Kerala
സ്റ്റോപ് അനുവദിച്ചിട്ടും മെമു ചെറിയനാട് നിര്‍ത്തിയില്ല; സ്വീകരിക്കാനെത്തിയ എം പിയും നേതാക്കളും നിരാശരായി മടങ്ങി
ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു
ആലപ്പുഴ | ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിന്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ച കൊല്ലം – എറണാകുളം മെമു ട്രെയിന്‍ ആണ് ചെറിയനാട് നിര്‍ത്താതെ പോയത്.രാവിലെ ട്രെയിനിനെ സ്വീകരിക്കാന്‍ എംപി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു. ട്രെയിന്‍ നിര്‍ത്താതെ പോയതോടെ നേതാക്കളും യാത്രക്കാരും നാട്ടുകാരും നിരാശരായി മടങ്ങി.
രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും യാത്രക്കാരും മെമുവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. നിരന്തരം ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റോപ്പ് അനുവദിച്ചതും എം പിയും നേതാക്കളും സ്വീകരിക്കാനെത്തിയതും.
ചെറിയനാട് ട്രെയിന്‍ നിര്‍ത്താതെ വന്നതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാര്‍ പ്രതിസന്ധിയിലായി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തിരികെ വരുമ്പോള്‍ മുതല്‍ ട്രെയിന്‍ ചെറിയനാട് നിര്‍ത്തുമെന്നും അവര്‍ അറിയിച്ചു.