Prathivaram
ആശ്രയം
ഗോവിന്ദൻ മാഷ്ക്ക് എൺപതിനടുത്ത് പ്രായം വരും. ഭാര്യ ശാരദയ്ക്ക് എഴുപത്തഞ്ച് കഴിഞ്ഞിരിക്കുന്നു. ആകെയുള്ള രണ്ട് ആൺമക്കളിൽ മൂത്ത മകൻ പ്രശോഭ് ദുബൈയിലും ഇളയ മകൻ ശ്രീലാൽ മുംബൈയിലും കുടുംബസമേതം താമസിക്കുന്നു.
വർഷത്തിലൊരിക്കൽ രണ്ട് മക്കളും അച്ഛനെയും അമ്മയെയും കാണാൻ വരും. വന്നാലും അധികം ദിവസം വീട്ടിലുണ്ടാകില്ല. ഭാര്യയും മക്കളുമൊരുമിച്ചുള്ള വിനോദയാത്രയാണ് പ്രധാന ലക്ഷ്യം.
“എങ്ങനെ വളർത്തിയതാണ് അവരെ…’ സങ്കടം ഉള്ളിൽ നിറയുമ്പോൾ ശാരദ പറയും.
“എന്തിനാ വിഷമിക്കുന്നത്? അവർക്ക് ഒരുപാട് തിരക്കുകളും ജോലിയിൽ ടെൻഷനുമുള്ളതല്ലേ… മനസ്സിനൊരു ആശ്വാസം കിട്ടാനല്ലേ അവർ ടൂറിന് പോകുന്നത്. അവർക്ക് നമ്മളോട് സ്നേഹമില്ലാതിരിക്ക്യോ?’ മാഷ് ആശ്വസിപ്പിക്കും.
“ആ.. ‘ ശാരദ നെടുവീർപ്പിടും.
ഒരു ദിവസം കുളിമുറിയിൽ ശാരദ വഴുക്കി വീണ് ഷോൾഡറിലെ എല്ല് പൊട്ടി. ഓപ്പറേഷൻ ചെയ്തെങ്കിലും അതത്ര വിജയകരമായില്ല. അതുകൊണ്ടുതന്നെ വീട്ടിലെ പണിയെടുക്കാൻ പറ്റാത്ത അവസ്ഥയിലായി ശാരദ.
രാവിലെ മുറ്റമടിക്കാനായി അമ്മിണി വരും. ജോലിക്കാരെ കിട്ടാത്തതു കൊണ്ട് ബാക്കി പണിയെല്ലാം ചെയ്യുന്നത് ഗോവിന്ദൻ മാഷാണ്. അതു കാണുമ്പോൾ ശാരദ പറയും:
“എനിക്ക് നിങ്ങളുണ്ട്. എനിക്കെന്തെങ്കിലും പറ്റിയാൽ നിങ്ങടെ കാര്യമാലോചിക്കുമ്പോഴാ വിഷമം’
“എന്തിനാ വിഷമിക്കുന്നത്? എനിക്കതിന് ഒരു കുഴപ്പവുമില്ലല്ലോ ശാരദേ…’
“ഷുഗറും കൊളസ്ട്രോളും കുഴപ്പക്കാരല്ലേ?’
“അതെല്ലാവർക്കും ഉണ്ട്. ഇല്ലെങ്കിലാണ് കുഴപ്പം’. മാഷ് ചിരിച്ചു.
സമ്പാദ്യമെല്ലാം ഫിക്സഡ് ഡെപ്പോസിറ്റായി ബേങ്കിലിട്ടിരിക്കുകയാണ്. ഡെപ്പോസിറ്റ് റെസീറ്റുകൾ ഒരു കെട്ടുണ്ട്. അതെല്ലാം ഒരു ബാഗിൽ സൂക്ഷിച്ചിരിക്കുകയാണ് മാഷ് . ബാഗ് തുറന്ന് അതെല്ലാം പരിശോധിച്ച് കാലാവധി കഴിഞ്ഞു കിട്ടുന്ന തുകകൾ കൂട്ടിനോക്കുന്നത് ഗോവിന്ദൻ മാഷ്ടെ ഹോബിയാണ്.
റസീറ്റുകളുടെ കിലുക്കം കേൾക്കുമ്പോൾ ശാരദ ടീച്ചർക്ക് ചിരി വരും. എന്നിട്ട് ചിരിച്ചുകൊണ്ട് അവർ ചോദിക്കും:
“തുടങ്ങി, അല്ലേ?’
അന്നേരം മാഷ് പറയും:
“കുഞ്ഞോന് മൂന്ന് പെൺകുട്ടികളല്ലേ..’
മുംബൈയിലുള്ള ഇളയ മകൻ ശ്രീലാലിന്റെ കാര്യമാണ് മാഷ് പറയുന്നത്. അവന് മൂന്ന് മക്കളും പെൺകുട്ടികളായതിൽപ്പിന്നെ വേവലാതിയാണ് മാഷ്ക്ക്. അവരുടെ പഠനത്തിനും കല്യാണത്തിനും കുറച്ചൊന്നുമല്ല പണം വേണ്ടത്. ഗൾഫിലുള്ള മൂത്ത മകൻ പ്രശോഭിന്റെ കാര്യത്തിൽ അത്തരം ആശങ്കയൊന്നും മാഷ്ക്കില്ല. അവനും ഭാര്യക്കും നല്ല ശമ്പളമുള്ള ഉദ്യോഗമുണ്ട്. മക്കളാണെങ്കിൽ രണ്ടും ആൺകുട്ടികൾ.
പക്ഷേ, ശാരദ ഇടയ്ക്കിടെ ആശങ്കപ്പെടും:
“നമ്മുടെ സ്ഥലം മുഴുവൻ അവരുടെ പേരിലാക്കി ഭാഗിച്ചു കൊടുക്കേണ്ടിയിരുന്നില്ല’
ആ പറച്ചിലിന്റെ അർഥം മാഷ്ക്ക് വേഗം മനസ്സിലാകും.
“നമ്മുടെ മക്കൾ നമ്മളെ വീട്ടിൽ നിന്ന് പുറത്താക്കുമോ എന്നല്ലേ നിന്റെ പേടി. നമ്മുടെ മക്കൾ അങ്ങനെ ചെയ്യില്ല. എനിക്കവരെ വിശ്വാസമാണ് ‘
” ഉം..’
ആ മൂളലിലെ സംശയം മനസ്സിലാക്കി ഗോവിന്ദൻ മാഷ് പറഞ്ഞു:
“ഇനിയിപ്പോ പുറത്താക്കീന്ന് വയ്ക്ക്യ. എനിക്ക് പെൻഷൻ കിട്ടുന്നിേല്ല. പിന്നെ ഡപ്പോസിറ്റുമുണ്ടല്ലോ. വാടക വീട്ടിൽ നമുക്ക് സുഖമായി ജീവിക്കാം ശാരദേ… ‘
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ശാരദ ഗോവിന്ദൻ മാഷോട് പറയുന്നത്:
“നല്ല തലവേദന. സഹിക്കാൻ പറ്റുന്നില്ല.’
ചെറിയ അസുഖങ്ങളൊന്നും ശാരദ പറയാറില്ല. അതുകൊണ്ടുതന്നെ പറഞ്ഞതിലെ ഗൗരവം മാഷ് തിരിച്ചറിഞ്ഞു.
“വീഴ്ചയിൽ തലയ്ക്കെന്തെങ്കിലും പറ്റിക്കാണും. നമുക്ക് ഇന്നു തന്നെ ഡോക്ടറെ കാണാം’ മാഷ് പറഞ്ഞു.
ശാരദ തടസ്സമൊന്നും പറഞ്ഞില്ല. അത്രയ്ക്കും ബുദ്ധിമുട്ട് അവർ അനുഭവിക്കുന്നുണ്ടായിരുന്നു.
പരിശോധന കഴിഞ്ഞ് ഡോക്ടർ പറഞ്ഞു:
” സാധാരണയുള്ള തലവേദനയായി തോന്നുന്നില്ല. സ്കാൻ ചെയ്തു നോക്കണം. എന്നാലേ കാരണം വ്യക്തമാകൂ’ സ്കാൻ ചെയ്തു.
തലച്ചോറിൽ ട്യൂമർ. കുറച്ച് പ്രശ്നമാണ്.
എറണാകുളത്തെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.
താൻ പഠിപ്പിച്ച മധുപാൽ അവിടുത്തെ ഡോക്ടറായതിനാൽ മാഷ്ക്ക് കാര്യങ്ങൾ എളുപ്പമായി.
“കുറച്ച് കോംപ്ലിക്കേറ്റാണ്. ഓപ്പറേഷൻ ചെയ്യാൻ പറ്റുന്ന അവസ്ഥയല്ല. മരുന്നു കൊടുത്തു നോക്കാം.’ വിശദമായ പരിശോധനക്ക് ശേഷം ഡോക്ടർ അറിയിച്ചു.
ശാരദയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഗോവിന്ദൻ മാഷ് ആകെ വിഷമിച്ചു. മക്കൾ അടുത്തുണ്ടെങ്കിൽ ആശ്വാസവും സഹായവുമാകും.
മാഷ് ഗൾഫിലുള്ള മൂത്ത മകൻ പ്രശോഭിനെ വിളിച്ചു വിവരം പറഞ്ഞു. അവന്റെ മറുപടി ഉടനെ വന്നു:
“വരണമെന്നുണ്ട്. എനിക്ക് ലീവ് കിട്ടില്ല അച്ഛാ.’
അതിന് നീ ലീവിന് അപേക്ഷിച്ചോ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു ഗോവിന്ദൻ മാഷ്ക്ക്. പക്ഷേ, ചോദിച്ചില്ല.പകരം “ഓക്കെ മോനേ ‘ എന്നു മാത്രം പറഞ്ഞു.
രണ്ടാമത്തവൻ പറഞ്ഞു:
“മക്കളുടെ പഠനം മുടങ്ങില്ലേ അച്ഛാ…’
എന്നാൽ നീ മാത്രം ലീവെടുത്തു വാ എന്ന് പറയണമെന്നുണ്ടായി മാഷ്ക്ക്. അതും പറഞ്ഞില്ല. പക്ഷേ, അതു വായിച്ചെടുത്തതുപോലെ അവൻ പറഞ്ഞു:
“ഞാൻ അടുത്തില്ലെങ്കിൽ അവർ ഒന്നും പഠിക്കില്ല. അല്ലെങ്കിൽ ഞാൻ വന്നേനെ അച്ഛാ… ‘
“ശരിയാണ് കുട്ടികളുടെ പഠനമാണ് വലുത്. അമ്മയെ നോക്കാൻ അച്ഛനുണ്ടല്ലോ’ മാഷ് പറഞ്ഞു.
ബന്ധുക്കൾ കാണാൻ വന്നുവെങ്കിലും ആശുപത്രിയിൽ ഭാര്യക്ക് സഹായം മാഷ് തന്നെയായിരുന്നു.
മരുന്നുകൊണ്ട് കുറവൊന്നുമുണ്ടായില്ല. ഓർമകൾ കുറഞ്ഞുവന്നു. ഒരു ദിവസം ശാരദ പറഞ്ഞു:
” മക്കളെ അറിയിക്കാർന്നില്ലേ… എനിക്കവരെയും പേരമക്കളെയും കാണാൻ കൊതിയാവുന്നു’
“എന്തിനാ അവരെ ബുദ്ധിമുട്ടിക്കുന്നത്. ജോലിത്തിരക്കല്ലേ അവർക്ക്. പിന്നെ കൊച്ചുമക്കളുടെ പഠനവും നോക്കണ്ടെ. നിനക്ക് ഞാനില്ലേ ശാരദേ…’ മക്കളെ വിളിച്ച കാര്യം മാഷ് പറയാൻ പോയില്ല.
ശാരദ പിന്നെ ഒന്നും മിണ്ടിയില്ല.
കണ്ണുകൾ ഈറനണിയുന്നത് അന്നേരം മാഷ് കണ്ടു.
ശാരദയുടെ അവസ്ഥ മോശമായിക്കൊണ്ടിരുന്നു. സംസാരം കുറഞ്ഞു. പറയുന്നതു തന്നെ അവ്യക്തമായി. പരസ്പരബന്ധമില്ലാതെയായി…
നമുക്ക് വീട്ടിലേക്ക് പോകാം എന്ന് പറയുന്നത് ഈ സംസാരങ്ങൾക്കിടയിൽ മാഷ് കേട്ടു…
ഒരാഴ്ചയായപ്പോൾ ഡോക്ടർ മധുപാൽ പറഞ്ഞു:
“ചികിത്സകൊണ്ട് ഇനി പ്രയോജനമില്ല. ഇവിടുത്തെ ചെലവിനെക്കുറിച്ച് മാഷ്ക്ക് അറിയാലോ… ഇനി വീട്ടിലേക്ക് കൊണ്ടുപോയിക്കോളൂ. ആരോടും ഞങ്ങളിങ്ങനെ പറയാറില്ല.’
