Connect with us

National

ജനാധിപത്യം അപകടത്തിലാണ്; പ്രതിപക്ഷം മാര്‍ച്ച് നടത്തി, മുഴുവന്‍ എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

നിരോധനാജ്ഞ ലംഘിച്ചു നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത മുഴുവന്‍ എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തി. ജനാധിപത്യം അപകടത്തിലാണ് എന്ന ബാനറുമായി  പ്രതിപക്ഷ പാര്‍ട്ടികള്‍ ആരംഭിച്ച മാര്‍ച്ച് പൊലീസ് തടഞ്ഞു.നിരോധനാജ്ഞ ലംഘിച്ചു നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത മുഴുവന്‍ എം.പിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  2019 ലെ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിലും അദാനി ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്. ഈ വിഷയങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശ്രദ്ധയില്‍ പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.

ലണ്ടനിലെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കത്തയച്ച രാഹുലിനെ നിശബ്ദനാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രം വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനാണ് ഈ മാര്‍ച്ച് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് പ്രസിഡന്റ് ദ്രൗപതി മുര്‍മുവുമായി പ്രതിപക്ഷ പാര്‍ട്ടി കൂടിക്കാഴ്ച നടത്തും. രാഹുലിനെതിരെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് പല സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് യൂണിറ്റുകള്‍ ഒരേസമയം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

സൂറത്ത് കോടതി വിധിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെയും മറ്റ് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ‘കള്ളന്‍’ പരാമര്‍ശത്തിലൂടെ രാഹുല്‍ ഒബിസി സമുദായത്തെ അവഹേളിച്ചതിന് ജുഡീഷ്യറിയില്‍ നിന്നാണ് ശിക്ഷ ലഭിച്ചതെന്ന് ബിജെപി പറഞ്ഞു.

സഭാനടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാര്‍ട്ടി എംപിമാരുടെ യോഗത്തിന് ശേഷം രാഹുല്‍ ഗാന്ധി ലോക്സഭാ നടപടികളില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിവിധ വിഷയങ്ങളെ ചൊല്ലിയുള്ള ബഹളങ്ങള്‍ക്കൊടുവില്‍ സഭ സമ്മേളിച്ച് നിമിഷങ്ങള്‍ക്കകം ഉച്ചയ്ക്ക് 12 മണി വരെ സഭ നിര്‍ത്തിവച്ചു. അതിനു തൊട്ടുപിന്നാലെയാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് വിട്ടത്.