Articles
റമസാനിലെ അത്യാനന്ദങ്ങള്‍
ഈ ഭൂമുഖത്ത് തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിപ്രകടനമാണ് വ്രതം. അന്നപാനീയങ്ങളില്‍ നിന്നും മറ്റു ശാരീരിക സുഖങ്ങളില്‍ നിന്നും അല്ലാഹു നമ്മെ തടഞ്ഞു നിര്‍ത്തിയപ്പോള്‍, ആ അനുഗ്രഹങ്ങള്‍ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോള്‍, അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്തിയും നല്‍കുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദി പറയാന്‍ വ്രതനേരങ്ങള്‍ വിശ്വാസി ഉപയോഗപ്പെടുത്തുന്നു.
വിശുദ്ധ റമസാന്‍ സമാഗതമായിരിക്കുന്നു. അല്ലാഹുവിന് സ്തുതികള്‍. റമസാന്‍ മാസത്തിലേക്ക് നമ്മെ എത്തിക്കേണമേ എന്ന പ്രാര്‍ഥനയുടെ ഫലമാണിത്. കാരുണ്യവും പാപമോചനവും നരകമുക്തിയും വാഗ്ദാനം ചെയ്യുന്ന നന്മയുടെ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന തേട്ടം കൂടി ഇനി സ്വീകാര്യമാകേണ്ടതുണ്ട്. മുന്‍ഗാമികളായ മഹത്തുക്കളെല്ലാം റമസാനിലേക്ക് എത്താന്‍ ആറ് മാസക്കാലം മുമ്പ് തന്നെ പ്രാര്‍ഥന നടത്തുന്നവരായിരുന്നു. റമസാനിലെ കര്‍മങ്ങള്‍ സ്വീകരിക്കാനായിരുന്നു ശേഷമുള്ള കാലങ്ങളിലെ പ്രാര്‍ഥന.
ജനങ്ങളെ പട്ടിണിക്കിടലും പ്രയാസപ്പെടുത്തലുമാണ് നോമ്പെന്ന വിമര്‍ശങ്ങളുമായി പലരും രംഗത്തിറങ്ങുന്ന കാലഘട്ടത്തില്‍ വ്രതാനുഷ്ഠാനം വിശ്വാസിക്ക് നല്‍കുന്ന ആനന്ദങ്ങള്‍ പലതാണെന്ന് ഏവരും മനസ്സിലാക്കേണ്ടതുണ്ട്. അല്ലാഹു നോമ്പിനെ നിര്‍ബന്ധമാക്കിയതിന് പിന്നിലും ഈ രഹസ്യങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ട്. ചുരുങ്ങിയ ആയുസ്സിനകത്ത് ഏറെ പ്രതിഫലങ്ങള്‍ നേടാന്‍ സാധിക്കുന്ന, സ്വര്‍ഗീയ പ്രവേശത്തിലേക്ക് വിശ്വാസിയെ വഴിനടത്തുന്ന സവിശേഷ കാലം. ആയിരം മാസം തുടര്‍ച്ചയായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുകയും ഉയര്‍ന്ന പ്രതിഫലം കരസ്ഥമാക്കുകയും ചെയ്ത ബനൂ ഇസ്‌റാഈലുകാരനായ ഒരാളുടെ ചരിത്രം പങ്കുവെക്കുന്ന സമയത്ത് അനുചരര്‍ തിരുനബിയോട് ചോദിച്ചു: നബിയേ, അത്രയും ദൈര്‍ഘ്യമായ യുദ്ധം ചെയ്യാന്‍ സാധ്യമല്ലെന്നിരിക്കെ ഞങ്ങള്‍ക്കെങ്ങനെയാണ് ഉയര്‍ന്ന പ്രതിഫലം നേടാനാകുക? ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ എന്ന സവിശേഷ ദിവസം നിങ്ങള്‍ക്കുണ്ട് എന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വചനം ഓതിയാണ് തിരുനബി ആ ആശങ്കക്ക് മറുപടി പറയുന്നത്. ലൈലത്തുല്‍ ഖദ്ര്‍ അടങ്ങിയ മാസമെന്നതും റമസാനെ ഏറെ പവിത്രമാക്കുന്നുണ്ട്. നോമ്പുകാലത്ത് ചെയ്യുന്ന നന്മകള്‍ക്കെല്ലാം എത്രയോ ഇരട്ടി പ്രതിഫലമുണ്ടെന്നതും നമ്മെ ഏറെ സന്തോഷിപ്പിക്കേണ്ടതാണ്.