മാഷ് ചിന്തിച്ചു. വെന്റിലേറ്ററിൽ കിടന്നുള്ള മരണത്തിനേക്കാൾ നല്ലതാണ് വീട്ടിൽ കിടന്നുള്ള മരണം. ശാരദയുടെ ആഗ്രഹവും അതു തന്നെയല്ലേ…
ശാരദയെ മാഷ് വീട്ടിലേക്കു കൊണ്ടുവന്നു.
വലിയൊരു തുക ആശുപത്രിയിൽ ചെലവായി. അക്കാര്യം മക്കൾ അന്വേഷിച്ചതു പോലുമുണ്ടായില്ല, കാശ് വല്ലതും ആവശ്യമുണ്ടോ എന്നൊരു ചോദ്യവുമുണ്ടായില്ല. പെൻഷൻ ആനുകൂല്യങ്ങൾ കിട്ടിയ നല്ലൊരു തുക ബേങ്കിലുണ്ടെന്ന് അവർക്കറിയാം.
ആശുപത്രി ബിൽ അടച്ചത് ശാരദയുടെ സഹോദരൻ സഹദേവനാണ്. ഡപ്പോസിറ്റുകളിൽ ചിലത് ക്ലോസ് ചെയ്ത് ആ പണം മാഷ് സഹദേവന് ഉടൻ തിരിച്ചുകൊടുത്തു. അങ്ങനെ വാക്കു കൊടുത്തിട്ടുണ്ടായിരുന്നു.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ശാരദ മാഷെ വിട്ടുപോയി.
മക്കൾ രണ്ടു പേരും എത്തി.
അമ്മയെ നോക്കി വിങ്ങിപ്പൊട്ടിക്കരഞ്ഞു.
ചടങ്ങുകൾ കഴിഞ്ഞ് മക്കളും കുടുംബവും തിരിച്ചുപോയപ്പോൾ മാഷ് ഒറ്റയ്ക്കായി.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഡപ്പോസിറ്റ് സൂക്ഷിച്ചിരിക്കുന്ന ബാഗ് മാഷ് എടുത്തു കൊണ്ടുവന്നു.
ബാഗിൽ നിന്ന് റസീറ്റുകൾ പുറത്തെടുത്തു…
“കാശ് കൂട്ടിനോക്കൽ വീണ്ടും തുടങ്ങിയോ…’ ശാരദ ചോദിച്ചതു പോലെ മാഷ്ക്ക് തോന്നി.
“കൂട്ടി നോക്കണം ശാരദേ… ഇപ്പോഴിത് വളരെ അത്യാവശ്യമാണ്.’
“എനിക്ക് വേണ്ടി കുറേ ചെലവാക്കിയില്ലേ …കുഞ്ഞോന്റെ മക്കൾക്കു വേണ്ടി വെച്ചതായിരുന്നില്ലേ എല്ലാം…’ തന്റെ തോന്നലുകളിലൂടെ ശാരദ വീണ്ടും ചോദിക്കുന്നത് മാഷ് കേട്ടു.
ഡപ്പോസിറ്റിലെ സംഖ്യകൾ കൂട്ടി നോക്കി മാഷ് അവയെല്ലാം തിരികെ വെച്ചു.
പിറ്റേന്ന് രാവിലെ മാഷ് ബാഗുമായി പുറത്തേക്കിറങ്ങി. ബാഗിനുള്ളിലെ റസീറ്റുകൾക്കൊപ്പം ഒരു ദിനപ്പത്രവുമുണ്ടായിരുന്നു. കൂട്ടിക്കൊണ്ടുപോകാൻ മക്കൾ വരുമെന്ന പ്രതീക്ഷ അസ്തമിച്ച് മെഡിക്കൽ കോളജിലെ വാർഡിലും വരാന്തയിലും കിടക്കുന്ന, അവശരായ വയോധികരുടെ ഫോട്ടോയും പ്രധാന വാർത്തയുമുള്ള പത്രമായിരുന്നു അത്!
യാത്രക്കാരില്ലാതെ വന്ന ഓട്ടോറിക്ഷ കൈ കാണിച്ച് നിർത്തി ഗോവിന്ദൻ മാഷ് അതിൽ കയറി.
“എവിടേക്കാ…?’ ഡ്രൈവർ ചോദിച്ചു.
“ശരണാലയത്തിലേക്ക്?’
ബാഗ് നെഞ്ചോട് ചേർത്തുപിടിച്ച് മാഷ് പറഞ്ഞു.