Connect with us

Kerala

പരാതി ഉന്നയിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് വകുപ്പുതല താക്കീത്

ഇനിയും കൃത്യവിലോപം ഉണ്ടായാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും താക്കീത്

Published

|

Last Updated

പത്തനംതിട്ട | വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കെതിരേ അടിസ്ഥാന രഹിതമായ പരാതി ഉന്നയിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ആന്‍ഡ് വിജിലന്‍സ് ഓഫീസറുടെ കര്‍ശന താക്കീത്. ആവര്‍ത്തിച്ചാല്‍ വകുപ്പു തല അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.

അനാരോഗ്യമുള്ള എല്‍ പി സ്‌കൂള്‍ അധ്യാപികയെ ആറന്മുള എ ഇ ഒ ദ്രോഹിക്കുന്നുവെന്ന് കാട്ടി നല്‍കിയ പരാതിയില്‍ അവര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ആയിരുന്ന കെ എസ് ബീനാ റാണിക്കെതിരെ എ ഇ ഒ. ജെ നിഷ പൊതുവിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറും വിജിലന്‍സ് ഓഫീസറുമായ സി എ സന്തോഷ് നടത്തിയ അന്വേഷണത്തില്‍ എ ഇ ഒയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് കര്‍ശനമായി താക്കീത് ചെയ്തിരിക്കുന്നത്.

2020 മേയ് 31ന് മെഴുവേലി ഗവ. എല്‍ പി എസില്‍ ഉണ്ടായ പ്രധാന അധ്യാപികയുടെ ഒഴിവിലേക്ക് സീനിയര്‍ അധ്യാപികയായ എ ആര്‍  ശ്രീലതയ്ക്ക് എ ഇ ഒ പൂര്‍ണ ചുമതല നല്‍കിയിരുന്നു. അധ്യാപികയാകട്ടെ ജോലിയില്‍ പ്രവേശിക്കാതെ അവധിക്ക് അപേക്ഷ നല്‍കി. എ ഇ ഒയുടെ നടപടിക്കെതിരേ അംഗപരിമിതിയുള്ള അധ്യാപിക കമ്മിഷണര്‍ക്ക് പരാതി അയയ്ക്കുകയും ചെയ്തു. ഈ അധ്യാപികയ്ക്ക് അനുകൂലമായ നിലപാട് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആയിരുന്ന ബീനാറാണി സ്വീകരിച്ചുവെന്നും ചുമതല ഏറ്റ നാള്‍ മുതല്‍ തന്നെ ദ്രോഹിക്കുന്ന നിലപാടാണ് ഉപഡയറക്ടറുടെ ഭാഗത്ത് നിന്നുമുള്ളതെന്നും കാട്ടിയാണ് എ ഇ ഒ. ജെ നിഷ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ക്ക് പരാതി അയച്ചത്.

ശാരീരികമായി പരിമിതികളുളള അധ്യാപികയെ അത് കണക്കിലെടുക്കാതെ എ ഇ ഒ പരസ്യമായി അധിക്ഷേപിച്ചുവെന്നും തന്നില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ എ ഇ ഒ യഥാസമയം നിര്‍വഹിച്ചിട്ടില്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അടിയന്തര നടപടി സ്വീകരിച്ചതെന്നും ബീനാ റാണി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല, ജെ നിഷ മേലധികാരിയുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും ഇത് എ ഇ ഒയ്ക്ക് ചേര്‍ന്നതല്ലെന്നും ഉപഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമര്‍പ്പിച്ച വസ്തുതകള്‍ ശരിയാണെന്ന് കണ്ടെത്തി. ബീനാ റാണിക്കെതിരേ ഉന്നയിച്ച പരാതിക്ക് ബലമേകുന്ന തെളിവുകള്‍ ഹാജരാക്കാനും എ ഇ ഒയ്ക്ക് കഴിഞ്ഞില്ല. ഉപജില്ലാ തലത്തില്‍ പരിഹരിക്കേണ്ട പ്രശ്നം ഇത്രയധികം സങ്കീര്‍ണമാക്കിയത് നിഷയാണെന്ന് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇനിയും ഇത്തരം കൃത്യവിലോപം ഉണ്ടായാല്‍ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും താക്കീത് നല്‍കിക്കൊണ്ടുളള ഉത്തരവില്‍ പറയുന്നു. കെ എസ് ബീനാറാണി നിലവില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ക്യൂ ഐ പി) ആണ്.

Latest