Connect with us

National

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് പുതിയ കാര്യമല്ല; രാജ്യസഭയിൽ ന്യായീകരണവുമായി എസ് ജയശങ്കര്‍

കുടിയേറ്റക്കാരോട് യുഎസ് പെരുമാറിയ രീതിയിൽ രൂക്ഷ വിമർശനമുന്നയിച്ച് പ്രതിപക്ഷം; പാർലിമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി അംഗങ്ങൾ

Published

|

Last Updated

ന്യൂഡല്‍ഹി | യുഎസിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ച സംഭവത്തില്‍ രാജ്യസഭയിൽ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രി എസ് ജയങ്കര്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് ഒരു പുതിയ സംഭവ വികാസമല്ലെന്നും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാടുകടത്തപ്പെട്ടവരോട് യു എസ് പെരുമാറിയ രീതിയെ ശക്തമായ വിമർശിച്ച പ്രതിപക്ഷത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയശങ്കർ രാജ്യസഭയിൽ പ്രസ്താവന നടത്തിയത്.

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയതിന്റെയോ താമസിച്ചതിന്റെയോ പേരിൽ ഓരോ വർഷവും 100 കണക്കിന് ആളുകളെ നാടുകടത്തുന്നുണ്ട്. 2012ല്‍ ഇത് 500 ആയി കൂടുകയും 2019ല്‍ 2000 കവിയുകയും ചെയ്തിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു.

നിയമപരമായ കുടിയേറ്റത്തെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയും അനധികൃതമായ കുടിയേറ്റത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യണം. ഒരു രാജ്യത്തിന്റെ പൗരൻ മറ്റൊരു രാജ്യത്ത് അനധികൃതമായി കുടിയേറുകയും പിന്നീട് തിരിച്ചയക്കപ്പെടുകയും ചെയ്താൽ അവരെ സ്വീകരിക്കാൻ മാതൃരാജ്യത്തിന് ഉത്തരവാദിത്വമുണ്ട്. തിരിച്ചയക്കപ്പെട്ടവരുടെ പ്രാഥമിക ആവശ്യങ്ങളും ഹോസ്പിറ്റല്‍ ആവശ്യങ്ങളും അമേരിക്ക നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കുടിയേറ്റക്കാരെ കൈയിൽ വിലങ്ങണിയിച്ച് സൈനിക വിമാനത്തില്‍ കൊണ്ടു വന്നതിനെ കടുത്ത ഭാഷയിലാണ് പ്രതിപക്ഷം രാജ്യ സഭയില്‍ വിമർശിച്ചത്. ലോക സാമ്പത്തിക പട്ടികയില്‍ ആദ്യത്തെ 10 സ്ഥാനങ്ങളില്‍ പോലും പെടാത്ത കൊളംബിയ പോലോത്ത രാജ്യങ്ങള്‍ അങ്ങോട്ട് വിമാനമയക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ എന്താണ് അങ്ങനെ ചെയ്യാത്തതെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എം പി സകെത ഗോകുലെ കേന്ദ്രത്തോട് ചോദിച്ചു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലിമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. കോണഗ്രസ് അംഗങ്ങൾക്ക് പുറമെ എ എ പി, സമാജ് വാദി പാര്‍ട്ടി, ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷി അംഗങ്ങളും പ്രതിഷേധങ്ങളിൽ പങ്കെടുത്തു. ‘കുടിയേറ്റക്കാര്‍ ജയില്‍ പുള്ളികളല്ല’ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഇന്നലെയാണ് ഇന്ത്യയിൽ നിന്നുള്ള 104 കുടിയേറ്റക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചത്. കൈയാമമിട്ട് തടവുപുള്ളികളെ കൊണ്ടുവരുന്ന രീതിയിൽ സൈനിക വിമാനത്തിലായിരുന്നു ഇവരെ എത്തിച്ചത്. ട്രംപിന്റെ നടപടി യുഎസിൽ കഴിയുന്ന 18,000 ത്തോളം ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Latest