Connect with us

aathmeeyam

ചിന്തകൾ വികസിപ്പിക്കുക

ലോകത്തിൽ ഏറ്റവും വേഗതയുള്ളത് ചിന്തകൾക്കാണ്. ചിന്തകളിൽ നിന്നാണ് കർമങ്ങളും ധർമങ്ങളും രൂപപ്പെടുന്നത്. സ്വന്തത്തോട് സ്നേഹം തോന്നുകയും സ്വകഴിവുകൾ തിരിച്ചറിയുകയും പോസിറ്റീവ് ആയി ചിന്തിക്കുകയും ചെയ്യുന്നവർക്കാണ് ജീവിത വിജയം കൈവരിക്കാനാകുന്നത്.

Published

|

Last Updated

ചിന്തിക്കാനും ചിരിക്കാനും കഴിവുള്ള ജീവിയാണ് മനുഷ്യൻ. സ്രഷ്ടാവ് നല്‍കിയ അതിശ്രേഷ്ഠ ദാനമാണത്. ‘ചിന്തിക്കുന്ന ജീവി’ എന്നാണ് മനുഷ്യന് ചിലർ നൽകിയ നിർവചനം തന്നെ. മനുഷ്യ മനസ്സിന്റെ വ്യാപാരത്തിനാണ് ചിന്ത എന്ന് പൊതുവിൽ പറയുന്നത്. ഏതൊരു കാര്യവും ചെയ്യുന്നതിലും ചെയ്യാതിരിക്കുന്നതിലുമുള്ള മനസ്സിന്റെ അന്ത്യാഭിപ്രായമാണ് ചിന്തയിലൂടെ ഉരുത്തിരിയുന്നത്. ലോകത്തിൽ ഏറ്റവും വേഗതയുള്ളത് ചിന്തകൾക്കാണ്. ചിന്തകളിൽ നിന്നാണ് കർമങ്ങളും ധർമങ്ങളും രൂപപ്പെടുന്നത്. സ്വന്തത്തോട് സ്നേഹം തോന്നുകയും സ്വകഴിവുകൾ തിരിച്ചറിയുകയും പോസിറ്റീവ് ആയി ചിന്തിക്കുകയും ചെയ്യുന്നവർക്കാണ് ജീവിത വിജയം കൈവരിക്കാനാകുന്നത്.

നെഗറ്റീവ് ചിന്തകൾ അപകർഷതയിലേക്കും പരാജയത്തിലേക്കും നയിക്കും. താൻ ഒന്നിനും കൊള്ളില്ലാ എന്ന വിചാരമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പാപമെന്ന് വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. അനാവശ്യമായി ചിന്തിക്കുന്നവരാണ് മനോരോഗികളാകുന്നവരിലധികവും.
മനുഷ്യന്‍ തന്റെ ജീവിതപാത തിരഞ്ഞെടുക്കുന്നതില്‍ ചിന്തയുടെ സ്വാധീനം വളരെ വലുതാണ്. ഓരോ ചിന്തക്കും ഒരുപാട് സാധ്യതകളുണ്ട്. ശരീരത്തിന്റെ ആരോഗ്യം, മനസ്സിന്റെ ശക്തി, ജീവിതവിജയം, ആനന്ദം, അഭിനന്ദനം, പെരുമാറ്റം തുടങ്ങിയവയെല്ലാം ചിന്തകളുടെ സ്വഭാവത്തെയും ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു. നല്ല ചിന്തകളും ശുഭ ഭാവനകളുമാണ് മനുഷ്യന്റെ ഏറ്റവും വലിയ വഴികാട്ടികൾ. പോസിറ്റീവായ മനോഭാവമുള്ളവരിൽ ആത്മവിശ്വാസവും ഉറച്ച തീരുമാനവുമുണ്ടാകും. അത് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രപഞ്ച നാഥൻ തന്നെ കൈവെടിയുകയില്ല എന്ന ഉറച്ച വിശ്വാസത്തിലെത്തിക്കും. അത്തരക്കാർക്ക് പരാജയങ്ങളെ പുഞ്ചിരിയോടെ തരണം ചെയ്യാൻ സാധിക്കുകയും ചെയ്യും. ക്രിയാത്മക ചിന്തയുള്ളവർക്ക് നൂതനമായ ആശയങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പോസിറ്റീവ് ചിന്തകൾ മാനസികാരോഗ്യം നൽകുന്നതോടൊപ്പം ശാരീരികാരോഗ്യം നിലനിർത്താൻ സഹായിക്കും.

