Connect with us

Prathivaram

വഴിമാറിയ സമരചരിതം

ആയിരത്തിലധികം സ്വാതന്ത്ര്യ സമരഭടന്മാർ ഒരേ കണ്ഠത്തിൽ ഏറ്റുപാടി കൊണ്ട് പയ്യന്നൂരിന് സമീപ പ്രദേശമായ രാമന്തളിയുടെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് പൂച്ചാൽ കടപ്പുറത്തേക്കുള്ള ആവേശോജ്ജ്വലമായ ഉപ്പുസത്യാഗ്രഹ സമര യാത്ര നടന്നു നീങ്ങിയത് ദേശീയ പ്രസ്ഥാന ചരിത്രത്തിലെ മഹത്തായ ഏടുകളിലൊന്നായി മാറേണ്ടതായിരുന്നെങ്കിലും ചരിത്രം വഴിമാറുകയായിരുന്നു.

Published

|

Last Updated

വരിക വരിക സഹജരെ
സഹന സമര സമയമായ്
കരളുറച്ചു കൈകൾ കോർത്തു
കാൽനടയ്ക്കു പോക നാം …..

ആയിരത്തിലധികം സ്വാതന്ത്ര്യ സമരഭടന്മാർ ഒരേ കണ്ഠത്തിൽ ഏറ്റുപാടി കൊണ്ട് പയ്യന്നൂരിന് സമീപ പ്രദേശമായ രാമന്തളിയുടെ തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് പൂച്ചാൽ കടപ്പുറത്തേക്കുള്ള ആവേശോജ്ജ്വലമായ ഉപ്പുസത്യാഗ്രഹ സമര യാത്ര നടന്നു നീങ്ങിയത് ദേശീയ പ്രസ്ഥാന ചരിത്രത്തിലെ മഹത്തായ ഏടുകളിലൊന്നായി മാറേണ്ടതായിരുന്നെങ്കിലും ചരിത്രം വഴിമാറുകയായിരുന്നു. എങ്കിലും രേഖപ്പെടുത്താതെ പോയ ചരിത്ര പോരാട്ടത്തിന്റെ സ്മരണകൾ രാമന്തളിയുടെ ഓർമകളിലെ ത്യാഗോജ്ജ്വല ഏടായി ഇന്നും അവശേക്ഷിക്കുന്നുണ്ട്. ചരിത്രം തീർത്തും വിസ്മരിച്ചെങ്കിലും കേരളത്തിലെ ആദ്യ നിയമ ലംഘന സമരത്തിന്റെ മഹത്തായ പോരാട്ട കഥയുണ്ട് തിരുശേഷിപ്പായി രാമന്തളിയുടെ ചരിത്ര ഹൃദയത്തിൽ. ചരിത്രത്തിൽ നിന്നും പാടെ മറഞ്ഞുപോയ ഒരു നാടിന്റെ സമരകഥ.

1930 മാർച്ച് 9 ന് വടകരയിൽ നടന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് രാമന്തളി പൂച്ചാൽ കടപ്പുറത്ത് ഉപ്പു കുറുക്കി നിയമ ലംഘനം നടത്താൻ തീരുമാനം എടുക്കുന്നത്. ഇതിനായി കെ കേളപ്പൻ, മൊയാരത്ത് ശങ്കരൻ , സി എച്ച് ഗോവിന്ദൻ നമ്പ്യാർ എന്നിവരെ ചുമതലപ്പെടുത്തി. ഏപ്രിൽ 13 നാണ് ചരിത്രത്തിലേക്കുള്ള യാത്രയായി കെ കേളപ്പന്റെ നേതൃത്വത്തിൽ 32 സമരഭടന്മാർ പയ്യന്നൂരിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഏപ്രിൽ 20 നാണ് സമര ജാഥ പയ്യന്നൂരിൽ എത്തിയത്. അന്ന് കൊറ്റിക്കടവിന് സമീപത്തുള്ള സാമുവൽ ആറോന്റെ ബംഗ്ലാവിൽ താമസിച്ച സമരഭടന്മാർ 21 ന് രാവിലെ ഉപ്പു കുറുക്കി നിയമ ലംഘനം നടത്തുന്നതിനായി പൂച്ചാൽ കടപ്പുറത്തേക്ക് പുറപ്പെട്ടു.

