Connect with us

cpm state confrence

ആഗോള നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തണം: സി പി എം നയരേഖ

വന്‍കിട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ പി പി പി മോഡലിലും സ്വകാര്യ മേഖലയിലുമാകാം

Published

|

Last Updated

കൊച്ചി | ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിലേക്ക് കേരളം പോകണമെന്ന് ചൂണ്ടിക്കാട്ടി സി പി എം നയരേഖ. ഉന്നത വിദ്യാഭ്യാസത്തിന് പോയി യുക്രൈനിലും മറ്റും നൂറ്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ സി പി എം സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരി നയരേഖയിലെ കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തതോടെ (പി പി പി)യും വന്‍കിട വിദ്യാഭ്യാസ മേഖലയെ വികസിപ്പിക്കണം. വലിയ ഗവേഷണ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ രൂപവത്ക്കരിക്കണം. ആഗോളതലത്തില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളോട് കിടപിടിക്കുന്ന ഉന്നത കലാലയങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണം.

ബോധന പഠന നിലവാരത്തിന്റെ ഗുണമേന്മയില്‍ കുതിച്ച് ചാട്ടം ഉറപ്പ് വരുത്തി ലോക നിലവാരത്തില്‍ എത്തിക്കാന്‍ പ്രാപ്തമാക്കുന്നതിനുള്ള നടപടികള്‍ വേണം. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണത്തിന് ബദലായി ജനപങ്കാളിത്തത്തോടെ, പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന നയം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണം.

കേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു ധിക്ഷണാകേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവേശനാനുപാതം 37 ശതമാനമാണ്. അത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 50 ശതമാനമാക്കി വര്‍ധിപ്പിക്കുന്നതിന് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സാമൂഹികനീതി ഉറപ്പാക്കിയും നിര്‍ദ്ദിഷ്ട നിലവാര മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് സ്വകാര്യ മേഖലയിലുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും ഉറപ്പ് വരുത്തുകയും വേണം. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ ധനസഹായ പദ്ധതികള്‍, വായ്പകള്‍ എന്നിവ വര്‍ധിപ്പിക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദനമേഖലകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. വിവിധ സര്‍വ്വകലാശാലകളിലെ ഗവേഷണ സ്ഥാപനങ്ങളെ ഇത്തരത്തില്‍ യോജിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനാകണം. ശാസ്ത്ര സാമൂഹികശാസ്ത്ര മാനവിക രംഗങ്ങളിലെ ഗവേഷണ ഫലങ്ങളെ സാമൂഹികതലത്തില്‍ പ്രയോജനപ്പെടുത്തുന്ന രീതികള്‍ വികസിപ്പിക്കാനാകണമെന്നും നയരേഖ പറയുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയില്‍ നാളെയാണ് ചര്‍ച്ച നടക്കുക.