Kerala
സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു
സിബി മാത്യൂസിനെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
കൊച്ചി| സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിനെതിരെ കേസെടുത്ത് പോലീസ്. മണ്ണന്തല പോലീസാണ് കേസെടുത്തത്. സിബി മാത്യൂസിന്റെ നിര്‍ഭയം എന്ന ആത്മകഥയിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും മാതാപിതാക്കളുടെ പേര്, താമസസ്ഥലം, അതിജീവിത പഠിച്ച സ്‌കൂളിന്റെ പേര് തുടങ്ങിയവ ആത്മകഥയില്‍ പറയുന്നുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിജീവിത ആരാണെന്ന് തിരിച്ചറിയാനാകുമെന്നാണ് കോടതിയുടെ നിരീക്ഷണം.
സിബി മാത്യൂസിനെതിരായ പരാതി പരിഗണിച്ച് ഏഴ് ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പോലീസിന് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്. മുന്‍ പോലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.