Connect with us

Kerala

ആശ്രിത നിയമനം: സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി

മരിക്കുമ്പോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ

Published

|

Last Updated

തിരുവനന്തപുരം | ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ മരിക്കുമ്പോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ എന്നതാണ് പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരുന്നവര്‍ ആ സമയത്ത് മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ആശ്രിത നിയമനത്തിന് മരണപ്പെട്ട ജീവനക്കാരുടെ കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നതും പുതിയ വ്യവസ്ഥയില്‍ പറയുന്നു. സര്‍വീസ് സംഘടനകളുടെ വിയോജിപ്പുകള്‍ നിലനില്‍ക്കെയാണ് പുതുക്കിയ മാനദണ്ഡങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതിലാണ് സര്‍വ്വീസ് സംഘടനകള്‍ മുഖ്യമായും വിയോജിപ്പ് പ്രകടിപ്പിച്ചത്. ആശ്രിത നിയമനം വേണ്ടാത്തവര്‍ക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. 18 വയസ്സു കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ട്.എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടാവില്ല. ജീവനക്കാരന്‍ മരിക്കുന്ന തീയതിയില്‍ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍ എന്നിങ്ങനെയാണ് മുന്‍ഗണന. അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നിങ്ങനെയാണ് മുന്‍ഗണനാ ക്രമം. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കുമെന്നും വ്യവസ്ഥയില്‍ പറയുന്നു.

 


---- facebook comment plugin here -----