Connect with us

Editorial

ബ്രിട്ടീഷ് തിരഞ്ഞെടുപ്പിലെ ജനാധിപത്യ പാഠങ്ങള്‍

സ്റ്റാര്‍മറില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള മുന്‍ ശ്രമം അദ്ദേഹം ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴില്‍ വിസകളുടെ കാര്യത്തിലും അനുകൂല നയം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയോട് ഊഷ്മളമായ ബന്ധം പുലര്‍ത്തുകയെന്നത് ചരിത്രപരമായ കര്‍ത്തവ്യമാണെന്നതിനപ്പുറം സാമ്പത്തിക മുരടിപ്പിലൂടെ കടന്ന് പോകുന്ന ബ്രിട്ടന് അത് അനിവാര്യം കൂടിയാണ്.

Published

|

Last Updated

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി ആധികാരിക വിജയത്തോടെ അധികാരം പിടിച്ചിരിക്കുന്നു. കിയ്്ർ സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍, 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് ഭരണത്തിലെ പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. 1997ല്‍ ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ നേടിയ 179 സീറ്റിന്റെ ഭൂരിപക്ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടി നേടിയ വമ്പന്‍ വിജയമാണ് ഇത്തവണത്തേത്. ലേബര്‍ പാര്‍ട്ടി 36 ശതമാനം വോട്ടും 411 സീറ്റുകളും നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞ തവണത്തേക്കാള്‍ 20 ശതമാനം വോട്ട് നഷ്ടത്തില്‍ 121 സീറ്റില്‍ ഒതുങ്ങി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട 20 ശതമാനം വോട്ടില്‍ 14 ശതമാനവും പിടിച്ചത് തീവ്രവലതുപക്ഷ പാര്‍ട്ടിയായ റിഫോം യു കെയാണെന്നത് ഗൗരവതരമായി കാണേണ്ട വിഷയമാണ്.

ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ബ്രക്‌സിറ്റ് അനുകൂലികളും പടര്‍ത്തിയ കുടിയേറ്റവിരുദ്ധതയുടെയും അതിദേശീയതയുടെയും ഗുണഭോക്താക്കളാകുന്നത് തീവ്രവലതുപക്ഷക്കാരാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വോട്ട് ചോര്‍ച്ച. ലിബറല്‍ ഡെമോക്രാറ്റുകള്‍ 71 സീറ്റ് നേടി.

ലേബര്‍ നേതാക്കളുടെ സ്വീകാര്യതയേക്കാള്‍ കണ്‍സര്‍വേറ്റീവ് തോല്‍വിക്ക് കാരണമായത് അഞ്ച് പ്രധാനമന്ത്രിമാരെ പരീക്ഷിച്ചിട്ടും പരിഹരിക്കാന്‍ കഴിയാതെ പോയ ഗുരുതരമായ ഭരണപരാജയങ്ങളാണ്. സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവും എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ ബാധിക്കുന്നതായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ മുരടിപ്പിലൂടെയാണ് കടന്നു പോകുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പാപഭാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് മേല്‍ പതിച്ചുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.

സമ്പന്നരും ദരിദ്രരും മുതിര്‍ന്നവരും യുവാക്കളുമെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ഇരയായതിനാല്‍ എല്ലാ തരം വോട്ടര്‍മാരെയും സ്വാധീനിക്കുന്ന വിഷയമായി അത് മാറി. ജീവിതച്ചെലവ് കുതിച്ചുയരുന്നത് പരിഹരിക്കാന്‍ ഋഷി സുനക് വന്നിട്ടും സാധിച്ചില്ല.
സമ്പദ് വ്യവസ്ഥയെ നേരെയാക്കാന്‍ ദേശീയ ആരോഗ്യ നയം പരിഷ്‌കരിക്കുമെന്നും സേവനം, ഭവന നിര്‍മാണ സംവിധാനം, ഊര്‍ജ മേഖല, മറ്റ് പ്രധാന വ്യവസായങ്ങള്‍ തുടങ്ങിയവയില്‍ പരിഷ്‌കരണം കൊണ്ടുവരുമെന്നും പ്രഖ്യാപിച്ചാണ് ലേബര്‍ നേതാവ് കിയ്്ർ സ്റ്റാര്‍മര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ജനജീവിതത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയ സാമൂഹിക സുരക്ഷാ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാനും ചെലവ് ചുരുക്കാനുമുള്ള കണ്‍സര്‍വേറ്റീവ് നയത്തിന്റെ നേര്‍ വിപരീതമാണ് കിയ്്ർ സ്റ്റാര്‍മര്‍ മുന്നോട്ട് വെച്ച സാമ്പത്തിക നയം. സര്‍ക്കാറുകള്‍ വെറും ക്രമസമാധാനനില മാത്രം നോക്കുന്ന പോലീസ് സ്റ്റേറ്റായാല്‍ മതിയെന്ന മുതലാളിത്ത കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായിരുന്നു തെരേസ മെയും ബോറിസ് ജോണ്‍സും ലിസ് സ്ട്രസും ഋഷി സുനകുമെല്ലാം മുന്നോട്ട് വെച്ചത്. ഈ നയത്തിനെതിരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.

