First Gear
ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു
മുംബൈ, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ ബൈക്ക് വിതരണം നടക്കുന്നത്.
ന്യൂഡല്‍ഹി| ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ബജാജുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു. അവതരണത്തിന് പിന്നാലെ വാഹനത്തിന് നിരവധി ബുക്കിങ്ങുകളും ലഭിച്ചിരുന്നു. മുംബൈ, ഹൈദരാബാദ്, പൂനെ എന്നീ നഗരങ്ങളിലാണ് ഇപ്പോള്‍ ബൈക്ക് വിതരണം നടക്കുന്നത്.
മറ്റ് നഗരങ്ങളില്‍ വൈകാതെ ട്രയംഫ് സ്പീഡ് 400 ഡെലിവറി ചെയ്ത് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ പുതിയ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന് 2.33 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഈ മോട്ടോര്‍സൈക്കിളിന്റെ ഓണ്‍റോഡ് വില ഡല്‍ഹിയില്‍ 2.63 ലക്ഷം രൂപയാണ്.
പുതിയ ട്രയംഫ് സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ 5,000 യൂണിറ്റ് ഓരോ മാസവും കമ്പനി നിര്‍മ്മിക്കുന്നുണ്ടെന്ന് ബജാജ് അറിയിച്ചു. ആവശ്യക്കാര്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി.
റോയല്‍ എന്‍ഫീല്‍ഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍ തുടങ്ങിയ ബ്രാന്റുകളുടെ 450 സിസിയില്‍ താഴെയുള്ള ബൈക്കുകളുമായിട്ടാണ് ട്രയംഫ് സ്പീഡ് 400 മത്സരിക്കുന്നത്.