അനസ്(റ) നിവേദനം: “മൂന്ന് കാര്യങ്ങളുള്ളവന് വിശ്വാസത്തിന്റെ മാധുര്യമാസ്വദിക്കാൻ സാധിക്കും. ഏറ്റവും വലിയ സ്നേഹം അല്ലാഹുവിനോടും അവന്റെ ദൂതനോടുമാവുക, മറ്റുള്ളവരോടുള്ള സ്നേഹം അല്ലാഹുവിനു വേണ്ടിയാവുക, അവിശ്വാസത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം അതിലേക്ക് തിരിച്ചുപോകുന്നത് തീയില്‍ എറിയപ്പെടുന്നതിനേക്കാള്‍ അസഹ്യമായി തോന്നുക.’ (ബുഖാരി, മുസ്‌ലിം).

ഏത് ആരാധനയുടെയും ആത്മാവ് ഹൃദയ സാന്നിധ്യമാണെന്ന് പണ്ഡിതന്മാര്‍ സോദാഹരണം വിശദീകരിക്കുന്നുണ്ട്. നിര്‍വഹിക്കുന്ന ആരാധനകൾ മനസ്സാന്നിധ്യത്തോടെ പൂർത്തിയാക്കാനായാല്‍ ഇരുലോകത്തും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്യും. അത്തരം അവസ്ഥയിൽ ആരാധനകൾ കൺകുളിർക്കെ ആനന്ദിക്കാൻ സാധിക്കും. നബി(സ) പറയുന്നു: “എന്റെ നയനങ്ങള്‍ക്ക് കുളിര്‍മ പകരുന്നത് നിസ്കാരത്തിലൂടെയാണ്’. (തുർമുദി) മറ്റൊരു ഹദീസിൽ കാണാം. ഹുദൈഫ(റ) പറയുന്നു: “തിരുനബി(സ)യെ എന്തെങ്കിലുമൊരു കാര്യം അലട്ടിയാല്‍ അവിടുന്ന് വേഗത്തിൽ നിസ്‌കാരത്തിലേക്ക് പോകുമായിരുന്നു’. (അഹ്മദ്).
സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ഏറ്റവും സ്വകാര്യമായ സംവേദനമാണ് പ്രാർഥനകൾ. പ്രാർഥനകളിൽ പ്രമുഖമായത് അഞ്ച് നേരത്തെ നിസ്കാരവും. ദിനേന നിരവധി തവണ അല്ലാഹുവുമായി ആത്മസംഭാഷണം നടത്തുന്ന വിശ്വാസിക്ക് വിജയത്തിലെത്താൻ കഴിയുമെന്ന് ഖുർആൻ പറയുന്നു: “സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു, തങ്ങളുടെ നിസ്‌കാരത്തില്‍ അവർ ഭക്തിയുള്ളവരാണ്’. (അൽ മുഅ്മിനൂൻ: 1, 2). എന്നാൽ അശ്രദ്ധയോടെയുള്ള കേവലസംസാരം മുനാജാത് അഥവാ അഭിമുഖ സംഭാഷണമാകില്ല. അത്തരം നിസ്കാരങ്ങൾ വിജയത്തിലേക്ക് വഴിതെളിയിച്ച് കൊള്ളണമെന്നില്ല.

ആരാധനകളിൽ ഭക്തി ലഭിക്കാൻ ചില മാർഗങ്ങൾ പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. രാജാവിനു മുന്നിൽ കാര്യമവതരിപ്പിക്കുന്ന പ്രജക്ക് അതീവ ശ്രദ്ധയും ഉൾഭയവും ഉണ്ടാകുന്നപോലെ സദാസമയവും നിയന്ത്രിക്കുന്ന സ്രഷ്ടാവിനുമുമ്പിൽ നിസ്സാരനായ ഒരടിമയുടെപ്പോലെയാവണം. അല്ലാഹുവിനെ കൺമുമ്പിൽ കാണുന്ന ഭാവത്തിലാകണം ആരാധന നടത്തേണ്ടത്. അവൻ സൃഷ്ടികൾക്ക് ഗോചരീയമല്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ടല്ലോ എന്ന ചിന്തയാകണം. ഓരോ ആരാധന നിർവഹിക്കുമ്പോഴും ഈ ലോകത്തോട് വിട ചോദിക്കുന്നവന്റെ മനോഗതിയിലാകണം. മനസ്സിന്റെ ചാഞ്ചാട്ടത്തേയും ദുശ്ശാഠ്യങ്ങളേയും പിടിച്ചുകെട്ടാൻ ഇത്തരം ചിന്തകൾക്ക് വലിയ ശക്തിയുണ്ട്.