muslim league issue
മുസ്ലിം ലീഗിനെ വെല്ലുവിളിച്ച് കണ്ണൂരില്‍ വിമത വിഭാഗത്തിന്റെ ശക്തിപ്രകടനം
ഗ്രൂപ്പ് പ്രശ്നങ്ങളുടെ ഭാഗമായിട്ടായിരുന്നു തളിപ്പറമ്പ മുസ്ലിം ലീഗ് പിളര്‍ന്ന് ഒരു വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

തളിപ്പറമ്പ (കണ്ണൂര്‍) | മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ വിമത വിഭാഗത്തിന്റെ ശക്തിപ്രകടനം. പുതുതായി രൂപവത്കരിച്ച ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സസ്പെന്റ് ചെയ്യപ്പെട്ടവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് അള്ളാം കുളം വിഭാഗത്തിലെ ഇരുന്നൂറിലേറെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പുതുതായി രൂപവത്കരിച്ച തളിപ്പറമ്പ മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി ഭാരവാഹികളെ ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് തളിപ്പറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടിക്കും ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനു മറുപടിയായാണ് പരസ്യ പ്രകടനവുമായി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത്. അള്ളാംകുളം മഹ്മൂദ് അനുകൂലികള്‍ നടത്തിയ പ്രകടനം മന്നയില്‍ നിന്ന് ആരംഭിച്ച് കപ്പാലം വഴി മാര്‍ക്കറ്റ് റോഡ് വഴി നഗരം ചുറ്റി ഹൈവേ പള്ളിയ്ക്ക് സമീപം സമാപിച്ചു. ഗ്രൂപ്പ് പ്രശ്നങ്ങളുടെ ഭാഗമായിട്ടായിരുന്നു തളിപ്പറമ്പ മുസ്ലിം ലീഗ് പിളര്‍ന്ന് ഒരു വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
മാഫിയകളില്‍ നിന്നും രക്ഷിച്ച് പാര്‍ട്ടിയെ ശുദ്ധീകരിക്കുന്നതിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെയുളള ജില്ലാ നേതൃത്വത്തിന്റെ നടപടി പാര്‍ട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന പ്രവര്‍ത്തകരോടുളള വെല്ലുവിളിയാണെന്ന് പുതിയ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. പ്രകടനത്തിന് എ പി ഉമ്മര്‍, കെ വി അസുഹാജി, പാലക്കോടന്‍ മജീദ്, പി അബ്ദുല്‍ റഹീം, ഐച്ചേരി മുഹമ്മദ് കുഞ്ഞി നേതൃത്വം നല്‍കി. ഹൈവേ പള്ളിയ്ക്ക് സമീപം നടന്ന സമാപന യോഗത്തില്‍ പുതിയ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി ജന. സെക്രട്ടറി കെ മുഹമ്മദ് ബഷീര്‍ പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യത്തിന് നന്ദി പറഞ്ഞു.