Connect with us

National

പരാജയം തളര്‍ത്തി; പഞ്ചാബ് എം എല്‍ എമാരുടെ അടിയന്തര യോഗം വിളിച്ച് കെജ്രിവാള്‍

യോഗം പഞ്ചാബിലെ പാര്‍ട്ടിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ തലപൊക്കിയ പശ്ചാത്തലത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പഞ്ചാബില്‍ എ എ പി എം എല്‍ എമാര്‍ കളംമാറാന്‍ ഒരുങ്ങുന്നുവെന്ന സൂചനക്കിടെ പഞ്ചാബില്‍ എം എല്‍ എ മാരുടെയും മന്ത്രിമാരുടെയും അടിയന്തര യോഗം വിളിച്ച് പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍.

പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ പാര്‍ട്ടിയില്‍ ചില അന്തഛിദ്രങ്ങള്‍ തലപൊക്കിയിരുന്നു. ഡല്‍ഹിയിലെ കനത്ത പരാജയം അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാക്കുമെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ അവകാശപ്പെട്ടതിനു പിന്നാലെയാണ് കേജ്രിവാള്‍ ചൊവ്വാഴ്ച അടിയന്തിര യോഗം വിളിച്ചത്.

മുപ്പതോളം എ എ പി എം എല്‍ എമാരുമായി തങ്ങള്‍ ബന്ധപ്പെട്ടു വരികയാണെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. പഞ്ചാബിലെ എ എ പി എം എല്‍ എമാരുമായി തങ്ങളെ വളരെക്കാലമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ആപ്പിനെ ചന്ദ്രനിലേക്ക് അയച്ചെന്നും ഇനി തിരിച്ചുവരില്ലെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ പറഞ്ഞു.

സത്യസന്ധതയുള്ള പാര്‍ട്ടി എന്നറിയപ്പെടുന്ന എ എ പിയുടെ യഥാര്‍ഥ മുഖം പഞ്ചാബിലെ ജനങ്ങളും കണ്ടു. 2022-ല്‍ പഞ്ചാബികളെ വഞ്ചിച്ച് വോട്ടു നേടാന്‍ കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വലിയ വാഗ്ദാനങ്ങള്‍ നല്‍കി. ഡല്‍ഹിയിലെ ഫലം ആപ്പിന്റെ അവസാനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും പറഞ്ഞു.

അധികാരം നഷ്ടപ്പെട്ട കേജ്രിവാള്‍ ഇനി ബഞ്ചാബില്‍ മുഖ്യമന്ത്രിയായേക്കുമെന്ന് ബി ജെ പിയും പരിഹസിച്ചു. നിലവില്‍ സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ലുധിയാനയില്‍ നിന്ന് കെജ്രിവാള്‍ മത്സരിച്ച് പഞ്ചാബ് സര്‍ക്കാരില്‍ ചേരാനുള്ള സാധ്യതയുണ്ടെന്നും കോണ്‍ഗ്രസും പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനം കെജ്രിവാള്‍ ലക്ഷ്യമിടുന്നതായി പഞ്ചാബ് ബിജെ പി നേതാവ് സുഭാഷ് ശര്‍മ്മയും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ക്കുവേണ്ടിയായിരിക്കാം പഞ്ചാബിലെ അടിയന്തിര യോഗമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

 

Latest