പരലോക വിജയം മുന്നില്‍ കണ്ട് ജീവിക്കുന്ന വിശ്വാസിക്ക് വ്രതം നല്‍കുന്ന ആനന്ദങ്ങള്‍ പലതുണ്ട്. ഭയഭക്തിയും സൂക്ഷ്മതയുമുള്ള ഉത്തമ വ്യക്തിത്വമാകാന്‍ നോമ്പ് ഓരോരുത്തരെയും പരിശീലിപ്പിക്കുന്നു എന്നതാണ് അതില്‍ പ്രധാനം. ‘മുന്‍കാല ജനതയെ പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കി, നിങ്ങള്‍ ഭയഭക്തിയുള്ളവരാകാന്‍ വേണ്ടി’ എന്ന ഖുര്‍ആന്‍ വചനത്തിന്റെ പൊരുളതാണ്. മനുഷ്യന് അനുവദനീയമാക്കിയ ഭക്ഷണവും മറ്റും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയും ശിക്ഷ ഭയപ്പെട്ടും ഒഴിവാക്കി ഒരുമാസക്കാലം പരിശീലിക്കുന്നതോടെ നാഥന്‍ നിഷിദ്ധമാക്കിയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മറ്റു കാലങ്ങളില്‍ വിശ്വാസിക്ക് ഉള്‍പ്രേരണയുണ്ടാകും. മോശം സംസാരങ്ങളും പ്രവര്‍ത്തനങ്ങളും വിഡ്ഢിത്തവും ഒഴിവാക്കാത്തവന്റെ അന്നപാനീയ വര്‍ജനം അല്ലാഹു ആവശ്യപ്പെടുന്നില്ല എന്ന തിരുവചനവുമുണ്ട്. (ബുഖാരി 1903)
ഈ ഭൂമുഖത്ത് തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനമാണ് വ്രതം. അന്നപാനീയങ്ങളില്‍ നിന്നും മറ്റു ശാരീരിക സുഖങ്ങളില്‍ നിന്നും അല്ലാഹു നമ്മെ തടഞ്ഞു നിര്‍ത്തിയപ്പോള്‍, ആ അനുഗ്രഹങ്ങള്‍ നിശ്ചിത കാലത്തേക്ക് ഒഴിവാക്കുമ്പോള്‍, അവയെല്ലാം എത്രത്തോളം അനുഭൂതിയും സംതൃപ്തിയും നല്‍കുന്നതായിരുന്നുവെന്ന് നോമ്പുകാരന് ബോധ്യപ്പെടുന്നു. അവയെല്ലാം അനുഭവിപ്പിച്ച അല്ലാഹുവിന് നന്ദി പറയാന്‍ വ്രതനേരങ്ങള്‍ വിശ്വാസി ഉപയോഗപ്പെടുത്തുന്നു. സന്തോഷം നല്‍കിയ കാര്യങ്ങള്‍ ഒരിടവേള കിട്ടാതിരിക്കുമ്പോഴാണല്ലോ നമുക്കതിന്റെ വില മനസ്സിലാകുക. ‘നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി'(2:185) എന്ന വചനവും ഈ സന്ദേശമാണ് ഓര്‍മപ്പെടുത്തുന്നത്.
സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് തങ്ങള്‍ക്ക് അല്ലാഹു നല്‍കിയ സമ്പത്തിനെയും ധനത്തെയും മുന്തിയ വിഭവങ്ങളെയും കുറിച്ച് ബോധ്യപ്പെടാനും അത് തിരിച്ചറിഞ്ഞ് അല്ലാഹു തൃപ്തിപ്പെട്ട മാര്‍ഗത്തിലേക്ക് തങ്ങളുടെ
ധനത്തില്‍ നിന്ന് പങ്ക് നല്‍കാനും വ്രതകാലം പ്രേരിപ്പിക്കും.
മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും അശ്രദ്ധകളെയും ആലസ്യങ്ങളെയും ക്രമരാഹിത്യത്തെയും തിരിച്ചുപിടിക്കാനുള്ള ഒരവസരം കൂടിയാണ് റമസാന്‍. വയറു നിറഞ്ഞ് ഭക്ഷണം കഴിച്ചാല്‍, ലൈംഗിക താത്പര്യങ്ങളില്‍ സദാ വിഹരിച്ചാല്‍ അത് ജീവിതത്തിന്റെ ക്രമം തെറ്റിക്കുകയും നമ്മെ അലസതയുള്ളവരാക്കുകയും ചെയ്യും. കൃത്യമായി വിശന്നാല്‍ മോശം ചിന്തകള്‍ കുറയും. ‘നിങ്ങളില്‍ നിന്ന് സാമ്പത്തിക ശേഷിയുള്ളവര്‍ വിവാഹം കഴിക്കട്ടെ. അത് അവന്റെ കണ്ണിനെ തിന്മയില്‍ നിന്ന് തടയുകയും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അതിനു കഴിയാത്തവര്‍ നോമ്പ് നോല്‍ക്കട്ടെ, അതവന് സംരക്ഷണമാണ് (ബുഖാരി, മുസ്ലിം) എന്ന ഹദീസ് ഈ സൂചനയാണ് നല്‍കുന്നത്.
ഏതാണ് നന്മയെന്നും ഏതാണ് തിന്മയെന്നും കൃത്യമായി മനസ്സിലാക്കാനും നന്മകള്‍ തിരഞ്ഞെടുത്ത് ജീവിതം ക്രമീകരിക്കാനും ഈ മാസം വിശ്വാസിയെ ശീലിപ്പിക്കും. നിര്‍ബന്ധ നിസ്‌കാരങ്ങളും സുന്നത്ത് നിസ്‌കാരങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ റമസാന്‍ അവസരമൊരുക്കുന്നതിനാല്‍ തന്നെ തുടര്‍ കാലങ്ങളിലും ഈ ചിട്ട അവനെ വഴിനടത്തും. കൃത്യമായ സമയത്ത്, സംഘടിതമായ നിസ്‌കാരങ്ങള്‍ നല്‍കുന്ന ആനന്ദം അനുഭവിക്കുന്ന കാലം കൂടിയാകുന്നു വ്രതകാലം. ദാന ധര്‍മങ്ങള്‍ നല്‍കുമ്പോള്‍ മനസ്സിനുണ്ടാകുന്ന സന്തോഷം ഉള്‍ക്കൊള്ളാനും ജീവിതത്തിലാകെ അവ പരിശീലിക്കാനും ഇതുവഴി സാധിക്കും.
ശാരീരിക മാനസിക വികാരങ്ങള്‍ക്കനുസൃതമായി ജീവിതം നയിക്കുന്നത് ഹൃദയത്തെ കാഠിന്യമുള്ളതാക്കുകയും സത്യമറിയുന്നതില്‍ നിന്ന് നമ്മെ തടയുകയും ചെയ്യും. അല്ലാഹുവിനെ കുറിച്ച് ചിന്തിക്കുന്നതില്‍ നിന്നും ഓര്‍ക്കുന്നതില്‍ നിന്നും അടിമയെ അത് തടയും. ഭക്ഷണമടക്കമുള്ള വികാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ ഹൃദയം പ്രകാശിക്കുകയും ഇലാഹീ സ്മരണയും ചിന്തയുമുണ്ടാകും. ‘നോമ്പുകാരനായിരിക്കെ ഒരാള്‍ തന്നെ ചീത്ത വിളിച്ചാല്‍, ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് അതില്‍ നിന്ന് വിട്ടുനില്‍ക്കട്ടെ’ എന്നര്‍ഥം വരുന്ന തിരുവചനം നല്‍കുന്ന സന്ദേശവുമിതാണ്. ആരോടും ദേഷ്യപ്പെടാതെ, പ്രകോപിതരാകാതെ, ക്ഷമയോടെയും ലാളിത്യത്തോടെയും ജീവിക്കാന്‍ സാധിക്കുന്നതും നോമ്പ് നല്‍കുന്ന അച്ചടക്കമാണ്. ഞാന്‍ നോമ്പുകാരനാണ് എന്ന ബോധം അവനെ സാമൂഹിക തിന്മയില്‍ നിന്നും പരിഹാസങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ഞാനാണ് വലിയവന്‍, എനിക്കാണ് സമ്പത്ത്, എനിക്കാണ് കൂടുതല്‍ അനുയായികള്‍ തുടങ്ങിയ മനുഷ്യസഹജമായ അഹങ്കാരങ്ങളെ റദ്ദ് ചെയ്യാന്‍ നോമ്പിന് സാധിക്കും. എല്ലാവരും ഒരേ സമയം പട്ടിണി കിടക്കുന്നു. സമ്പത്തുള്ളവനോ അധികാരമുള്ളവനോ ആര്‍ക്കും ആ സമയദൈര്‍ഘ്യത്തില്‍ ഒരിളവും നല്‍കുന്നില്ല. നോമ്പ് പാഴായിപ്പോകുന്ന കാര്യങ്ങളും എല്ലാവര്‍ക്കും ഒരുപോലെ. ഒരേ നിബന്ധന. എത്ര മുന്തിയ വിഭവങ്ങള്‍ മുന്നിലുള്ളവര്‍ക്കും ഒന്നും കൈയില്‍ ഇല്ലാത്തവര്‍ക്കുമെല്ലാം നോമ്പ് തുറക്കാന്‍ ശ്രേഷ്ഠതയുള്ള വിഭവം കാരക്കയോ അതുമല്ലെങ്കില്‍ ശുദ്ധജലമോ ആണല്ലോ. ഏത് സാധാരണക്കാര്‍ക്കും വിപണിയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ലഭ്യമാകുന്നവ. ഒരുമിച്ചിരുന്ന് നോമ്പ് തുറക്കുമ്പോഴും പാതിരാവില്‍ സംഘടിത നിസ്‌കാരങ്ങളില്‍ ഒരേ മനസ്സോടെ പങ്കെടുക്കുമ്പോഴും ഉള്ളിലെ അഹങ്കാരങ്ങള്‍ക്ക് എവിടെ സ്ഥാനം ലഭിക്കാനാണ്.
ജീവിതം മുഴുവന്‍ പട്ടിണി കിടക്കുന്നവന്റെ അവസ്ഥ മനസ്സിലാക്കാനും പാവങ്ങളോടെല്ലാം കാരുണ്യത്തോടെ വര്‍ത്തിക്കാനും അവരിലേക്ക് സഹായങ്ങള്‍ നീട്ടാനും വ്രതം സാമ്പത്തിക ശേഷിയുള്ളവരെ പ്രേരിപ്പിക്കും. ഈ ആത്മീയ ചിന്തകള്‍ക്കും നേട്ടങ്ങള്‍ക്കുമെല്ലാമുപരി ശാരീരികമായ ഒട്ടനവധി നേട്ടങ്ങളും വ്രതം വിശ്വാസിക്ക് നല്‍കുന്നുണ്ട്. ഏറെക്കാലമായി ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും തുടര്‍ച്ചയായ ഭക്ഷണാസ്വാദനം മുഖേനയുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളും കുറക്കാന്‍ നോമ്പിന് സാധിച്ചേക്കും.
ദീര്‍ഘ കാലമായി മനസ്സിനെ അലട്ടുന്ന പാപങ്ങളുടെ മോചനത്തിനുള്ള അവസരം കൂടിയാണ് റമസാന്‍. സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം നാമറിയാതെത്തന്നെ നമ്മെ തെറ്റുകളിലേക്ക് വലിച്ചിടുന്നു. പിശാച് നമുക്ക് ചുറ്റും നിഷിദ്ധങ്ങളുടെ കെണിവലകള്‍ സൃഷ്ടിക്കുന്നു. നമ്മുടെ ശരീരമാകട്ടെ തിന്മയിലേക്ക് നമ്മെ നിരന്തരമായി പ്രേരിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം കാണാനും റമസാനില്‍ കൈവരിച്ച ജീവിത ശുദ്ധി ആയുസ്സ് മുഴുവന്‍ തുടരാനും നമുക്ക് കഴിയണം. തെറ്റുകളിലേക്ക് അടുക്കുമ്പോഴൊക്കെ ശിക്ഷ ഓര്‍ത്തുള്ള ഭയം നമ്മുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കണം. അവ നമ്മെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാകണം. അപ്പോള്‍ ലഭിക്കുന്നതാകട്ടെ ഇരട്ടി പ്രതിഫലവും. തിരുനബി(സ) പറയുന്നു: റമസാന്‍ കഴിഞ്ഞിട്ടും പാപങ്ങള്‍ പൊറുക്കപ്പെടാത്തവന്‍ മൂക്ക് കുത്തി വീഴട്ടെ! അതായത് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട നിമിഷങ്ങളാണതെന്നര്‍ഥം.
