From the print
ഡിജിറ്റലായി മോട്ടോർ വാഹന വകുപ്പ്; ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുന്ന അന്നുതന്നെ ലൈസൻസ്
ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസ്സായി മിനിട്ടുകൾക്കകം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാ നാകും
തിരുവനന്തപുരം | സംസ്ഥാനത്ത് വാഹന ലൈസൻസും ആർ സി ബുക്കും പ്രിന്റ്ചെയ്ത് നൽകുന്നത് നിർത്തലാക്കുന്നു. ഇനി എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം.
ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർ സി ബുക്കിന്റെയും പ്രിന്റിംഗാണ് നിർത്തലാക്കുന്നത്. ആധുനിക കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചുണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ നിർണായക നീക്കമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു.
ട്രാൻസ്‌പോർട്ട് കമ്മീഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് ഡിജിറ്റൽ നീക്കങ്ങൾ വേഗത്തിലാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ ലൈസൻസ് തപാൽ വഴി വരാൻ രണ്ട് മാസം വരെ കാത്തിരിക്കണം. ആർ സി ബുക്കിനുവേണ്ടി കാത്തിരിക്കേണ്ടത് മൂന്ന് മാസത്തോളമാണ്.ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസ്സായി മിനിട്ടുകൾക്കകം തന്നെ ലൈസൻസ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാ
നാകും. എം പരിവാഹൻ സൈറ്റിലെ സാരഥിയിൽ നിന്ന് ലൈസൻസ് ഡൗൺലോഡ് ചെയ്യാം. ഡിജി ലോക്കറിലും ഇത്തരത്തിൽ വാഹന രേഖകൾ സൂക്ഷിക്കാനാകും.
വാഹന പരിശോധനാ സമയത്ത് ഉദ്യോഗസ്ഥന് ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് രേഖകൾ പരിശോധിക്കാം. രേഖകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതുമാണ്. ഇതോടെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഡിജിറ്റലാകുന്ന നാലാമത്തെ സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം.