feature
മോഹമഞ്ഞ്
മഞ്ഞുകാല രാത്രികൾ തണുക്കും, വെറുങ്ങലിച്ചുനിൽക്കും. ഇശാഅ് നിസ്‌കാരം കഴിഞ്ഞ് പള്ളി പൂട്ടി മാനു ഉസ്താദ് പുറത്തിറങ്ങുമ്പോൾ മീസാൻ കല്ലുകളിൽ മഞ്ഞിന്റെ നനവുണ്ടാകും.മഞ്ഞുകാലത്ത് മാത്രം വിരിയുന്ന പേരറിയാപ്പൂക്കളുടെ സുഗന്ധം പള്ളിക്കാട്ടിൽ ഒഴുകിനടക്കും. അപ്പോൾ ഇരുട്ടിൽ, പള്ളിപ്പറമ്പിലെ പടുകൂറ്റൻ അരയാൽ മരത്തിൽ ഒരു റൂഹാനിക്കിളി ചിലക്കും.
മനസ്സിൽ മഞ്ഞിൻ തണുപ്പിന്റെ സ്ഫടികമണികൾ വീഴ്ത്തിക്കൊണ്ട് വീണ്ടുമൊരു മഞ്ഞുകാലംകൂടി കടന്നുവരുന്നു. പുലരികളിൽ ആകാശം ഭൂമിയിലിറങ്ങിയാലെന്നപോലെ ഹിമമേഘങ്ങൾ വയലേലകളിൽ പതുങ്ങിനിൽക്കുന്നു. ദൂരെ മലഞ്ചെരുവുകളിൽ ആകാശവും ഭൂമിയും തമ്മിലുള്ള അതിർവരകൾ മാഞ്ഞുപോകുന്നു.
അതിരാവിലെ ജനാലയിൽ വന്നു മുട്ടിവിളിക്കുന്ന തുഷാരപ്പെണ്ണ്, ജാലകപ്പോള തുറന്നില്ലല്ലോ എന്ന പരിഭവത്തോടെ, വേദനയോടെ ചില്ലുജാലകത്തിൽ കണ്ണീരായി പെയ്തുതീരുന്നു.
ചുവന്നയുടുപ്പണിഞ്ഞ മഞ്ഞുകാല സൂര്യന്റെ മൃദുകിരണങ്ങൾക്ക് എന്തൊരു ഊഷ്മളതയാണ്! ഹരിതാഭയണിഞ്ഞ വയൽപ്പെണ്ണിനു മകരമഞ്ഞ് വെള്ളപ്പുടവ തുന്നും. ദൂരെ കിഴക്കൻമലകൾക്കപ്പുറത്തുനിന്ന് ഒരു മഞ്ഞുകാലപ്പക്ഷി പാടും.
മഞ്ഞിന്റെ കുളിർപ്പുതപ്പിനുള്ളിലേക്ക് ചുരുണ്ടുപോകുന്ന മകരപ്പുലരികൾ. പതിയെ ചാരിയ ജനലഴികൾക്കിടയിലൂടെ, കാമുകിയെപ്പോലെ പമ്മിപ്പമ്മിയെത്തുന്ന സൂര്യവെളിച്ചം.
പനമ്പുഴക്കടവ് മഞ്ഞുകാല പുലരികളിൽ കുളിച്ച് ഈറൻമാറാത്ത കന്യകയാകും. പുഴയിലൂടെ ഒഴുകിനീങ്ങുന്ന മമ്മദ്ക്കയുടെ കടത്തുതോണി എവിടെയോ കണ്ടുമറന്നൊരു ജലച്ചായചിത്രം പോലെ മിഴിവുറ്റതാകും.കിണറ്റിൻകരയിലെ വിറകുപുരയിൽ സുഖസുഷുപ്തയിലാണ്ടുപോകുന്ന കുറുഞ്ഞിപ്പൂച്ച. പൂവുകൾ കൊഴിയുന്ന വെയിലിൽ, മലയടിവാരങ്ങളിൽ ഇലകൾ പറത്തുന്ന കാറ്റ് ചുറ്റിത്തിരിയും.
മഞ്ഞുകാല രാത്രികൾ തണുക്കും, വെറുങ്ങലിച്ചുനിൽക്കും. ഇശാഅ് നിസ്‌കാരം കഴിഞ്ഞ് പള്ളി പൂട്ടി മാനു ഉസ്താദ് പുറത്തിറങ്ങുമ്പോൾ മീസാൻ കല്ലുകളിൽ മഞ്ഞിന്റെ നനവുണ്ടാകും. മഞ്ഞുകാലത്തു മാത്രം വിരിയുന്ന പേരറിയാപ്പൂക്കളുടെ സുഗന്ധം പള്ളിക്കാട്ടിൽ ഒഴുകിനടക്കും. അപ്പോൾ ഇരുട്ടിൽ, പള്ളിപ്പറമ്പിലെ പടുകൂറ്റൻ അരയാൽ മരത്തിൽ ഒരു റൂഹാനിക്കിളി ചിലക്കും.
മകരപ്പുലരികളിൽ തൊടിയിലെ കരിയിലകൾ കൂട്ടി തീകായാത്ത ബാല്യമുണ്ടോ?
ഈർക്കിൾ ചൂലുകൊണ്ട് അടിച്ചുകൂട്ടിയ പിലാവിലയുടെയും മുളയിലകളുടെയും കൂമ്പാരത്തിനു മുന്നിൽ കൈകൾ പിണച്ചുപിടിച്ച് കുന്തിച്ചിരിക്കുന്ന കുസൃതിക്കുരുന്നുകളെ ഇനിയേതു മഞ്ഞുകാലത്താണു നാം കണ്ടുമുട്ടുക?
ന്തൊര് കുളിരാ..! ഉള്ള് കിടുങ്ങുന്നു…
പുല്ലരിഞ്ഞു കറ്റകെട്ടി വിൽക്കാൻ നടവരമ്പിലൂടെ വരിവരിയായി നീങ്ങുന്ന ചെറുമികളുടെ നനഞ്ഞ സ്വരം പുൽത്തകിടിയിലെ പതുപതുത്ത മണ്ണിൽ വീണുചിതറും. മുറ്റത്തെ പുളിമരത്തിന്റെ കുഞ്ഞിലകൾക്കിടയിലൂടെ സൂര്യൻ കതിർക്കറ്റകൾ ചൊരിയും.
വേലിപ്പടർപ്പിൽ നിന്ന് അടർന്നുവീണ കരവീരകപ്പൂക്കളിൽ തുഷാര ബിന്ദുക്കൾ ഉമ്മവെച്ചോമനിക്കും.
മരുഭൂമിയിലെ മഞ്ഞുകാലത്തിന് മറ്റൊരു ചിത്രമാണ്. വസന്തത്തിനുശേഷം വന്നെത്തുന്ന ഈ മനോഹരകാലത്തെ അറബികൾ ആഘോഷിക്കുന്നു. മണൽപ്പരപ്പുകളിൽ കൂടാരങ്ങളും റാന്തൽ വിളക്കുകളും പ്രത്യക്ഷപ്പെടുന്നു. മഞ്ഞുതൂവലുകൾ പൊഴിഞ്ഞുവീഴുന്ന അറേബ്യൻ രാവുകളിൽ കൂടാരങ്ങളിൽനിന്ന് ഗസലുകളുടെയും കവിതകളുടെയും ഈരടികൾ തണുത്ത കാറ്റിൽ ഒഴുകിനടക്കുന്നു. മണൽത്തരികളപ്പോൾ തണുത്തുറഞ്ഞ ജലാശയം പോലെ തോന്നിക്കും. പാതിരാ മഞ്ഞിൽ, നിലാവിൽ രത്‌നത്തരികളെപ്പോലെ അത് വെട്ടിത്തിളങ്ങും.
മലയാളത്തിന്റെ പുണ്യം
എം ടി പറയട്ടെ!
“പതിവിനു വിപരീതമായി ഉച്ചയ്ക്കുതന്നെ മഞ്ഞിറങ്ങി; തടാകത്തിനു മീതെ പൂർണമായ ഒരാവരണം പോലെ അത് വ്യാപിച്ചു. വൈകുന്നേരം മലയിടുക്കിലൂടെ ചീറിയടിക്കാൻ തുടങ്ങിയ കാറ്റിൽ നേർത്ത ജലകണങ്ങൾ തങ്ങിനിന്നു. ദിവസങ്ങൾക്കുശേഷം ഇക്താരയുടെ മർമരം ഒഴുകിയെത്തി. പിറകെ സർദാർജിയുടെ ദുർബലമായ ശബ്ദവും.
ജാലകക്കീറ് പാതി തുറന്നപ്പോൾ തണുത്ത കാറ്റിൽ ശരീരം വിറച്ചു. മഞ്ഞിലൂടെ “ഗോൾഡൻ നൂക്കി’ന്റെ പ്രകാശം പുരണ്ട കണ്ണാടിച്ചില്ലുകൾ ഇളംമഞ്ഞ നിറത്തിൽ തെളിഞ്ഞു കണ്ടു.
“ഉംഗലിയകുട്ടകാനീ..
അഖ്ഖാം ദാ കജ്ജലാമൈം…’
കാറ്റിന്റെ ഇരമ്പത്തെയും ജയിച്ചുകൊണ്ട് ഇക്താരയുടെ സ്വരമുയർന്നു…’
(മഞ്ഞ് – എം ടി)