Connect with us

Articles

ജനാധിപത്യം തോല്‍ക്കുന്നത് തുടരും

മഹാരാഷ്ട്രയിലെ പ്രതിസന്ധി പറഞ്ഞുവെക്കുന്നത് ഇന്ത്യയുടെ ജനാധിപത്യം നേരിടുന്ന ബി ജെ പിയുടെ വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകളാണ്. തിരഞ്ഞെടുപ്പുകളില്‍ ജനഹിതം എതിരായിരുന്നാലും തക്കം പാര്‍ത്തിരുന്ന് അധികാരം കൈയടക്കുന്ന കുതന്ത്രങ്ങള്‍ ബി ജെ പി ഓരോ തവണയും കൂടുതല്‍ ശക്തിയില്‍ പ്രയോഗിക്കുകയാണ്.

Published

|

Last Updated

രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായി പരിഗണിക്കപ്പെടുന്ന മഹാരാഷ്ട്രയില്‍ വലിയൊരു ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. മഹാ വികാസ് അഖാഡി ഭരണ സഖ്യത്തെ നയിക്കുന്ന ശിവസേനയുടെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ ഭരണത്തിനെതിരെ പാര്‍ട്ടിയിലെ ഒരുപറ്റം എം എല്‍ എമാര്‍ വിമത നീക്കം നടത്തിയതോടെയാണ് രണ്ടര വര്‍ഷത്തെ ഭരണത്തിന് ഏകദേശം അവസാനമായിരിക്കുന്നത്. സേനയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് ഉദ്ധവിനെതിരെയുള്ള പടനീക്കം നടന്നതെങ്കിലും പിന്നില്‍ അധികാരദാഹിയായ ബി ജെ പിയാണെന്ന് കരുതപ്പെടുന്നു.

2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് അപ്രതീക്ഷിത വഴിത്തിരിവുകളുടെ പാതിരാ നാടകങ്ങള്‍. അതുവരെ ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ ഉറച്ച സഖ്യമായിരുന്ന ബി ജെ പി – ശിവസേന സഖ്യം തകരുന്ന കാഴ്ചയാണ് ആദ്യം കണ്ടത്. അധികാരമാവര്‍ത്തിച്ച ഹിന്ദുത്വ സഖ്യത്തില്‍ മുഖ്യമന്ത്രിപദം ശിവസേനക്ക് വേണമെന്ന ആവശ്യം ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഫഡ്നാവിസ് നിരസിച്ചു. നേരത്തേ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തതായിരുന്നെന്നും ശിവസേനയെ ബി ജെ പി വഞ്ചിച്ചുവെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. ബി ജെ പി ബാന്ധവം പൊളിച്ച് എന്‍ സി പി യുമായും കോണ്‍ഗ്രസ്സുമായും സഖ്യം ചേരാന്‍ ഉദ്ധവ് തീരുമാനിച്ചു.

ശിവസേനയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയ മുന്നണിയുടെ ചരിത്രം തന്നെ അമ്പരന്നു നിന്ന സമയമായി അത് മാറി. എന്നാല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ കരുനീക്കങ്ങള്‍ക്ക് സമയം കണ്ടെത്തി. രാഷ്ട്രപതി ഭരണവും നിലവില്‍ വന്നു. ഇതിനിടയില്‍ എന്‍ സി പി നേതാവ് അജിത് പവാറിനെയും കുറച്ച് എം എല്‍ എമാരെയും അടര്‍ത്തി ഫഡ്നാവിസ് സര്‍ക്കാറുണ്ടാക്കാന്‍ തുനിഞ്ഞു. അതിനുവേണ്ടി ഡല്‍ഹിയിലിരുന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചരടുവലിച്ചു. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കിയെന്ന ഉത്തരവ് രാത്രിക്ക് രാത്രി ഒപ്പിടീച്ചു പാസ്സാക്കി. അന്ന് തന്നെ നേരം പുലരും മുന്നേ ഫഡ്നാവിസ് സര്‍ക്കാര്‍ രൂപവത്കരിച്ചു. പക്ഷേ മൂന്ന് ദിവസം മാത്രം നീണ്ട ബി ജെ പി സര്‍ക്കാറിനെ ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ്സ് മുന്നണി താഴെയിറക്കി.
തീവ്ര ഹിന്ദുത്വ താത്പര്യങ്ങളും അതിലേറെ മറാത്താ ദേശീയതയും ഉയര്‍ത്തിക്കാട്ടി രൂപവത്കരിക്കപ്പെട്ട പ്രസ്ഥാനമാണ് ശിവസേന. ബാല്‍താക്കറെ മുംബൈ കേന്ദ്രീകരിച്ചു നടത്തിയ രാഷ്ട്രീയ സ്വാധീനങ്ങള്‍ മഹാരാഷ്ട്ര മുഴുവന്‍ വ്യാപിച്ചു. അവരുടെ അതിദേശീയ സിദ്ധാന്തങ്ങള്‍ ആര്‍ എസ് എസിനെ പോലും പലപ്പോഴും പിറകിലാക്കി. ബാബരി ധ്വംസനം തുടങ്ങി ബോംബെ കലാപം അടക്കം വംശീയ സാമൂഹികതയുടെ ഏറ്റവും തീവ്രവമായ ധ്രുവീകരണങ്ങള്‍ ശിവസേന നടപ്പാക്കിപ്പോന്നു. അധികാര രാഷ്ട്രീയത്തില്‍ എവിടെയും ബാല്‍ താക്കറെ സ്വയം പ്രതിഷ്ഠിച്ചില്ലെങ്കിലും കിംഗ് മേക്കറാകാന്‍ മാത്രം ദൃശ്യത അയാള്‍ക്കും പാര്‍ട്ടിക്കുമുണ്ടായിരുന്നു. ബി ജെ പിയുമായുള്ള സഹവര്‍ത്തിത്വം ശിവസേനയുടെ രാഷ്ട്രീയ വ്യവഹാരത്തിന് പറ്റുന്നതായിരുന്നു. എന്നാല്‍ ബാല്‍ താക്കറെയുടെ അവസാന നാളുകളില്‍ പാര്‍ട്ടി ദുര്‍ബലപ്പെട്ടുതുടങ്ങി. മകന്‍ ഉദ്ധവ് താക്കറെ ശിവസേനയുടെ നേതൃസ്ഥാനത്തേക്ക് വരുന്നത് ഉദ്ധവിന്റെ മാതുലപുത്രനായ രാജ്താക്കറയെ ചൊടിപ്പിച്ചു. ശിവസേന പിളര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന കൂടിയുണ്ടായി. 2009ലെ തിരഞ്ഞെടുപ്പില്‍ മുംബൈയിലെ മാത്രം കണക്കുകള്‍ നോക്കുമ്പോള്‍ എം എന്‍ എസ് ശിവസേനയെ അതിജയിക്കാന്‍ തുടങ്ങുന്നു എന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ പതിയെ രാജ്താക്കറെയും എം എന്‍ എസും മങ്ങിപ്പോയി. 2012ല്‍ ബാല്‍ താക്കറെ മരണപ്പെട്ടതോടെ ഉദ്ധവ് പാര്‍ട്ടിയുടെ എല്ലാ അധികാരങ്ങളും ഉറപ്പിച്ചു. 2019ല്‍ ഉദ്ധവ് താക്കറെ മഹാരഷ്ട്ര സര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി.

കേന്ദ്രത്തില്‍ രണ്ടാമൂഴം കണ്ടെത്തിയെങ്കിലും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈ ഉള്‍ക്കൊള്ളുന്ന മഹാരാഷ്ട്രയുടെ ഭരണം കൈയിലില്ലാത്തത് ബി ജെ പി ഒരു പോരായ്മയായി കണ്ടു. കോണ്‍ഗ്രസ്സുമായും എന്‍ സി പി യുമായും ശിവസേന സഖ്യം ചേര്‍ന്നതും സര്‍ക്കാര്‍ രൂപവത്കരിച്ചതും ദേശവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ക്ക് വലിയ ശക്തി നല്‍കി. ശിവസേനയെ ബി ജെ പി കാര്‍ന്നുതിന്നുന്നത് തിരിച്ചറിഞ്ഞ സേനാ നേതാക്കള്‍ പുതിയ സഖ്യത്തില്‍ തൃപ്തിപ്പെടാന്‍ തയ്യാറായിരുന്നു എന്നതാണ് ഉദ്ധവിന് അന്ന് സഖ്യരൂപവത്കരണത്തിനുള്ള ധൈര്യം കൊടുത്തത്. ശിവസേനയുടെ മുഖപത്രമായ സാംന നിരന്തരം ബി ജെ പിയെയും മോദിയെയും ആക്രമിച്ചു. മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളടക്കം ഭരണത്തിലെ ഓരോ വീഴ്ചകളും സാംനയിലൂടെ അടിമുടി വിമര്‍ശനത്തിന് വിധേയമായി.

പാര്‍ലിമെന്റില്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും ശക്തമായ പിന്തുണയായി ശിവസേനയുടെ സഞ്ജയ് റൗത് മാറി. അതുവരെയുള്ള സേനയുടെ ഹിന്ദുത്വ രാഷ്ട്രീയം പുനര്‍നിര്‍വചിക്കപ്പെട്ട നാളുകളായിരുന്നു ഇക്കഴിഞ്ഞ രണ്ടര വര്‍ഷം. മുസ്‌ലിം വിരുദ്ധതയിലൂന്നിയ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ശിവസേന എതിര്‍ക്കാന്‍ തുടങ്ങി. ആര്‍ എസ് എസ് ശക്തി കേന്ദ്രമായ നാഗ്പൂര്‍ അടക്കമുള്ള കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സ് വലിയ ജയം പിടിക്കാന്‍ സേനയുടെ നിലപാടുകള്‍ കാരണമായി. ബി ജെ പിയുടെ വര്‍ഗീയ താത്പര്യങ്ങള്‍ മഹാരാഷ്ട്രയിലെ ശിവസേന സഖ്യ സര്‍ക്കാറിന്റെ നയനിലപാടുകളില്‍ തട്ടിത്തടഞ്ഞു വീഴുന്നത് കാണാമായിരുന്നു. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ച സുള്ളി ഡീല്‍സ്- ബുള്ളി ഭായ് ആപ്പുകള്‍ക്ക് പിന്നിലെ കുറ്റക്കാരെ അറസ്റ്റുചെയ്യാന്‍ മുംബൈ പോലീസ് ശ്രദ്ധേയമായ താത്പര്യം കാണിച്ചതും ബി ജെ പിക്ക് വേണ്ട പ്രോപഗണ്ടകള്‍ ഒരുക്കുന്നതില്‍ കേമനായ അര്‍ണാബ് ഗോസ്വാമിയെ വിവിധ തട്ടിപ്പു കേസുകളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും സംഘ്പരിവാരത്തിന് വലിയ വെല്ലുവിളിയൊരുക്കി.

