International
വെടിനിർത്തലിന് വഴിതെളിഞ്ഞിട്ടും ആക്രമണത്തിന് അറുതിയില്ല
ബെയ്‌റൂത്തിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കനത്ത വ്യോമാക്രമണമുണ്ടായത്
ബെയ്‌റൂത്ത് | ലബനാനിൽ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ചർച്ച ചെയ്യുന്നതിനായി ഇസ്‌റാഈൽ മന്ത്രിസഭ ചേരുന്നതിന് മുമ്പായി ബെയ്‌റൂത്തിൽ വ്യാപക വ്യോമാക്രമണം നടത്തി ഇസ്‌റാഈൽ. നയതന്ത്ര ചർച്ചയിലൂടെ ആക്രമണം അവസാനിപ്പിക്കാൻ വഴിതെളിഞ്ഞിട്ടും ക്രൂരമായ ആക്രമണം ഇസ്‌റാഈൽ തുടരുകയാണ്. ബെയ്‌റൂത്തിലെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലാണ് കനത്ത വ്യോമാക്രമണമുണ്ടായത്.
120 സെക്കൻഡുകൾക്കുള്ളിൽ 20 ലക്ഷ്യകേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടു. 24 മണിക്കൂറിനിടെ 31 പേരാണ് ലബനാനിലുടനീളം കൊല്ലപ്പെട്ടത്.
ഹിസ്ബുല്ലയുടെ നാവിക മിസൈൽ യൂനിറ്റും കമാൻഡ് ഹെഡ്ക്വാർട്ടേഴ്‌സും തകർത്തതായാണ് ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടത്. ഇതോടെ ഈ ആഴ്ച തെക്കൻ ബെയ്‌റൂത്തിൽ ഹിസ്ബുല്ലയുടെ 30 കേന്ദ്രങ്ങൾ തകർത്തതായി സൈന്യം പറഞ്ഞു. 2023 ഒക്‌ടോബർ മുതൽ ലബനാനിൽ മാത്രം ഇസ്‌റാഈൽ ആക്രമണത്തിൽ 3,700ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപോർട്ട്. ഇതിൽ കൂടുതലും സാധാരണക്കാരാണ്.
20 സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കൽ ഉത്തരവാണിത്.
അതിനിടെ, തീരനഗരമായ സ്വൂറിലെ ഹിസ്ബുല്ലയുടെ ഓപറേഷൻ യൂനിറ്റ് തലവനെ വധിച്ചതായി ഇസ്‌റാഈൽ സൈന്യം അവകാശപ്പെട്ടു. ഇസ്‌റാഈൽ പ്രദേശമായ പടിഞ്ഞാറൻ ഗലീലിയിലേക്ക് നിരവധി ടാങ്ക്‌വേധ മിസൈലുകൾ തൊടുത്തതിന് നേതൃത്വം നൽകിയയാളാണ് വധിക്കപ്പെട്ട കമാൻഡറെന്നും സൈന്യം പറഞ്ഞു. എന്നാൽ ഇക്കാര്യം ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല.