Editorial
ആശ്രിത നിയമനമോ പിന്‍വാതില്‍ നിയമനമോ?
സര്‍ക്കാര്‍ മേഖലയിലെ ശാപമെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ച പിന്‍വാതില്‍ നിയമനമായിരുന്നു യഥാര്‍ഥത്തില്‍ ആര്‍ പ്രശാന്തിന്റേത്. ആശ്രിത നിയമന ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ ലക്ഷ്യത്തില്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ കനത്ത പ്രഹരമാണ് അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ. കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന്റെ ആശ്രിത നിയമനത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവം. പ്രസ്തുത നിയമനം റദ്ദാക്കിയ 2021 ഡിസംബറിലെ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് തള്ളുകയായിരുന്നു. പൊതുജന സേവകനെന്ന നിലയിലാണ് സര്‍വീസിലിരിക്കെ മരണപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നത്. അതും ചില വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം. എം എല്‍ എയായിരിക്കെ മരിക്കുന്ന വ്യക്തിയുടെ ആശ്രിതര്‍ക്ക് ഈ വ്യവസ്ഥ ബാധകമാകില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് 2018 ഏപ്രിലിലെ സര്‍ക്കാര്‍ ഉത്തരവും ഏപ്രില്‍ പത്തിലെ നിയമന ഉത്തരവും ഹൈക്കോടതി റദ്ദാക്കിയത്.
ജനപ്രതിനിധികളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശ്രിത നിയമനം നല്‍കുന്നത്, പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കളെ വരെ സര്‍ക്കാര്‍ ജോലികളില്‍ നിയമിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ഉത്തരവില്‍ ഹൈക്കോടതി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. ഈ നിയമനത്തിന് അംഗീകാരം നല്‍കുന്നത് സര്‍ക്കാറിനെ കയറൂരി വിടുന്നതിനു തുല്യമാകുമെന്നും സാമൂഹിക വിവേചനങ്ങള്‍ക്ക് വഴിതുറക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേരള സര്‍വീസ് ചട്ടത്തില്‍ ഇതിന് അംഗീകാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
2018ല്‍ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനു പിന്നാലെയാണ് ആര്‍ പ്രശാന്തിന് ജോലി നല്‍കിയത്. 1970ല്‍ നിലവില്‍ വന്ന ആശ്രിത നിയമന ചട്ടമനുസരിച്ച് സര്‍വീസിലിരിക്കെ മരണപ്പെടുന്ന സർക്കാർ ജീവനക്കാരുടെ ജീവിത പങ്കാളിക്കോ മക്കള്‍ക്കോ മരിച്ചയാള്‍ വിവാഹിതനല്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്കോ ജോലി നല്‍കാനേ വ്യവസ്ഥയുള്ളൂ. ഈ ചട്ടം മറികടക്കാന്‍ പ്രശാന്തിനു വേണ്ടി പൊതുമരാമത്ത് വകുപ്പില്‍ അസ്സി. എന്‍ജിനീയറായി ന്യൂമറി തസ്തിക സൃഷ്ടിക്കുകയായിരുന്നു സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാന പ്രകാരമായിരുന്നു നിയമനമെങ്കിലും അന്ന് ഏറെ വിവാദം സൃഷ്ടിച്ചു ഈ സംഭവം. പിതാവ് മരിച്ച ഒഴിവില്‍ മകന്‍ നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് സര്‍വീസില്‍ ജോലി തരപ്പെടുത്തിയതെന്നായിരുന്നു പ്രതിപക്ഷ ആരോപണം. നിയമനത്തിനെതിരെ കോടതിയില്‍ നല്‍കിയ ഹരജിയിലും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
വലിയ കടക്കെണിയിലൂടെ കടന്നു പോകുന്ന സംസ്ഥാന ഭരണകൂടം ആശ്രിത നിയമനം നിര്‍ത്തലാക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. സംസ്ഥാന വരുമാനത്തിന്റെ 70 ശതമാനത്തിലേറെ വിനിയോഗിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കുമാണ്. ഈ ഭാരിച്ച സാമ്പത്തിക ബാധ്യതക്ക് ചെറിയൊരു ആശ്വാസമെന്ന നിലയിലാണ് ആശ്രിത നിയമനത്തില്‍ കൈവെക്കാനുള്ള നീക്കം. മാത്രമല്ല, ആശ്രിത നിയമന രീതി നിര്‍ത്തലാക്കണമെന്ന് 11ാം ശമ്പള കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആശ്രിത നിയമനം സര്‍ക്കാറിന്റെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്ക് ഉയര്‍ന്ന ഗ്രേഡിലേക്കുള്ള സ്വാഭാവിക സ്ഥാനക്കയറ്റം നല്‍കരുതെന്നും ശമ്പള കമ്മീഷന്‍ ആവശ്യപ്പെടുന്നു. ആശ്രിത നിയമനത്തിനു പകരം പ്രത്യേക കുടുംബ പെന്‍ഷന്‍ നല്‍കണമെന്നാണ് കമ്മീഷന്റെ ബദല്‍ നിര്‍ദേശം. പിന്നീട് ഇതുസംബന്ധിച്ച് പഠനം നടത്തിയ പ്രത്യേക സമിതിയും ആശ്രിത നിയമനം ഒഴിവാക്കി ഗ്രാറ്റിവിറ്റിക്കു തുല്യമായ തുക ഒറ്റത്തവണ സഹായമായി നല്‍കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനവകുപ്പിലെയും ഉദ്യോഗസ്ഥ വകുപ്പിലെയും ഭരണ പരിഷ്‌കരണ വകുപ്പിലെയും സെക്രട്ടറിമാരുമടങ്ങുന്നതാണ് സമിതി.
ആശ്രിത നിയമനം വഴി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയെന്നത് സ്ഥാപിതമായ അവകാശമല്ലെന്ന് 2022 ഒക്ടോബറില്‍ സുപ്രീം കോടതി വ്യക്തമാക്കിയതുമാണ്. എഫ് എ സി ടിയില്‍ ലോഡിംഗ് ഹെല്‍പറായി ജോലിചെയ്യവെ മരണപ്പെട്ടയാളുടെ മകളുടെ അപേക്ഷയിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. ഒരാളുടെ വേര്‍പാടുണ്ടാക്കുന്ന പ്രതിസന്ധിയില്‍ കുടുംബത്തെ കരകയറ്റുന്നതിനും പ്രസ്തുത കുടുംബം സാമ്പത്തിക പ്രയാസത്തിലേക്ക് നീങ്ങരുതെന്നുമുള്ള മാനുഷിക പരിഗണന വെച്ച് മാത്രമാണ് ആശ്രിത നിയമനമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരിയാനയില്‍ സര്‍വീസിലിരിക്കെ മരിച്ച പോലീസ് കോണ്‍സ്റ്റബിളിന്റെ മകന്‍ ജോലി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലും ഇതേ നിലപാടാണ് മൂന്നാഴ്ച മുമ്പുണ്ടായ വിധിപ്രസ്താവത്തില്‍ സുപ്രീം കോടതി സ്വീകരിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഹ്‌സനുദ്ദീന്‍ അമാനുല്ല, അഗസ്റ്റിന്‍ ജോസ് മസീഹ് എന്നിവരടങ്ങിയ ബഞ്ച് മകന്റെ അപേക്ഷ തള്ളുകയായിരുന്നു.
സര്‍ക്കാര്‍ മേഖലയിലെ ശാപമെന്ന് സുപ്രീം കോടതി വിശേഷിപ്പിച്ച പിന്‍വാതില്‍ നിയമനമായിരുന്നു യഥാര്‍ഥത്തില്‍ ആര്‍ പ്രശാന്തിന്റേത്. ആശ്രിത നിയമന ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ ലക്ഷ്യത്തില്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. പ്രശാന്തിനു മതിയായ യോഗ്യതകളുണ്ടെന്നും കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് ഉത്തരവ് ഇറക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും സര്‍ക്കാറിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഡ്വ. വി ഗിരി വാദിച്ചെങ്കിലം കോടതി അംഗീകരിച്ചില്ല. ഇത് സര്‍ക്കാറിന്റെ അധികാര പരിധിക്കു പുറത്താണെന്നാണ് കോടതി നിരീക്ഷണം.
പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കിയും ലക്ഷക്കണക്കിനു യുവാക്കളാണ് സംസ്ഥാനത്ത് തൊഴിലിനായി കാത്തിരിക്കുന്നത്. വിവിധ വകുപ്പുകളില്‍ ജീവനക്കാരുടെ എണ്ണം ആവശ്യത്തില്‍ വളരെ കുറവായിട്ടും സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന പരാതിയും ശക്തമാണ്. ഇതിനിടയിലാണ് ചട്ടങ്ങള്‍ ലംഘിച്ച് എം എല്‍ എയുടെ മക്കള്‍ക്ക് ആശ്രിത നിയമനം നല്‍കുന്നത്. ഉദ്യോഗാര്‍ഥികളോട് കാണിക്കുന്ന നീതികേടും സര്‍വീസ് ചട്ടങ്ങളോടുള്ള അനാദരവുമല്ലേ ഇത്?