niyamasbha
19 പേരുണ്ടായിട്ടും എന്തേ പാര്‍ലിമെന്റിലേക്ക് സൈക്കിളില്‍ പോകുന്നില്ല: ധനമന്ത്രി
നികുതി കുറക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം | 19 പേരുണ്ടായിട്ടും എന്തുകൊണ്ട് പാര്‍ലിമെന്റിലേക്ക് സൈക്കിളില്‍ പോകുന്നില്ലെന്ന് പ്രതിപക്ഷത്തോട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം ഇന്ധന നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തിയത് സൈക്കിളിലായിരുന്നു. ഇതിനെ പരിഹസിച്ചാണ് ധനമന്ത്രിയുടെ പ്രതികരണം. സംസ്ഥാനം ഇന്ധന നികുതി കുറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൂട്ടിയവര്‍ തന്നെ കുറക്കട്ടെയെന്നും ധനമന്ത്രി നിയസഭയില്‍ പറഞ്ഞു. സംസ്ഥാനം ആറ് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്രത്തിന്റെ നികുതി കുറഞ്ഞപ്പോള്‍ കേരളവും കുറച്ചു. ഇനിയും കുറക്കേണ്ടത് കേന്ദ്രമാണെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ധന നികുതി കുറക്കാത്തതില്‍ സൈക്കിള്‍ ചവിട്ടി സഭയിലെത്തിയ സഭക്കുള്ളിലും ശക്തമായ പ്രതിഷേധം നടത്തി. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സബ്‌സിഡി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. യു ഡി എഫ് ഭരണകാലത്ത് 493 കോടിയാണ് ലഭിച്ചിരുന്നത്. എല്‍ ഡി എഫ് ഭരണകാലത്ത് 5000 കോടിയാണ് അധിക വരുമാനമായി ലഭിക്കുന്നത്. ഇതില്‍ നിന്ന് സബ്‌സിഡി നല്‍കണം. എത്ര സംസ്ഥാനം കുറച്ചാലും ഞങ്ങള്‍ കുറക്കില്ലെന്നത് സര്‍ക്കാറിന്റെ പിടിവാശിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ നികുതി കുറക്കില്ലെന്ന് ധനമന്ത്രി ആവര്‍ത്തിച്ചതോടെ പ്രതിപക്ഷം നടത്തുളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും പിന്നീട് സഭ ബഹിഷ്‌ക്കരിക്കുകയുമായിരുന്നു. യു ഡി എഫ് ആലോചിച്ച് തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും നികുതി കുറക്കുന്നതുവരെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.