articles
അറസ്റ്റ് ചെയ്യപ്പെട്ടത് ജനാധിപത്യം
ഉമ്പര്‍ട്ടോ പറയുന്ന പാരമ്പര്യാരാധനയും യുക്തിനിരാസവും മുതല്‍ 14 ലക്ഷണങ്ങളും ഒന്ന് പോലും കുറയാതെ മോദിയില്‍ സമ്മേളിക്കുന്നത് കാണാം.
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഒരു സംഭവം എന്നതില്‍ ഉപരിയായി ഒരു സൂചകം ആണ്. വരും നാളുകളില്‍ ‘മോദിഫൈഡ്’ ഇന്ത്യയില്‍ എന്തായിരിക്കും പ്രതിപക്ഷത്തിന്റെ സ്ഥിതി എന്നതിലേക്കുള്ള ചൂണ്ടുപലക. പ്രതിപക്ഷത്തോടുള്ള അസഹിഷ്ണുത പ്രധാനമന്ത്രിയുടെ വായില്‍ നിന്ന് തന്നെ പലവട്ടം കേട്ടതാണ്. ‘കോണ്‍ഗ്രസ്സ്മുക്ത ഭാരതം’ എന്ന മുദ്രാവാക്യം കോണ്‍ഗ്രസ്സിനെതിരെ മാത്രമാണ് എന്ന് ധരിച്ചവരുണ്ട്. രാജ്യം സുദീര്‍ഘകാലം ഭരിച്ച, മുഖ്യ പ്രതിപക്ഷ കക്ഷിയെ രാജ്യത്ത് നിന്ന് തന്നെ നിര്‍മാര്‍ജനം ചെയ്യണം എന്ന് പറയുമ്പോള്‍, അത് പ്രഖ്യാപിക്കുന്നത് പ്രതിപക്ഷത്തോടുള്ള ഭരിക്കുന്നവരുടെ സമീപനമാണ്. അത് തന്നെയാണ് പ്രത്യക്ഷത്തില്‍ ഇപ്പോള്‍ നടപ്പാക്കപ്പെടുന്നതും.
ഫാസിസത്തെ – അതിന്റെ സങ്കീര്‍ണതകളോടു കൂടി തന്നെ നിരവധി പേര്‍ അവരവരുടേതായ രീതികളില്‍ നിര്‍വചിച്ചിട്ടുണ്ട്. അങ്ങനെ നിര്‍വചിച്ചവരില്‍ പ്രമുഖനാണ് ഇറ്റാലിയന്‍ ചിന്തകനായ ഉമ്പര്‍ട്ടോ എക്കോ. ഫാസിസം എന്ന പ്രതിഭാസത്തെ 14 ലക്ഷണങ്ങള്‍ കൊണ്ട് സവിസ്തരം പ്രതിപാദിക്കുന്നതാണ് ഉമ്പര്‍ട്ടോ എക്കോയുടെ ക്ലാസ്സിക്കല്‍ നിര്‍വചനം. ഉമ്പര്‍ട്ടോ പറയുന്ന പാരമ്പര്യാരാധനയും യുക്തിനിരാസവും മുതല്‍ 14 ലക്ഷണങ്ങളും ഒന്ന് പോലും കുറയാതെ മോദിയില്‍ സമ്മേളിക്കുന്നത് കാണാം. ആ പതിനാലെണ്ണത്തില്‍ എക്കോ പറയുന്ന, ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിയോജിപ്പുകളോടുള്ള ഭയം. എല്ലാ കാലത്തും എല്ലാ ഫാസിസ്റ്റുകളും പ്രവര്‍ത്തിച്ചിട്ടുള്ളത് എല്ലാ എതിര്‍പ്പുകളെയും ഇല്ലാതാക്കാന്‍ തന്നെയാണ്.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്നതും അതാണ്. മോദിയുടെ അമിതാധികാര പ്രവണതകളെ പൊതുവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന് വിളിക്കുന്നവരുണ്ട്. അവര്‍ അബോധപൂര്‍വമോ ബോധപൂര്‍വമോ തന്നെ മറന്ന് പോകുന്നത്, അടിയന്തരാവസ്ഥ, അതിന്റെ എല്ലാ പോരായ്മകളും നിലനില്‍ക്കുമ്പോള്‍ തന്നെ, ഭരണഘടനാ പ്രയോഗമാണ് എന്നുള്ളതാണ്. അതേസമയം സംഘ്പരിവാര്‍ നേതാക്കള്‍ ഭരണഘടനാ മൂല്യങ്ങളിലോ ഭരണഘടനയിലോ തന്നെ വിശ്വസിക്കുന്നില്ല എന്നിടത്താണ് പ്രശ്നം. ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കണം എന്ന് പലവുരു പറഞ്ഞ പരിവാര്‍ നേതാക്കള്‍ ഉണ്ട്. അംബേദ്കര്‍ നിര്‍മിച്ച ഭരണഘടനയെ അട്ടിമറിക്കുക എന്നത് തന്നെയാണ് ആര്‍ എസ് എസിന്റെ ആത്യന്തിക ലക്ഷ്യം.