കെ കേളപ്പന്റെ നേതൃത്വത്തിൽ ജാഥയായി കുറുങ്കടവിൽ എത്തിയ സമരഭടന്മാരെ സി എച്ച് ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള ആയിരത്തോളം സമര പ്രവർത്തകരാണ് സ്വീകരിച്ച് പൂച്ചാൽ കടപ്പുറത്തേക്ക് ആനയിച്ചത്. രാമന്തളിയുടെ തെരുവീഥികളിലൂടെ മുദ്രാവാക്യം വിളിച്ച് ജാഥയായ് നീങ്ങിയ സമരപ്പോരാളികൾ പൂച്ചാൽ കടപ്പുറത്ത് ദേശസ്‌നേഹികളായ പതിനായിരങ്ങളെ സാക്ഷിനിർത്തി കടലിൽ ഉപ്പു കുറുക്കി നിയമ ലംഘനം നടത്തി. കേരളത്തിലെ ആദ്യ ഉപ്പു കുറുക്കൽ സമരം പൂച്ചാൽ കടപ്പുറത്ത് നടന്നെങ്കിലും അറസ്റ്റ് നടന്നില്ല.
വൈകുന്നേരത്തോടെ കുറുക്കിയ ഉപ്പ് പാക്കറ്റുകളിലാക്കി തിരിച്ച് കൊറ്റിയിലെ സാമുവൽ ആറോണിന്റെ ബംഗ്ലാവിലെത്തിയ സമരഭടന്മാർ യോഗം ചേർന്നു. പിറ്റേ ദിവസം രാവിലെ അക്കാലത്ത് കണ്ണൂർ കാസർകോട് ജില്ലയിലെ പ്രധാന സഞ്ചാരവഴിയായിരുന്ന ഉളിയത്തുകടവിൽ വെച്ച് പൂച്ചാലിൽ കുറുക്കിയ ഉപ്പ് പരസ്യമായി ലേലം ചെയ്തു. ഇവിടെ വെച്ചാണ് ബ്രിട്ടീഷ് പോലീസ് നിയമ ലംഘനത്തിന് മൊയ്യാരത്ത് ശങ്കരൻ, സി എച്ച് ഗോവിന്ദൻ നമ്പ്യാർ, സുബ്രമണ്യൻ തിരുമുമ്പ്, മാക്കുനി ശങ്കരൻ, എ ലക്ഷ്മണ ഷേണായി, എ കെ വാര്യർ, പി സി കുഞ്ഞമ്പു അടിയോടി എന്നീ സമരഭടന്മാരെ അറസ്റ്റു ചെയ്തത്.

കേരളത്തിൽ ആദ്യ നിയമ ലംഘന പ്രസ്ഥാനത്തിന് തുടക്കം കുറിച്ച രാമന്തളി പൂച്ചാൽ കടപ്പുറത്ത് കെ കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ഉപ്പു കുറുക്കൽ സമരത്തിൽ അറസ്റ്റ് നടന്നിരുന്നുവെങ്കിൽ ചരിത്രം വഴിമാറുമായിരുന്നു. പൂച്ചാൽ കടപ്പുറത്ത് കുറുക്കിയ ഉപ്പ് സ്ത്രീകൾ അടക്കമുള്ളവർ ശേഖരിക്കുകയും അത് വീടുകളിൽ മൺകലങ്ങളിൽ സൂക്ഷിച്ച് വെച്ച് കാലങ്ങളോളം ഉപയോഗിക്കുകയു ചെയ്തത് നിശബ്ദ വിപ്ലവത്തിന്റെ ഭാഗമായി. ദേശീയ പ്രസ്ഥാന പോരാട്ട ചരിത്ര ഭൂപടത്തിൽ സ്ഥാനം പിടിക്കേണ്ടിയിരുന്ന രാമന്തളി പൂച്ചാൽ കടപ്പുറം ഇന്ന് ലോക പ്രതിരോധ ഭൂപടത്തിൽ സ്ഥാനം പിടിച്ച ഏഴിമല നാവിക അക്കാദമിയുടെ പദ്ധതി പ്രദേശത്തിനകത്താണ്.

---- facebook comment plugin here -----

Latest