Connect with us

National

കൂട്ടബലാത്സംഗത്തില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല;യുപിയില്‍ ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ പുരോഗതിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നാരോപിച്ച് യുവതിയും ഭര്‍ത്താവും ആത്മഹത്യക്ക് ശ്രമിച്ചു. പരാതി നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തില്ലെന്നാണ് ആരോപണം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ബുധനാഴ്ചയായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും ചികിത്സയില്‍ തുടരുകയാണ്.

ശനിയാഴ്ച വഴിയില്‍ വാഹനം കാത്ത് നില്‍ക്കുന്നതിനിടെ പ്രതിയായ അങ്കിത് യുവതിയെ തന്റെ ബൈക്കില്‍ സ്ഥലത്തെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നാലെ സ്ത്രീയെ സമീപത്തെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അങ്കിതും സുഹൃത്തുക്കളായ നാല് പേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. കുറ്റകൃത്യത്തിന് ശേഷം ബോധരഹിതയായ യുവതിയെ അങ്കിത് ആശുപത്രിയിലെത്തിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിലെത്തിയ യുവതിയുടെ ഭര്‍ത്താവ് ഉടന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ അങ്കിതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അങ്കിത് മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. അങ്കിതിന്റെ കൂടെയുണ്ടായിരുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസില്‍ പുരോഗതിയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ദമ്പതികളുടെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷന് മുന്നിലും ആശുപത്രിക്ക് മുന്നിലുമെത്തി പ്രതിഷേധിച്ചിരുന്നു.

 

 

Latest