Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടി; സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന ആവശ്യം ശക്തം

അനധികൃതമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ക്ക് സാധ്യത. ഇത്തരക്കാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ അതാത് വകുപ്പുകളോട്് ധനവകുപ്പ് നിര്‍ദേശിച്ചു.

അനര്‍ഹമായി പണം തട്ടിയെടുത്ത ഹസറ്റഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിയിലേക്ക് കടക്കണമെന്നും ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും ആവശ്യം ശക്തമായി. ഈ തട്ടിപ്പു നടത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

അനധികൃതമായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപറ്റിയ 1,458 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അവര്‍ ജോലി ചെയ്യുന്ന വകുപ്പുകള്‍ക്ക് ധന വകുപ്പ് കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ മേലധികാരികള്‍ ഉദ്യോഗസ്ഥരോട് വിശദികരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സര്‍വീസ് ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളിലേക്ക് കടക്കും. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്ന് സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ വകുപ്പ് തല നടപടി ഉറപ്പാക്കും.
അവിഹിതമായി കൈപ്പറ്റിയ പണം പലിശ സഹിതം തിരികെ പിടിക്കണമെന്ന ധനവകുപ്പ് നിര്‍ദേശം വേഗത്തില്‍ നടപ്പിലാക്കുന്ന രീതിയില്‍ ക്രമക്കേട് നടത്തിയ ഒരോ ഉദ്യോഗസ്ഥനെതിരേയും ഉത്തരവുകള്‍ അതാത് വകുപ്പ് പുറപ്പെടുവിക്കും.

നടന്നത് ഗുരുതരമായ അഴിമതിയും വഞ്ചനയും ആണെന്ന് വ്യക്തമാണെങ്കിലും വകുപ്പ് തല നടപടികളില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ഉള്ളവര്‍ വരെ പാവപ്പെട്ടവര്‍ക്കുള്ള പണം തട്ടിയെടുത്ത സംഭവം ഗുരുതര സ്വഭാവമുള്ളതായി കണ്ട് ഇത്തരക്കാരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന ആവശ്യം ശക്തമാണ്.

പോലീസ് അന്വേഷണം അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കണമെന്നും ക്രമക്കേടിന് കൂട്ടു നിന്നവരെ അടക്കം നിയമ നടപടികള്‍ക്ക് വിധേയമാക്കി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരിലെ അനര്‍ഹരെ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്താനും ധനവകുപ്പ് തീരുമാനിച്ചു.