National
കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുസ്സഹമായി
വായുമലിനീകരണത്താല്‍ പൊറുതിമുട്ടുന്ന ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കനത്തതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി.
ന്യൂഡല്‍ഹി | കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും തലസ്ഥാനമായ ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നു. സ്ഥിതിഗതികള്‍ ഏറെ രൂക്ഷമായ ഡല്‍ഹിയില്‍ മഞ്ഞ ജാഗ്രതയുണ്ട്. വായുമലിനീകരണത്താല്‍ പൊറുതിമുട്ടുന്ന ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് കനത്തതോടെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായി. 385 ആണ് വായുമലിനീകരണ സൂചികയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ കാഴ്ചാപരിധി പൂജ്യമായി. ഇത് വ്യോമ, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നലെ മാത്രം 30 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു. 150 ലേറെ വിമാനങ്ങള്‍ വൈകി. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടല്‍ മഞ്ഞ് സര്‍വീസുകളെ ബാധിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയുണ്ട്. മൈനസ് മൂന്നു മുതല്‍ മൈനസ് ആറ് വരെയാണ് ഈ സംസ്ഥാനങ്ങളിലെ താപനില.