delhi election 2025
കനത്ത തോൽവിയിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് എ എ പി
മുസ്ലിം ഭൂരിപക്ഷമുള്ള 7 സീറ്റുകളില്‍ 6 എണ്ണത്തിലും എഎപി സ്ഥാനാർഥികൾ വിജയിച്ചു.
![](https://assets.sirajlive.com/2025/02/aap-flag-898x538.jpg)
ന്യൂഡൽഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പിക്ക് മുതിര്‍ന്ന നേതാക്കളുടെ തോല്‍വിയടക്കം തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള 7 സീറ്റുകളില്‍ 6 എണ്ണത്തിലും എഎപി സ്ഥാനാർഥികൾ വിജയിച്ചു. ചാന്ദ്‌നി ചൗക്, മതിയ മഹല്‍, ബാബര്‍പൂര്, സീലംപൂര്, ഒക്ല, ബല്ലിമരാന്‍ മണ്ഡലങ്ങളിലാണ് പാർട്ടി വിജയം നേടിയത്. അസദുദ്ദീൻ ഉവൈസിയുടെ എ ഐ എം ഐ എം മത്സരിച്ച മുസ്തഫാബാദിലാണ് എഎപി തോറ്റത്.
2020 ലെ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ 7 സീറ്റുകളിലും എഎപിക്കായിരന്നു വിജയം. ഇത്തവണ ഈ മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറയാനുള്ള സാധ്യത എഎപി മുന്നില്‍ കണ്ടിരുന്നു. 2020 ല്‍ നടന്ന സി എ എ പ്രതിഷേധത്തില്‍ ബി ജെ പി യെ വെല്ലുവിളിച്ച് മുസ്ലിം സമൂഹത്തിന് വേണ്ടി ശക്തായ നിലപാടെടുക്കാൻ എഎപിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ ആകെ പ്രകടത്തില്‍ ആശ്വാസമായത് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ വിജയവാര്‍ത്തകളാണ്.
2020ലെ തിരഞ്ഞെടുപ്പില്‍ വെറും 16 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചപ്പോള്‍ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ചെറിയ പാര്‍ട്ടികളായ ബി എസ് പി, എ ഐ എം ഐ എം പോലുള്ള പാര്‍ട്ടികളില്‍ നിന്ന് ഇരട്ടി മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. ഉവൈസിയുടെ എ ഐ എം ഐ എം ഒക്ലയിലും മുസ്തഫാബാദിലും മത്സരിച്ചു. രണ്ടിടങ്ങളിലും പരാജയപ്പെട്ടു. ഒക്ലയില്‍ മത്സരിച്ച ഷിഫ ഉല്‍ റഹ്‌മാന്‍ ഖാന്‍ 18,881 വോട്ടുകള്‍ നേടിയപ്പോള്‍ മുസ്തഫാബാദിൽ മത്സരിച്ച താഹിര്‍ ഹുസൈന്‍ 33,474 വോട്ടുകള്‍ നേടി. ഇവിടെ എ എ പി സ്ഥാനാര്‍ത്ഥി ബി ജെ പി സ്ഥാനാര്‍ത്ഥിയായ മോഹന്‍ സിങ് ബിഷ് നോട് 18000 വോട്ടിനാണ് പരാജയപ്പെട്ടത്.
തിരഞ്ഞടുപ്പ് തുടക്കത്തിലേ ന്യൂനപക്ഷ വേട്ട് ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് പ്രചരണം നടത്തിയതെങ്കിലും അതൊന്നും വോട്ടായി മാറിയിട്ടില്ല എന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. മുസ്ലിം വോട്ടര്‍മാരുടെ കൂടെ നില്ക്കുമെന്നെ് വിശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല എന്ന് പാര്‍ട്ടി നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
മുസ്ലിം വോട്ടുകളോടൊപ്പം ചേരി പ്രദേശങ്ങളിലെ വോട്ടുകളായിരുന്നു എ എ പിയുടെ വോട്ടുകളില്‍ പ്രധാന പങ്ക് വഹിച്ചിരുന്നത്. 2015 ലെയും 2020 ലെയും തിരഞ്ഞടുപ്പില്‍ യഥാക്രമം 70ല്‍ 67, 62 സീറ്റുകള്‍ നേടിയ എ എ പി ഇത്തവണ 22 സീറ്റുകളിലേക്ക് ചുരുങ്ങുന്നതാണ് കണ്ടത്.