ദുർചിന്തകൾ മനസ്സിനെ മലിനമാക്കുകയും ദുഃഖത്തില്‍ ആഴ്ത്തുകയും മാനസിക പിരിമുറുക്കമുണ്ടാക്കുകയും ചെയ്യും. മനസ്സിലെ അസുഖകരമായ ചിന്തകൾ ശരീരത്തെയും മനസ്സിനെയും ക്ഷീണിപ്പിക്കും. ഉത്കണ്ഠകളും വിദ്വേഷങ്ങളും ഒഴിവാക്കുക, അപര്യാപ്തതയുടെയും കുറ്റബോധത്തിന്റെയും വികാരങ്ങൾ അവസാനിപ്പിക്കുക, സന്തോഷകരമായ അനുഭവങ്ങളും ആശയങ്ങളും മനസ്സിൽ കൊണ്ടുവരിക ഇതെല്ലാമാണ് മനസ്സിന് ആനന്ദം നൽകാനുള്ള വഴികൾ.
വിശുദ്ധ ഖുർആൻ ചിന്തക്കും മനനത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ചിന്താ ചക്രവാളങ്ങളിലേക്ക് മനുഷ്യമനസ്സിനെ പിടിച്ചുവലിക്കുകയാണ് വിശുദ്ധ ഖുര്‍ആനിലെ ധാരാളം സൂക്തങ്ങൾ. പ്രാപഞ്ചിക പ്രതിഭാസങ്ങളും മറ്റും നിരീക്ഷിക്കാനുള്ള അഭ്യര്‍ഥനയോടെയാണ് പലയിടങ്ങളിലും സൂക്തങ്ങൾ അവസാനിക്കുന്നത്. ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നും ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്നും പര്‍വതങ്ങള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടുവെന്നും ഭൂമി എങ്ങനെ വിരിച്ചിടപ്പെട്ടുവെന്നുമെല്ലാം ചിന്തിക്കാനുള്ള ആഹ്വാനങ്ങൾ അതിൽ ചിലതാണ്. (സൂറതുൽ ഗാശിയ: 17-20). “അവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. (അൽഹജ്ജ്: 46) “(നബിയേ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്, നിങ്ങള്‍ക്കറിയുമോ? അവര്‍ പറയും: അല്ലാഹുവിന്റെതാണ്. അങ്ങ് പറയുക: എന്നിട്ടും നിങ്ങളെന്താണ് ചിന്തിച്ചുമനസ്സിലാക്കാത്തത്?’ (അൽ മുഅ്മിനൂൻ: 84-85)

“ഖുര്‍ആനിനെ നാം ചിന്തിച്ചുമനസ്സിലാക്കാനായി എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നിട്ടും ആരാണ് ചിന്തിച്ചു മനസ്സിലാക്കാന്‍ തയാറുള്ളത്?’ (അൽ ഖലം:17)
“അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. നിങ്ങള്‍ എന്താണ് ചിന്തിക്കാത്തത്?’ (യൂനുസ്: 3) “ബുദ്ധി ഉപയോഗിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്’ (റഅ്ദ്: 4) എന്നിങ്ങനെ പലയിടത്തായി ഖുർആൻ പറയുന്നു.

