Kerala
ഇലക്ട്രിക് ബസില്‍ വിശദ റിപോര്‍ട്ട് നല്‍കണം; കെ എസ് ആര്‍ ടി സി എം ഡിക്ക് നിര്‍ദേശം നല്‍കി മന്ത്രി
ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കണം. ബുധനാഴ്ച റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
തിരുവനന്തപുരം | ഇലക്ട്രിക് ബസില്‍ വിശദമായ റിപോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സി എം ഡിയോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കണം. ബുധനാഴ്ച റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സി പി എം രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയല്ല, മന്ത്രിസഭയല്ലേ തീരുമാനമെടുക്കേണ്ടതെന്നും ഗോവിന്ദന്‍ ചോദിച്ചു.
ഇലക്ട്രിക് ബസുകള്‍ ലാഭകരമാക്കാനാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്ന് വട്ടിയൂര്‍കാവ് എം എല്‍ എ. വി കെ പ്രശാന്ത് പ്രതികരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭകരമാക്കാനും കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കാനുമാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്നുമായിരുന്നു എം എല്‍ എയുടെ എഫ് ബി പോസ്റ്റ്.
ഇലക്ട്രിക് ബസുകള്‍ വിജയകരമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും തുച്ഛമായ ലാഭം മാത്രമാണ് കിട്ടുന്നതെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത്.