സര്‍വ ധര്‍മ സമഭാവനയാണ് ശിവസേനയുടെ താത്പര്യമെന്ന് പാര്‍ട്ടി നേതൃത്വം നിലപാടുകളെടുത്തു. സംഘ്പരിവാറിന്റെ ആസൂത്രിതമായ കലാപ ശ്രമങ്ങളെ ശക്തമായി തന്നെ ഉദ്ധവ് താക്കറെയുടെ സര്‍ക്കാര്‍ ഒതുക്കി. മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പള്ളികളില്‍ ഹനുമാന്‍ ചാലിസ പാടിപ്പിക്കും എന്ന ഭീഷണിയെ, ഹനുമാന്‍ ചാലിസകള്‍ നിരോധിച്ചുകൊണ്ടാണ് മഹാ വികാസ് അഖാഡി സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്.
നിരന്തരം ബി ജെ പിക്ക് വെല്ലുവിളിയായി മാറിയ ഒരു സര്‍ക്കാറിനെ എങ്ങനെയെങ്കിലും അട്ടിമറിക്കാന്‍ തക്കം പാര്‍ത്തിരുന്ന ബി ജെ പി ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പോടെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയെന്നാണ് മനസ്സിലാകുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴും കൂടുതല്‍ രാജ്യസഭാംഗങ്ങളെ ബി ജെ പിക്ക് ജയിപ്പിച്ചെടുക്കാനായി. ശിവസേന ജയിച്ചേക്കുമെന്ന് കരുതിയ ഒരു സീറ്റ് ജയിച്ചുകൊണ്ടാണ് സര്‍ക്കാറിനെതിരെ ആദ്യ പ്രഹരം ബി ജെ പി നല്‍കിയത്. തുടര്‍ന്നുണ്ടായ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ കളം നിറഞ്ഞ കളിയാണ് രാഷ്ട്രീയ മറാത്ത കണ്ടത്. ഇതോടെ അപകടം മണത്ത ഉദ്ധവ് താക്കറെ എന്തെങ്കിലും ചെയ്യും മുന്നേ ഏക്‌നാഥ് ഷിന്‍ഡെ ഗുജറാത്തിലേക്ക് കടന്നു. സൂറത്തിലെ ഹോട്ടലില്‍ തങ്ങിയ ഷിന്‍ഡെ കൂടുതല്‍ എം എല്‍ എമാരെ അങ്ങോട്ടെത്തിച്ചു. അവിടെ ബി ജെ പിയുടെ ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ സംരക്ഷണവും ഷിന്‍ഡെക്കും വിമത എം എല്‍ എമാര്‍ക്കും നല്‍കി. പിന്നീട് അവരെ അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി. അവിടെ കേന്ദ്ര സേനയുടെയും അസം പോലീസിന്റെയും കവചത്തിനുള്ളില്‍ നിന്നുകൊണ്ട് വിമത സേന എം എല്‍ എമാര്‍ മഹാ വികാസ് അഖാഡി സര്‍ക്കാറിന് അന്ത്യകൂദാശ ചൊല്ലുന്നു.

ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ചുനിന്ന് ബി ജെ പിയോട് സഖ്യപ്പെടണമെന്നായിരുന്നു ഷിന്‍ഡെയുടെ ആവശ്യം. എന്‍ സി പി നേതാവ് ശരദ് പവാറിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു, ശിവസേന എം എല്‍ എമാര്‍ക്ക് ആവശ്യത്തിന് ഫണ്ട് നല്‍കുന്നില്ല, കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെ “സാംന’യിലൂടെ അതിരുവിട്ട് പുകഴ്ത്തുന്നു എന്നിങ്ങനെ പരാതികള്‍ നീളുന്നു. കൂടാതെ ബാലാസാഹേബ് പഠിപ്പിച്ച ഹിന്ദുത്വയില്‍ നിന്ന് ഉദ്ധവ് താക്കറെ വഴിതെറ്റിയെന്നാണ് ഷിന്‍ഡെയുടെ ഏറ്റവും വലിയ കുറ്റപ്പെടുത്തല്‍.

ഷിന്‍ഡെ ഇപ്പോള്‍ ഉയര്‍ത്തുന്ന പരാതികള്‍ ഇതൊക്കെയാണെങ്കിലും ഇപ്പോഴുള്ള അട്ടിമറി നീക്കം ഉരുത്തിരിയുന്നത് ഇ ഡിയെ വിട്ടുള്ള ബി ജെ പിയുടെ ഭീഷണികള്‍ മൂലമാണെന്ന് സംശയിക്കുന്നവരുണ്ട്. രണ്ടര വര്‍ഷത്തെ അധികാരത്തിന്റെ ഭാഗമായി ഇരുന്ന ഒരാള്‍ ഇപ്പോള്‍ സഖ്യത്തില്‍ തനിക്ക് എതിര്‍പ്പുണ്ടെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടുന്നതില്‍ അസ്വാഭാവികതയുണ്ടല്ലോ. മഹാരാഷ്ട്ര സര്‍ക്കാറില്‍ സാധാരണഗതിയില്‍ മുഖ്യമന്ത്രിമാര്‍ തന്നെ കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട വകുപ്പായ നഗര വികസനം ഏല്‍പ്പിച്ചു കൊടുത്ത വിശ്വസ്തനായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ എന്നതും ഈ സംശയത്തിന് കനം നല്‍കുന്നു. ബാല്‍ താക്കറെയുടെ അടുത്ത ശിഷ്യനായി വന്ന ഷിന്‍ഡെ ശിവസേനയില്‍ ഉദ്ധവിനേക്കാള്‍ മികച്ച സ്ഥാനം താനര്‍ഹിക്കുന്നുണ്ടെന്ന് വിശ്വസിച്ചുകാണണം.

മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ കൊവിഡ് ബാധിതനായതിന് ശേഷം എം എല്‍ എമാരുമായും സഖ്യകക്ഷി നേതാക്കളുമായും പൊതു പ്രവര്‍ത്തകരുമായും സംവദിക്കുന്നത് കുറഞ്ഞുവന്ന സാഹചര്യത്തില്‍ ശിവസേനക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനെളുപ്പമാണെന്ന് തത്പര കക്ഷികള്‍ കൃത്യമായി ഗണിച്ചു. മുഖ്യമന്ത്രി കൊവിഡ് ബാധിതനായ നാളുകളില്‍ ഒരു ഭാഗത്ത് ഉദ്ധവിന്റെ മകനും യുവസേനയുടെ അധ്യക്ഷനും മന്ത്രിയുമായ ആദിത്യ താക്കറെ സര്‍ക്കാറില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും പാര്‍ട്ടിയില്‍ സ്വാധീനം വിപുലപ്പെടുത്തുന്നതും ഷിന്‍ഡെയെ പോലുള്ളവര്‍ക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല.
ശിവസേന പോലെ ഒരു പ്രസ്ഥാനം പിളര്‍ത്തുന്നതിന് സമാനമായി പ്രവര്‍ത്തിക്കാന്‍ ഷിന്‍ഡെക്ക് ധൈര്യം നല്‍കിയവര്‍ ഉചിതമായ സമയം കുറിച്ചുകൊടുത്ത് ഷിന്‍ഡെയെയും കൂട്ടരെയും സര്‍ക്കാറിന് എതിരില്‍ നിര്‍ത്തി. ഇ ഡി അടക്കമുള്ള ഏജന്‍സികളുടെ റഡാറിലുള്ളവരാണ് ഷിന്‍ഡെയും ഷിന്‍ഡെയുടെ കൂടെയുള്ള ഇരുപതിലധികം എം എല്‍ എമാരുമെന്ന് മുതിര്‍ന്ന സേനാ നേതാവ് സഞ്ജയ് റൗത്ത് ആരോപിക്കുന്നു. നേരത്തേ കോണ്‍ഗ്രസ്സ് മന്ത്രിയായിരുന്ന ഹര്‍ഷവര്‍ധന്‍ പാട്ടീല്‍ ബി ജെ പിയില്‍ ചേര്‍ന്നതുകൊണ്ട് എന്താണ് ഗുണമുണ്ടായത് എന്ന ചോദ്യത്തിന് ഒരിക്കല്‍ നല്‍കിയ ഉത്തരം “ഇ ഡിയെയും അതുപോലുള്ള ഏജന്‍സികളെയും പേടിക്കാതെ രാത്രി കിടന്നുറങ്ങാന്‍ പറ്റുന്നുണ്ടല്ലോ’ എന്നായിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വ്യാപകമായി പറഞ്ഞുകേള്‍ക്കുന്ന ആരോപണങ്ങളാണ് ഇ ഡി, ഇന്‍കം ടാക്‌സ്, എന്‍ സി ബി, സി ബി ഐ തുടങ്ങിയ ഏജന്‍സികള്‍ ബി ജെ പിയുടെ ഇലക്ടറല്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുകയാണ് എന്നത്.

