Kerala
കെ എം എബ്രഹാമിനെതിരായ സി ബി ഐ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്
കെ എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്‌ളാറ്റ് വാങ്ങിയതില്‍ അന്വേഷണം നടത്തുമെന്ന് എഫ് ഐ ആറില്‍ പറയുന്നു

തിരുവനന്തപുരം | മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ കെ എം എബ്രഹാമിന്റെ 2003 ജനുവരി ഒന്നു മുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള 12 വര്‍ഷക്കാലത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന സി ബി ഐ തയ്യാറാക്കിയ എഫ് ഐ ആറിന്റെ പകര്‍പ്പ് പുറത്ത്.
നിലവില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സി ഇ ഒയുമാണ് എബ്രഹാം. 2016 ലാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ കെ എം എബ്രഹാമിന് എതിരായി വിജിലന്‍സിന് സമീപിച്ചത്. കെ എം എബ്രഹാം തിരുവനന്തപുരത്തും മുംബൈയിലും ഫ്‌ളാറ്റ് വാങ്ങിയതില്‍ അന്വേഷണം നടത്തുമെന്ന് എഫ് ഐ ആറില്‍ പറയുന്നു. കെ എം എബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഇക്കഴിഞ്ഞ 25 നു സി ബി ഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.
തിരുവനന്തപുരത്ത് ഒരു കോടി രൂപയുടെ ഫ്‌ളാറ്റ് വാങ്ങിയത്, മുംബൈയിലെ മൂന്ന് കോടി രൂപയുടെ ഫ്‌ളാറ്റ്. കൊല്ലം കടപ്പാക്കടയിലെ എട്ടുകോടി രൂപയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് ഇടപാട് എന്നിവ അടക്കമുള്ള കാര്യങ്ങള്‍ സി ബി ഐ വിശദമായി അന്വേഷിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സി അന്വേഷണം ഏറ്റെടുത്തത്.
അഴിമതി നിരോധന നിയമപ്രകാരമാണ് സി ബി ഐ എഫ് ഐ ആര്‍. കെ എം എബ്രഹാമിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആയിരുന്നു കോടതിയെ സമീപിച്ചത്.