മനുഷ്യന്റെ ജിജ്ഞാസയെ തൊട്ടുണർത്തുന്ന ചോദ്യങ്ങളും ചിന്താമണ്ഡലങ്ങളെ തട്ടിയുണർത്തുന്ന ഉപമകളും തിരുനബി(സ്വ)യുടെ അധ്യാപനങ്ങളിൽ ധാരാളമുണ്ട്. ആശയങ്ങൾ കൂടുതൽ വ്യക്തവും സ്പഷ്ടവുമാകാൻ അവിടുണ്ട് ചിത്രങ്ങളും വരകളും ഉപയോഗിച്ചിരുന്നു. നേർമാർഗവും പൈശാചിക വഴികളും വേർതിരിച്ചുമനസ്സിലാക്കി കൊടുക്കാൻ അവിടുന്ന് വരകൾ ഉപയോഗിച്ചത് കാണാം. ഒരിക്കൽ ഒരു നേർരേഖ വരച്ചു. അതിന്റെ ഇരുവശങ്ങളിലും അതിന് ലംബമായി ഏതാനും വരകളും വരച്ചു. മധ്യത്തിലുള്ള നേർരേഖയിലേക്ക് ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ഇതാണ് ഋജുവായ പാത. ഇരു വശങ്ങളിലുമുള്ളത് പിശാചുക്കൾ ക്ഷണിച്ചു കൊണ്ടിരിക്കുന്ന വഴികളാണ്! തുടർന്ന് അവിടുന്ന് താഴെയുള്ള ആശയത്തിൽ ഖുർആൻ സൂക്തം ഓതി. “ഇത് എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിന്തുടരരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽ നിന്ന് നിങ്ങളെ ചിതറിച്ചുകളയും'(അൻആം: 153) (അഹ്മദ്).
മനുഷ്യജീവിതത്തെയും അതിലുണ്ടാവുന്ന ആഗ്രഹാഭിലാഷങ്ങളെയും ആയുസ്സിനിടക്ക് ബാധിക്കുന്ന വിപത്തുകളെയുമെല്ലാം ചിന്തിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി തിരുനബി(സ) ഒരു ചിത്രീകരണം നടത്തിയത് ഹദീസുകളിൽ കാണാം. ഇബ്നു മസ്ഊദ്(റ) പറയുന്നു: ഒരിക്കൽ തിരുനബി(സ) ഒരു സമചതുരം വരച്ചു. പുറത്തേക്ക് നീണ്ടു നിൽക്കുന്ന വിധം അതിന്റെ നടുവിലൂടെ ഒരു വര വരച്ചു. തുടർന്ന്, നടുവിലെ വരയിലേക്കെത്തും വിധം ചതുരത്തിനുള്ളിൽ തന്നെ ചെറിയ ഏതാനും കൊച്ചുവരകൾ വരച്ചു. ശേഷം അവിടുന്ന് പറഞ്ഞു: ഈ നടുവിലുള്ള വര മനുഷ്യൻ. പുറത്തേക്ക് നീണ്ടുനിൽക്കുന്നത് അവന്റെ മോഹങ്ങൾ. ചുറ്റും കാണുന്ന വര അവന്റെ ആയുസ്സും. മറ്റു ചെറിയ വരകൾ അവനെ ബാധിക്കുന്ന വിപത്തുകളും കഷ്ടതകളുമാണ്. വിപത്തുകളിലൊന്നു പിഴച്ചാൽ മറ്റൊന്ന് അവനെ ബാധിക്കുന്നു (ബുഖാരി). ഇബ്‌നു ഉമറിൽ(റ) നിന്നും നിവേദനം: ഒരിക്കല്‍ നബി(സ്വ) അനുചരരോട് ചോദിച്ചു: വിശ്വാസിയുടെ ഉപമ ഇല പൊഴിക്കാത്ത ഒരു മരത്തെ പോലെയാണ്. അത് ഏതാണെന്ന് പറയാമോ? ഏതോ കുഗ്രാമങ്ങളില്‍ വളരുന്ന അപൂര്‍വം സസ്യത്തെക്കുറിച്ചാണെന്ന് കരുതി അനുചരർ അഗാധ ചിന്തയിലാണ്ടു.

ഈന്തപ്പനയെക്കുറിച്ചാണ് തിരുനബി(സ) ചോദിക്കുന്നതെന്ന് എനിക്ക് തോന്നി. പക്ഷേ, എനിക്കത് പറയാന്‍ ലജ്ജ തോന്നി (ഞാന്‍ ചെറുതല്ലേ?) അവര്‍ക്ക് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാതായപ്പോള്‍ അവര്‍ നബി(സ)യോട് തന്നെ ഉത്തരം പറയാന്‍ ആവശ്യപ്പെട്ടു. അവിടുന്ന് പറഞ്ഞു: അത് ഈന്തപ്പനയാണ്. (ബുഖാരി)

Latest