സ്വന്തം പാളയത്തില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നത് അറിയാതെ പോയ തെറ്റാണ് പ്രധാനമായും ഉദ്ധവിന് പറ്റിയത്. ഏറെ ജനകീയനായ മുഖ്യമന്ത്രി എന്ന സര്‍വേ റിപോര്‍ട്ടുകളില്‍ മനസ്സുടക്കിയ മുഖ്യമന്ത്രി ഏത്‌നിമിഷവും ആടിയുലഞ്ഞേക്കാവുന്ന രാഷ്ട്രീയത്തിന്റെ സ്ഥിരാസ്ഥിര സാധ്യതകളില്‍ ശ്രദ്ധ കൊടുത്തില്ല. എതിര്‍ത്തു നില്‍ക്കുന്നതും എതിര്‍ പക്ഷത്തു നില്‍ക്കുന്നതും കാശെറിഞ്ഞും കൈയൂക്ക് കാണിച്ചും ജനാധിപത്യ വിധികളെ ലാഘവത്തോടെ അട്ടിമറിക്കുന്ന ബി ജെ പിയാണെന്ന് ഉദ്ധവ് ഉറക്കത്തിലും ഓര്‍ക്കണമായിരുന്നു. 1991ല്‍ സേനയുടെ ഒ ബി സി മുഖമായിരുന്ന ചാഗന്‍ ഭുജ്ബാലിന്റെ പാളയത്തില്‍ പടയും 2006ലെ രാജ് താക്കറെയുടെ പിളര്‍പ്പും അതിജീവിച്ച പാര്‍ട്ടിക്ക് അന്നത്തെപോലെ ഇന്ന് ബാല്‍ താക്കറെയില്ല. ഇപ്പോഴുള്ള പ്രതിസന്ധി ഉദ്ധവിന് മറികടക്കാനാകുമോ എന്ന് കണ്ടറിയണം. ശിവസേന ഹിന്ദുത്വയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്ന് പറയുന്ന ഉദ്ധവ് പഴയ ആശയങ്ങളിലേക്ക് തിരികെ പോകാന്‍ തയ്യാറായി തോറ്റുകൊടുക്കുമോ അതോ പുതിയ നിര്‍വചനം ചാര്‍ത്തിയ ഹിന്ദുത്വയുമായി മുന്നോട്ടുപോകുമോ എന്ന് കാത്തിരുന്ന് കാണാം.

മഹാരാഷ്ട്രയിലെ പ്രതിസന്ധി ഒരിക്കല്‍ കൂടി പറഞ്ഞുവെക്കുന്നത് ഇന്ത്യയുടെ ജനാധിപത്യം നേരിടുന്ന ബി ജെ പിയുടെ വെല്ലുവിളികളെ കുറിച്ചുള്ള ആശങ്കകളാണ്. തിരഞ്ഞെടുപ്പുകളില്‍ ജനഹിതം എതിരായിരുന്നാലും തക്കം പാര്‍ത്തിരുന്ന് അധികാരം കൈയടക്കുന്ന കുതന്ത്രങ്ങള്‍ ബി ജെ പി ഓരോ തവണയും കൂടുതല്‍ ശക്തിയില്‍ പ്രയോഗിക്കുകയാണ്. ഇത്തരം അട്ടിമറികളെയും കുതിരക്കച്ചവടങ്ങളെയും സാധ്യമാക്കുന്ന അധികാര കേന്ദ്രമായ അമിത് ഷായെ ചൂണ്ടി ചാണക്യന്‍ എന്നൊക്കെ പുകഴ്ത്തുന്ന മാധ്യമ വ്യവഹാരങ്ങള്‍ കാണുമ്പോള്‍ ഓക്കാനം വരുന്നത് ചിലര്‍ക്ക് മാത്രമല്ലല്ലോ.

Latest