agriculture
കണ്ണീർക്കഥകൾക്കിടയിലും പ്രതീക്ഷയോടെ കപ്പ കർഷകർ കൃഷിയിറക്കുന്നു
കപ്പ കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു പല കർഷകരും കഴിഞ്ഞ തവണ കൃഷിയിറക്കിയത്
വൈത്തിരി | കപ്പ കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു പല കർഷകരും കഴിഞ്ഞ തവണ കൃഷിയിറക്കിയത്. എന്നാൽ കാലം തെറ്റിയുള്ള മഴ കപ്പ കൃഷിക്കാരെ നിരാശരാക്കി. കപ്പ കൃഷിക്ക് അനുയോജ്യമായ മണ്ണും അന്തരീക്ഷവുമാണ് ജില്ലയിൽ മിക്കയിടത്തുമെന്നിരിക്കെ നല്ലൊരു ലാഭം കൊയ്യാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ കൃഷി ആരംഭിച്ചത്.
എന്നാൽ 10 രൂപക്ക് പോലും എടുക്കാൻ ആളില്ലാതെ പലരും കപ്പ വെറുതെ കൊടുക്കുകയായിരുന്നു.
മാർക്കറ്റിൽ ഒരുപാട് കപ്പ ഒരുമിച്ച് വന്നപ്പോൾ അവിടെയും ചെലവാകാതെ വന്നു. ഒക്്ടോബർ, നവംബർ മാസങ്ങളിലായുന്നു വിളവെടുക്കാനുള്ള സമയം. എന്നാൽ അപ്പോഴാണ് അപ്രതീക്ഷിതമായി മഴ പെയ്തത്.
ലോണെടുത്തും വായ്്പയെടുത്തും കൃഷിയിറക്കിയവർ നിരവധിയാണ്. എന്നാൽ മുടക്കു മുതലിന്റെ പകുതി പോലും കപ്പ കൃഷിയിലൂടെ നേടാൻ സാധിച്ചില്ലെന്ന് പാട്ടത്തിനെടുത്ത് കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പഴയ വൈത്തിരി സ്വദേശി മുഹമ്മദ് സിറാജിനോട് പറഞ്ഞു.
അതേ സമയം അടുത്ത വർഷമെങ്കിലും ലാഭം കിട്ടുമെന്ന പ്രതീക്ഷയോടെ വീണ്ടും കൃഷിയിറക്കിയിരിക്കുകയാണദ്ദേഹം.
കൂട്ടത്തോടെയെത്തുന്ന പന്നികൾ കപ്പ നശിപ്പിക്കുന്നതാണ് മറ്റൊരു വെല്ലുവിളി. നിരവധി പ്രദേശങ്ങളിൽ പന്നി ശല്യം കാരണം കൃഷി ഭൂമിക്കു ചുറ്റും വേലി കെട്ടിയും മറ്റും ചെയ്തിരിക്കുകയാണ് പല കർഷകരും.
കൃഷി നഷ്ടം നികത്താൻ പഞ്ചായത്തിലും കൃഷി ഭവനിലുമെല്ലാം കർഷകർ മുറപോലെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ന്യായമായ നഷ്്ട പരിഹാരം ലഭിക്കാത്ത അനുഭവങ്ങളാണ് കർഷകർക്ക് പലയിടത്തും പറയാനുള്ളത്.