Connect with us

National

ട്രൈബല്‍ വകുപ്പില്‍ ഉന്നത കുലജാതര്‍ വരണമെന്ന ആവശ്യം; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശം

ഇത്തരം ചര്‍ച്ചകള്‍ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു

Published

|

Last Updated

ന്യൂഡല്‍ഹി | ട്രൈബല്‍ വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതന്‍ വരണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റുമായ സി കെ ജാനു. തങ്ങളെ പോലെയുളളവര്‍ അടിമകളായി തുടരണമെന്ന് പറയുകയാണ് സുരേഷ് ഗോപിയെന്നും ഇത്തരം ചര്‍ച്ചകള്‍ പോലും ഉയരുന്നത് ഇന്ത്യക്ക് അപമാനമാണെന്നും അവര്‍ പറഞ്ഞു.

അടിമ-മാടമ്പി മനോഭാവമാണിത്. ഉന്നതകുലജാതര്‍ മാത്രമാണ് വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ആദിവാസി വിഭാഗത്തിലുളളവര്‍ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. ഇനിയും ഉന്നതര്‍ വരണമെന്നാണ് പറയുന്നത്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ആദിവാസികള്‍ക്ക് ഭരണഘടന നല്‍കുന്ന വ്യവസ്ഥകള്‍ ഉണ്ട്. നൂറ്റാണ്ടുകളായി ഉന്നത കുലജാതര്‍ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. വംശഹത്യ നേരിടുന്ന കാലത്ത് ഉന്നതര്‍ വരണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും സികെ ജാനു പറഞ്ഞു.

സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണന്‍ എം പിയും ആരോപിച്ചു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആദിവാസി വകുപ്പിന്റെ ചുമതലയില്‍ ഉന്നതകുലജാതര്‍ വരണമെന്നും വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.

 

Latest