Connect with us

tomato price

പച്ചക്കറി വില നിയന്ത്രണം 'തക്കാളി വണ്ടി'കളുമായി കൃഷി വകുപ്പ്

വിലക്കയറ്റം ചെറുക്കാൻ ഡയറക്ടർക്ക് കരുതൽ ധനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനം നേരിടുന്ന പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി “തക്കാളി വണ്ടി’കൾ വിപണിയിലിറക്കി കൃഷി വകുപ്പ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികളാണ് നിരത്തിലിറക്കുന്നതെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. തക്കാളി വണ്ടിയുടെ ഔപചാരിക ഉദ്ഘാടനം കൃഷിമന്ത്രി ഇന്നലെ തിരുവനന്തപുരം വികാസ് ഭവനിൽ നിർവഹിച്ചു.

ഇന്ന് മുതൽ മുഴുവൻ ജില്ലകളിലും വിൽപ്പന ആരംഭിക്കും. തക്കാളി ഉൾപ്പെടെ പച്ചക്കറിയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. തക്കാളി വണ്ടിയിൽ 50 രൂപക്ക് ഒരു കിലോ തക്കാളിയും വിലക്കുറവിൽ മറ്റ് പച്ചക്കറികളും ലഭ്യമാക്കും. രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവർത്തനം ഉറപ്പാക്കുക. ഇതോടൊപ്പം കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തക്കാളിയും മറ്റു പച്ചക്കറികളും സംഭരിച്ച് വിതരണം ചെയ്യുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്.

സ്ഥിരം വിപണിയില്ലാത്ത സ്ഥലങ്ങളിൽ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന വിൽപ്പനശാലകളും ഔട്ട്‌ലെറ്റുകളും ആരംഭിക്കും. കൂടുതൽ സംഭരണ കേന്ദ്രങ്ങളിൽ പച്ചക്കറി ശേഖരിച്ച് വിൽപന നടത്താൻ സർക്കാർ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി എട്ട് കോടി രൂപ പ്രത്യേകം അനുവദിച്ചിരുന്നു. വിലക്കയറ്റം മുൻകൂട്ടി കണ്ട് ഇടപെടൽ നടത്തുന്നതിന് കൃഷി സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൃഷി ഡയറക്ടർ കൺവീനറായി കമ്മിറ്റി രൂപവത്കരിച്ചു. പച്ചക്കറി വിതരണ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു കരുതൽ ധനം കൃഷി ഡയറക്ടർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഈ പണം ഉപയോഗിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യാൻ കൃഷിവകുപ്പിന് സാധിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നതിനായി സ്ഥിരം കമ്മിറ്റി കൃഷി ഡയറക്ടറുടെ നേതൃത്വത്തിൽ രൂപവത്കരിച്ചിട്ടുണ്ട്. പ്രതിദിനം 40 ടൺ പച്ചക്കറി വീതം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സംഭരിച്ച് ഹോർട്ടികോർപിന്റെ ചില്ലറ ശാലകളിലൂടെ വിൽപ്പന നടത്തുന്നുണ്ട്. ഇതിന് പുറമെ കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി ഞാനും കൃഷിയിലേക്ക് എന്ന ക്യാമ്പയിൻ അടുത്തമാസം ഒന്നിന് ആരംഭിക്കും. ഹോർട്ടികോർപിന്റെ നേതൃത്വത്തിൽ പുതുവത്‌സര- ക്രിസ്മസ് ചന്തകൾ ആരംഭിക്കും. 22 മുതൽ ജനുവരി ഒന്ന് വരെ ചന്തകൾ പ്രവർത്തിക്കും. നിലവിൽ 1,937 വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.