അതുകൊണ്ട്, മനുഷ്യരുടെ ജീവിത പ്രശ്‌നത്തെ മറച്ച് പിടിക്കാന്‍ കുടിയേറ്റവിരുദ്ധത പോലുള്ള വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തിയത് കൊണ്ടോ കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ കൊണ്ടോ ഭരണയന്ത്രം ഉപയോഗിച്ചുള്ള സ്വാധീനിക്കല്‍ കൊണ്ടോ സാധിക്കില്ലെന്ന ജനാധിപത്യ പാഠമാണ് ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് മുന്നോട്ട് വെക്കുന്നത്. ആ അര്‍ഥത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയം ലോകത്താകെയുള്ള ജനാധിപത്യവാദികള്‍ക്ക് ആവേശകരമാണ്.

എന്നാല്‍ ലേബര്‍ പാര്‍ട്ടിയെന്ന മധ്യ, ഇടത് പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ ബ്രിട്ടന്റെ മുന്‍ഗണനകള്‍ അപ്പടി മാറുമെന്നോ പേരിലുള്ളത് പോലെ തൊഴിലാളി വര്‍ഗം അധികാരത്തില്‍ വന്നുവെന്നോ ആഘോഷിക്കുന്നത് വലിയ മൗഢ്യമായിരിക്കും. അമേരിക്കയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ യുദ്ധമെന്ന പേരില്‍ ലോകത്താകെ നടത്തിയ സര്‍വ അതിക്രമങ്ങള്‍ക്കും ആളും അര്‍ഥവും നല്‍കി കൂട്ടുനിന്നത് ലേബര്‍ പാര്‍ട്ടി നേതാവായിരുന്ന ടോണി ബ്ലെയറായിരുന്നുവെന്നോര്‍ക്കണം.

ഫലസ്തീന്‍ വിഷയത്തിലോ യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിലോ നവ ഉദാരവത്കരണ സാമ്പത്തിക നയത്തിലോ വലിയൊരു വ്യത്യാസം ഇന്ന് ടോറികളും (കണ്‍സര്‍വേറ്റീവ് പാര്‍ട്ടി) ലേബറുകളും തമ്മിലില്ല. കുടിയേറ്റ വിഷയത്തിലും ടോറികളില്‍ നിന്ന് തികച്ചും വിഭിന്നമായ ഒരു നയം സ്റ്റാര്‍മര്‍ പിന്തുടരുമെന്ന് പറയാനാകില്ല.
സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം പകരല്‍, സമരത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ അനുനയിപ്പിക്കല്‍, ഫലസ്തീന്‍ വിഷയത്തില്‍ ശരിയായ നിലപാടെടുക്കല്‍, യൂറോപ്യന്‍ യൂനിയനില്‍ നിന്ന് പുറത്ത് കടന്നതിന്റെ കെടുതികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കല്‍, മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ദേശീയധാരയില്‍ കൂടുതല്‍ ഇടം നല്‍കല്‍ തുടങ്ങി നിരവധി വെല്ലുവിളികള്‍ സ്റ്റാര്‍മര്‍ക്ക് മുമ്പിലുണ്ട്. സ്റ്റാര്‍മറിന് അവ മറികടക്കാനാകുമോയെന്നതാണ് ചോദ്യം.

ബ്രിട്ടീഷ് പൗരസമൂഹത്തില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. നാല് വര്‍ഷം മുമ്പ് ലേബര്‍ തലപ്പത്ത് എത്തുമ്പോള്‍ സ്റ്റാര്‍മര്‍ ഇന്ത്യാവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന നിലപാടുകളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പിന്നീട് നിലപാട് മാറ്റി. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തു. ലേബര്‍ ടിക്കറ്റില്‍ റെക്കോര്‍ഡ് എണ്ണം ഇന്ത്യന്‍ വംശജരെ മത്സരിപ്പിച്ചു. കോട്ടയത്ത് വേരുകളുള്ള സോജന്‍ ജോസഫ് അടക്കമുള്ളവര്‍ ഉജ്വല വിജയം നേടുകയും ചെയ്തു. സ്റ്റാര്‍മറില്‍ നിന്ന് വലിയ നേട്ടങ്ങള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള മുന്‍ ശ്രമം അദ്ദേഹം ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിലെ പ്രധാന വിപണി എന്ന നിലയിലും ഇന്ത്യയും യു കെയും തമ്മിലുള്ള പരമ്പരാഗത ബന്ധത്തിന്റെ അടിസ്ഥാനത്തിലും ലേബര്‍ പാര്‍ട്ടി വിട്ടുവീഴ്ചക്ക് വിധേയമാകേണ്ടി വരും.

സ്വതന്ത്ര വ്യാപാര കരാറിന് ഊന്നല്‍ നല്‍കി ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. തൊഴില്‍ വിസകളുടെ കാര്യത്തിലും അനുകൂല നയം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. തങ്ങള്‍ ചൂഷണവിധേയമാക്കിയ കോളനി (കോമണ്‍വെല്‍ത്ത്) രാജ്യമെന്ന നിലയില്‍ ഇന്ത്യയോട് ഊഷ്മളമായ ബന്ധം പുലര്‍ത്തുകയെന്നത് ചരിത്രപരമായ കര്‍ത്തവ്യമാണെന്നതിനപ്പുറം സാമ്പത്തിക മുരടിപ്പിലൂടെ കടന്ന് പോകുന്ന ബ്രിട്ടന് അത് അനിവാര്യം കൂടിയാണ്. ഉഭയ കക്ഷി പ്രയോജനക്ഷമതയായിരിക്കും ഇന്ത്യ- ബ്രിട്ടന്‍ ബന്ധത്തെ നിര്‍ണയിക്കുകയെന്ന് ചുരുക്കം.

Latest