അതിന് തടസ്സം, നിയമ നിര്‍മാണ സഭകളിലെ ഭൂരിപക്ഷം മാത്രമാണ്. അത് സാധ്യമാകുന്നത് വരെ, ഭരണഘടനയെ തന്നെ നോക്കുകുത്തിയാക്കി ഭരണം നടത്തുക എന്നതാണ് സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തന ശൈലി. നിയമ സംവിധാനത്തിന്റെ നിഷ്പക്ഷത എന്ന് പറയുന്നത് ഒരു പാഴ് വാക്കായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ സംവിധാനങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങളുടെ കളിപ്പാവകളായി മാറി. നിരവധി നേതാക്കളാണ് അത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുകയും ജയിലില്‍ അടക്കപ്പെടുകയും ചെയ്തത്. ആ നിരയില്‍ ഏറ്റവും അവസാനത്തെ ആളാണ് അരവിന്ദ് കെജ്രിവാള്‍.
ആം ആദ്മി പാര്‍ട്ടി ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായത് തന്നെയാണ്, അരവിന്ദ് കെജ്രിവാള്‍ പ്രതിചേര്‍ക്കപ്പെടാന്‍ ആദ്യത്തെ കാരണം. കോണ്‍ഗ്രസ്സുമായുള്ള സീറ്റ് ധാരണകള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ നേരത്തേ പൂര്‍ത്തീകരിച്ചത് പ്രകോപനം ഇരട്ടിപ്പിച്ചിട്ടുണ്ടാകണം. കെജ്രിവാളിന്റെ അറസ്റ്റ് പരിവാറിന്റെ എതിര്‍ പാളയത്തില്‍ ഉള്ളവരില്‍ മാത്രമല്ല, സ്വന്തം പക്ഷത്തും ഭീതി വിതക്കാന്‍ പാകത്തില്‍ സംവിധാനം ചെയ്യപ്പെട്ടത് തന്നെയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്, ബി ജെ പി. എം പിമാര്‍ അടക്കം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സ് അടക്കമുള്ള പാര്‍ട്ടികളിലേക്ക് പോകുന്ന വാര്‍ത്തകള്‍ നമ്മള്‍ കേട്ട് തുടങ്ങിയത്.
കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്ന അശോക് ചവാന്‍ അടുപ്പമുള്ളവരോട് അതിന്റെ കാരണമായി പറഞ്ഞത് ഇ ഡിയെ പേടിച്ചെന്നാണ്. അതായത് ഒരേ സമയം ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനും പിടിച്ച് നിര്‍ത്തുന്നതിനുമുള്ള റ്റു ഇന്‍ വണ്‍ (ഠംീ ശി ീില) സംവിധാനമായി രാജ്യത്തെ അന്വേഷണ ഏജന്‍സിയെ ഭരിക്കുന്നവര്‍ മാറ്റിത്തീര്‍ത്തിരിക്കുന്നു എന്ന് പറയേണ്ടിവരും.
രാജ്യ തലസ്ഥാനത്ത് ഒരു മുഖ്യമന്ത്രിയാണ് അമിതാധികാര പ്രയോഗത്തിന്റെ ഇരയെങ്കില്‍, സാധാരണ പൗരന്‍മാരുടെ കാര്യത്തില്‍ അത് നല്‍കുന്ന സന്ദേശം സുവ്യക്തമാണ്. ബ്രെഹ്റ്റിന്റെ ഭാവനയിലെ ഭയം ഭരിക്കുന്ന നഗരം ഇപ്പോള്‍ ഡല്‍ഹിയാണ്. അതിനെതിരില്‍ ഒരുമിച്ച് ഒരു പ്രതിരോധം സാധ്യമാണോ എന്നതാണ് നമ്മുടെ തന്നെ നിലനില്‍പ്പിനെ നിര്‍ണയിക്കുന്ന ചോദ്യം.