Saudi Arabia
സഊദിയിൽ ഡെൽറ്റ വകഭേദം : ആരോഗ്യ മന്ത്രാലയം
ഡെൽറ്റ വേരിയന്റ് ഏറ്റവും ആശങ്കാജനകമാണെന്ന് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ അലി
റിയാദ് | സഊദിയിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പുതിയ കേസുകളിൽ കൊവിഡ് -19 ഡെൽറ്റ വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഡെൽറ്റ വേരിയന്റ് ഏറ്റവും ആശങ്കാജനകമാണെന്ന് സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദ് അൽ അലി പറഞ്ഞു.
പകർച്ചവ്യാധിയുടെ തുടക്കത്തിൽ, വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. അതേസമയം ഈ വേരിയന്റിന് ആറ് മുതൽ ഏഴ് വരെ ആളുകളെ ബാധിക്കാൻ ശേഷിയുണ്ട്. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്നും അതിവേഗം പടരുന്ന ഡെൽറ്റയുടെ സങ്കീർണതകളിൽ നിന്നും പ്രതിരോധം ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും വക്താവ് പറഞ്ഞു. സ്പെഷ്യലിസ്റ്റ് ലബോറട്ടറികളിലും പബ്ലിക് ഹെൽത്ത് അതോറിറ്റിയും നടത്തിയ ജനിതക ക്രമീകരണത്തിലൂടെ എല്ലാത്തരം വൈറസിനുമുള്ള നടപടികൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും,രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് -19 കേസുകളിൽ 60 ശതമാനവും സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ഏഴ് പേര് മരണപ്പെടുകയും പുതുതായി 604 പേർക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന 1011 പേർ രോഗ മുക്തി നേടി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 6649 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,332 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രാജ്യത്തെ 8419 പേരാണ് രോഗം ബാധിച്ച് മരണപെട്ടതെന്നും മന്ത്രാലയം അറിയിച്ചു.