Connect with us

Kerala assembly

ആവശ്യങ്ങളിൽ തീരുമാനമായില്ല; സഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം, സഭ നിർത്തിവെച്ചു

സര്‍ക്കാര്‍ പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണെന്ന് വി ഡി സതീശൻ സഭയിൽ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നുപോലും തീരുമാനമായില്ലെന്നും ചർച്ച നടത്തിയില്ലെന്നും ആരോപിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധം. പ്രതിപക്ഷ ബഹളത്തിനിടെയാണ് ചോദ്യോത്തരവേള പുരോഗമിച്ചത്. ബഹളം തുടർന്നതോടെ ചോദ്യോത്തര വേള റദ്ദാക്കി സഭ താൽക്കാലികമായി നിർത്തിവെച്ചു. 11 മണിക്ക് കാര്യോപദേശ സമിതി യോഗം ആരംഭിക്കും.

സര്‍ക്കാര്‍ പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണെന്ന് വി ഡി സതീശൻ സഭയിൽ പറഞ്ഞു. സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുകയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

നിയമസഭയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. ലോ- കോളജിലെ എസ് എഫ് ഐ സംഘര്‍ഷം ഉന്നയിച്ച് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക എന്ന ലക്ഷ്യവുമായാണ് ഇന്നത്തെ പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം ഉന്നയിച്ച് നോട്ടീസ് നല്‍കുന്നത് തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ്.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പോലീസിനെ അയച്ച മോദി സര്‍ക്കാറിന്റെ അതേ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എം എൽ എമാർക്കെതിരായ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ചൂണ്ടിക്കാട്ടി സതീശൻ സഭയിൽ പറഞ്ഞു. വനിതാ എം എല്‍ എമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്. കെ കെ രമ അടക്കമുള്ള വനിതാ എം എൽ എമാർക്കെതിരെ സൈബർ ആക്രമണവുമുണ്ടെന്നും സതീശൻ പറഞ്ഞു.

Latest