കര്‍മങ്ങളിലെ ആത്മാര്‍ഥതയുടെ കുറവാണ് നമ്മെ തിന്മയിലേക്ക് വീണ്ടും വീണ്ടും അടുപ്പിക്കുന്നത്. ഇന്ന് കര്‍മങ്ങളേറെയാണ്. പലവിധ നന്മകള്‍ ചെയ്യുന്നവര്‍ ഏറെയുണ്ട് നമുക്കിടയില്‍. പക്ഷേ, കര്‍മങ്ങളുടെയെല്ലാം ലക്ഷ്യങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിക്കുമപ്പുറം മറ്റു പലതിലേക്കും ചേക്കേറുമ്പോള്‍ തിന്മകളും നമ്മെ വിട്ടൊഴിയാതെയാകുന്നു. ഇവിടെയാണ് അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാകണം സകല കര്‍മങ്ങളുമെന്നതിന്റെ ആത്മീയതലം നമുക്ക് ബോധ്യപ്പെടേണ്ടത്. ദാന ധര്‍മങ്ങള്‍ ചെയ്യുമ്പോഴും നോമ്പുതുറ ഒരുക്കുമ്പോഴും മറ്റുള്ളവര്‍ കാണാനാണ് എന്ന് ചിന്തിക്കാതെ, ഞാന്‍ ചെയ്തില്ലെങ്കില്‍ നാട്ടുകാര്‍ എന്ത് കരുതുമെന്നാലോചിക്കാതെ അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും ഉള്ളില്‍ കരുതി ചെയ്യുക. മുആദ്(റ) പറയുന്നു: യമനിലെ ന്യായാധിപനായി നിയോഗിച്ചപ്പോള്‍ താന്‍ തിരുനബി(സ)യോട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്നെ ഉപദേശിച്ചാലും. റസൂല്‍(സ) പറഞ്ഞു: നിന്റെ മതം അല്ലാഹുവിന് വേണ്ടി മാത്രമാക്കുക. എന്നാല്‍ നിനക്ക് കുറഞ്ഞ കര്‍മങ്ങള്‍ മതിയാകും.
ഉള്ളില്‍ ഭയഭക്തിയുള്ളവരാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉത്തമര്‍ എന്ന സത്യമറിഞ്ഞ് സമ്പത്തോ മറ്റു ഭൗതിക നേട്ടങ്ങളോ പരിഗണിക്കാതെ ഭക്തിയുടെ മാര്‍ഗത്തില്‍ മത്സരിക്കാനാണ് ഓരോ മനുഷ്യരും ഓരോ റമസാനിലും നെട്ടോട്ടമോടേണ്ടത്. കര്‍മങ്ങള്‍ സ്വീകരിച്ച് സ്വര്‍ഗീയാരാമത്തിലേക്ക് തങ്ങളെ വഴി നടത്തേണമേ എന്നാകണം ഓരോരുത്തരുടെയും സദാ പ്രാര്‍ഥനയും. ആവുന്നിടത്തോളം നല്ലത് ചെയ്ത് അനാവശ്യ സംസാരങ്ങളില്‍ നിന്നും അങ്ങാടി ചര്‍ച്ചകളില്‍ നിന്നും സോഷ്യല്‍ മീഡിയാ വ്യവഹാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. കാരുണ്യത്തിന്റെ മലക്കുകളുടെ ചിറകിലേറി തുറന്നിട്ടിരിക്കുന്ന സ്വര്‍ഗ കവാടങ്ങള്‍ കടക്കാന്‍ ഓരോ സത്കര്‍മങ്ങളും സമ്പാദ്യമായി സ്വരുക്കൂട്ടി വെക്കണം.